ഇല്ലാത്ത നീതു ജോൺസൺമാരെ ഇറക്കി നടത്തിയ ആ കപടനാടക ക്യാപ്സ്യൂളിൻ്റെ എക്സ്പയറി ഡേറ്റ് ഏതായാലും പെട്ടെന്ന് തന്നെ തീർന്നുപോയി; ശിവശങ്കരൻ എന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അമിത താത്പര്യത്തോടെ ഇടപെട്ടതായി സംശയിക്കപ്പെടുന്ന മുഴുവൻ വൻകിട പദ്ധതികളും സമഗ്രമായ പുന:പരിശോധനക്ക് വിധേയമാക്കുക തന്നെ വേണം; കേരള സർക്കാരിനെ വിമർശിച്ച് വി ടി ബൽറാം എം എൽ എ

കേരള സർക്കാരിനെ വിമർശിച്ച് വി ടി ബൽറാം എം എൽ എ വീണ്ടും രംഗത്ത്. ലൈഫ് പദ്ധതിയിൽ അഴിമതിയാരോപിച്ച് വീട് കിട്ടാനിരുന്ന 140 പേരെ അനിൽ അക്കര ദ്രോഹിക്കുന്നേ എന്ന വിലാപമായിരുന്നു പിന്നീട്. ഇല്ലാത്ത നീതു ജോൺസൺമാരെ ഇറക്കി നടത്തിയ ആ കപടനാടക ക്യാപ്സ്യൂളിൻ്റെ എക്സ്പയറി ഡേറ്റ് ഏതായാലും പെട്ടെന്ന് തന്നെ തീർന്നുപോയി എന്നാണ് അദ്ദേഹം പറയുന്നത് . കുറിപ്പ് ഇങ്ങനെ ;
സ്പ്രിങ്ക്ലർ ഇല്ലെങ്കിൽ കോവിഡ് പ്രതിരോധം ഒരടി മുന്നോട്ടു പോവില്ല, പ്രതിപക്ഷവും മാധ്യമങ്ങളും അതിനെ തകർക്കാൻ നോക്കുന്നേ എന്ന അലമുറയായിരുന്നു ഒരു സമയത്ത് ഇടതു ബുദ്ധിജീവികളുടെ ഫേസ്ബുക്ക് ചുവരുകൾ നിറയെ. അത് ക്യാപ്സൂളാക്കി ഏറ്റെടുത്ത് സ്പ്രിങ്ക്ലറിനെ എതിർത്തവരെ മുഴുവൻ മരണത്തിൻ്റെ വ്യാപാരികളാക്കി ചിത്രീകരിച്ച് തെറിവിളിക്കുകയായിരുന്നു സൈബർ കമ്മികളുടെ ദൗത്യം. ശിവശങ്കരൻ നേരിട്ട് മുൻകൈ എടുത്ത് നടപ്പാക്കിയ സ്പ്രിങ്ക്ലർ കരാർ നിയമാനുസൃതമായിരുന്നില്ല എന്ന് ഇപ്പോൾ സംസ്ഥാന സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ തന്നെ വിധിയെഴുതിയിരിക്കുന്നു. ലൈഫ് പദ്ധതിയിൽ അഴിമതിയാരോപിച്ച് വീട് കിട്ടാനിരുന്ന 140 പേരെ അനിൽ അക്കര ദ്രോഹിക്കുന്നേ എന്ന വിലാപമായിരുന്നു പിന്നീട്. ഇല്ലാത്ത നീതു ജോൺസൺമാരെ ഇറക്കി നടത്തിയ ആ കപടനാടക ക്യാപ്സ്യൂളിൻ്റെ എക്സ്പയറി ഡേറ്റ് ഏതായാലും പെട്ടെന്ന് തന്നെ തീർന്നുപോയി. ഇന്ന് പിണറായി വിജയൻ്റെ വിജിലൻസ് തന്നെ ലൈഫ് കോഴയിൽ ശിവശങ്കരനെ പ്രതി ചേർത്തിരിക്കുകയാണ്.
