അമ്പമ്പോ വേണ്ടേ വേണ്ട... എന്‍ഫോഴ്‌സ്‌മെന്റിനെ സംശയ നിഴലിലാക്കിയ സ്വപ്നയുടെ ശബ്ദരേഖയില്‍ പൊലീസ് അന്വേഷണമില്ല പോലും; ശക്തമായി ഇടപെട്ട് ഇഡി; ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ ശബ്ദസന്ദേശം മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യം; അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഇ.ഡി

സര്‍ക്കാരും പോലീസും വല്ലാത്തൊരു അവസ്ഥയിലാണ്. ഇഡിയുടെ ചോദ്യത്തിന് മുമ്പില്‍ എല്ലാവരും പതറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. വെറുതേ കിടന്ന് ജയിലില്‍ ഉറങ്ങിയ സ്വപ്നയെ വിളിച്ചുണര്‍ത്തയവര്‍ക്കെല്ലാം സ്വപ്ന നൈസായി പണി കൊടുത്തതോടെ സഖാക്കള്‍ കാലിട്ടടിക്കുകയാണ്. സ്വപ്നയുടെ ശബ്ദം തങ്ങള്‍ക്കനുകൂലമായി മാറ്റാമെന്നാണ് സഖാക്കള്‍ കരുതിയത്. എന്നാല്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ ശബ്ദസന്ദേശം മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായതോടെ വെട്ടിലായിരിക്കുകയാണ്. ഇത് കോടതിയില്‍ സമാധാനം പറയേണ്ടി വരും. മാത്രമല്ല പോലീസിനെതിരേയോ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയോ കോടതി എന്തെങ്കിലും അഭിപ്രായം നടത്തിയാല്‍ അത് പോലീസിന് വലിയ തിരിച്ചടിയാകും. ഇത് തെരഞ്ഞെടുപ്പ് കാലമാണ്. മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തര വകുപ്പിനെതിരെ ആഞ്ഞടിക്കും. ചുരുക്കത്തില്‍ മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ ശ്രമിച്ച് വെട്ടിലാകുന്ന കാഴ്ചയാണ് കാണുന്നത്.
അതേസമയം മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് കേന്ദ്ര ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശത്തിന്റെ ഉറവിടവും ആധികാരികതയും അന്വേഷിക്കാതെയിരിക്കുകയാണ് പോലീസ്.
ശബ്ദസന്ദേശത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ്‌സിംഗ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നല്‍കിയെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണ്ടെന്നാണ് തീരുമാനം. ശബ്ദം റെക്കാര്‍ഡ് ചെയ്തത് ജയിലില്‍ വച്ചല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍, ഋഷിരാജ് സിംഗിന്റെ പരാതി നിലനില്‍ക്കുന്നതല്ലെന്നാണ് വിശദീകരണം.
ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ ശബ്ദസന്ദേശം മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. പൊലീസ് ഉഴപ്പിയതോടെ, ശബ്ദരേഖയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഇ.ഡി. ജയില്‍ മേധാവിക്ക് കത്ത് നല്‍കി. കസ്റ്റഡിയിലുള്ള പ്രതിയുടെ ശബ്ദരേഖ ചോര്‍ന്നത് കോടതിയെ അറിയിക്കാനാണ് ഇ.ഡിയുടെ നീക്കം.
ശബ്ദം തന്റേതാണെന്ന് സ്വപ്ന സമ്മതിച്ചെന്ന് വ്യാഴാഴ്ച തുറന്നുപറഞ്ഞ ജയില്‍ ഡി.ഐ.ജി അജയകുമാര്‍, അന്വേഷണ റിപ്പോര്‍ട്ടില്‍ നിലപാട് മാറ്റി. ശബ്ദം സ്വപ്നയുടേതെന്ന് സമ്മതിച്ചാല്‍ അതിന് ഉത്തരം പറയേണ്ടത് സര്‍ക്കാര്‍ ആകേണ്ടി വരുമെന്നാണ് പലരും പറയുന്നത്. സ്വപ്നയുടെ ശബ്ദവുമായി സാമ്യം ഉണ്ടെങ്കിലും അത് സ്ഥിരീകരിച്ചിട്ടില്ലെന്നും അട്ടക്കുളങ്ങര ജയിലില്‍ വച്ചല്ല റെക്കാര്‍ഡ് ചെയ്തതെന്നുമാണ് ജയില്‍ ഡി.ജി.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ജയില്‍ ഉദ്യോഗസ്ഥരാരും ഇന്നലെ മാദ്ധ്യമങ്ങളോട് സംസാരിച്ചില്ല.
കണ്ടുപിടിക്കാന്‍ പ്രയാസമില്ലാത്ത ഒരു കാര്യം അങ്ങനെ നീളുകയാണ്. ശബ്ദരേഖ പുറത്തുവിട്ട പോര്‍ട്ടലില്‍ നിന്ന് എഡിറ്റ് ചെയ്യാത്ത ഒറിജിനല്‍ ടേപ്പ് പിടിച്ചെടുത്താല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. അവരോട് ഒന്നു കുടഞ്ഞാല്‍ തന്നെ ഓഡിയോ വന്ന വഴിയറിയാം. അത് ട്രേസ് ചെയ്താല്‍ വളരെ പെട്ടന്ന് ഓഡിയോയുടെ സോഴ്‌സറിയാം. ഇത്രയും ലളിതമായ കാര്യമാണ് പോലീസ് അന്വേഷിക്കാത്തത്.
മാത്രമല്ല ഫോറന്‍സിക് ലബോറട്ടറിയിലെ പരിശോധനയില്‍ എന്ന്, എവിടെവച്ച് റെക്കാര്‍ഡ് ചെയ്തതെന്ന് കണ്ടുപിടിക്കാം. ശബ്ദത്തില്‍ എഡിറ്റിംഗ് നടത്തിയതും റെക്കാര്‍ഡ് ചെയ്തത് എവിടെയെന്ന് വ്യക്തമാകാതിരിക്കാന്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയതും കണ്ടെത്താം.
പോലീസ് സഹകരിച്ചില്ലെങ്കില്‍ ഇ.ഡി സ്വന്തം വഴിതേടും. പോലീസ് അന്വേഷിച്ചില്ലെങ്കില്‍ ശബ്ദരേഖയുടെ സത്യം കണ്ടെത്താന്‍ ഇ.ഡി കേന്ദ്ര ഫോറന്‍സിക് ലബോറട്ടറിയുടെയോ സിഡാക്കിന്റെയോ സഹായം തേടും. ഇ.ഡി കേസിലെ പ്രധാന പ്രതിയുടെ ശബ്ദരേഖ കേസുമായി നേരിട്ട് ബന്ധമുള്ളതായതിനാല്‍ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചേക്കും. ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിക്ക് ശബ്ദസന്ദേശം നല്‍കാനാവില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ഇതോടെ വെട്ടിലായിരിക്കുകയാണ് ആഘോഷക്കമ്മറ്റിക്കാര്‍.
https://www.facebook.com/Malayalivartha






