കെഫോണിനെ അംബാനിക്ക് വേണ്ടി അട്ടിമറിക്കാൻ നോക്കുന്നേ എന്നാണ് പുതിയ വിലാപം. ഇതിൻ്റെ ഇരയാണത്രേ ശിവശങ്കരൻ! ഈ പുതിയ ക്യാപ്സ്യൂളും കമ്മികൾ ഓവർഡോസിൽ ഏറ്റെടുത്തിട്ടുണ്ട്. ശിവശങ്കരനെ നമ്പി നാരായണൻ 2.0 ആക്കാനുള്ള മുൻ നീക്കങ്ങളെല്ലാം പൊട്ടിപ്പാളീസായതുകൊണ്ട് ഇനി ആകെ ബാക്കിയുള്ളത് ഈ കെഫോൺ വിലാപമാണ്. പദ്ധതിയുടെ ഗുണഗണങ്ങൾ വേറെ ചർച്ച ചെയ്യാം. എന്നാൽ ആയിരക്കണക്കിന് കോടിയുടെ വമ്പൻ പദ്ധതികളുടെ മറവിൽ അഴിമതിയും കമ്മീഷൻ ഇടപാടും നടന്നിട്ടുണ്ടെങ്കിൽ അതിനെതിരെ ശബ്ദമുയരുക തന്നെ ചെയ്യും. സ്പ്രിങ്ക്ലർ മുതൽ ലൈഫ് വരെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തിരുന്ന് കിട്ടിയ അവസരത്തിലൊക്കെ വമ്പൻ അഴിമതികൾ നടത്തിയതായി സംശയിക്കപ്പെടുന്ന ശിവശങ്കരനും ടീമും കെഫോണിൽ മാത്രമായി അഴിമതി ചെയ്യാതിരിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. അപ്പോൾ അതിനേക്കുറിച്ചും ബന്ധപ്പെട്ട ഏജൻസികൾ അന്വേഷണം നടത്തിയെന്ന് വരും. വിലപിച്ചിട്ട് കാര്യമില്ല.
തലചായ്ക്കാനിടമില്ലാത്ത 140 കുടുംബങ്ങൾ, കോവിഡിനാൽ മരിച്ചു പോയേക്കാവുന്ന ആയിരങ്ങൾ, ഹൈസ്പീഡ് ഇൻ്റർനെറ്റിനായി കാത്തിരിക്കുന്ന ഗ്രാമീണർ... എന്നിവരുടെയൊക്കെ കദന കഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത് പൊലിപ്പിക്കുന്നത് വെറും ഇമോഷണൽ ബ്ലാക്ക് മെയ്ലിംഗ് ആണ്. ഏത് പദ്ധതിയാണെങ്കിലും അത് കുറേയാളുകൾക്ക് പ്രയോജനം ചെയ്യും. എന്നാൽ അതിൻ്റെ പിറകിൽ അഴിമതിയും ക്രമക്കേടും നടന്നാൽ അത് കണ്ണടക്കേണ്ട വിഷയമല്ല. അത് ചൂണ്ടിക്കാട്ടുകയും തിരുത്തുകയും ഉത്തരവാദികളെ ശിക്ഷിക്കുകയും വേണം. അതിനാണിവിടെ പ്രതിപക്ഷം. അതിനാണിവിടെ മാധ്യമങ്ങൾ, അതിനാണിവിടെ വിജിലൻസ് മുതൽ സിബിഐയും എൻഐഎ യും വരെയുള്ള അന്വേഷണ ഏജൻസികൾ, കോടതികൾ, ജനങ്ങൾ. ഭരണാധികാരികൾ മുന്നോട്ടുവയ്ക്കുന്ന ഉദ്ദേശ്യശുദ്ധി അവകാശവാദങ്ങൾ ബാക്കിയെല്ലാവരും തൊണ്ട തൊടാതെ വിഴുങ്ങുന്ന വ്യവസ്ഥിതിയുടെ പേരല്ല ജനാധിപത്യം. അത് അക്കൗണ്ടബിലിറ്റിയുടെ വ്യവസ്ഥിതിയാണ്.
അതുകൊണ്ട് ശിവശങ്കരൻ എന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അമിത താത്പര്യത്തോടെ ഇടപെട്ടതായി സംശയിക്കപ്പെടുന്ന മുഴുവൻ വൻകിട പദ്ധതികളും സമഗ്രമായ പുന:പരിശോധനക്ക് വിധേയമാക്കുക തന്നെ വേണം. പത്താം ക്ലാസ് പാസായതായിപ്പോലും ഉറപ്പില്ലാത്ത ഏതോ തട്ടിപ്പുകാരിക്കും അവർക്ക് എളുപ്പത്തിൽ സ്വാധീനിക്കാവുന്ന ഒരു ഉദ്യോഗസ്ഥ പ്രമുഖനും തോന്നിയപോലെ ദീവാളി കുളിക്കാനുള്ളതല്ല പൊതുഖജനാവിലെ പണം.
https://www.facebook.com/Malayalivartha