ഇനി പിണറായിയുടെ ഗർജ്ജനം... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രി വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരേയുള്ള അന്വേഷണത്തിന് ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതി തേടി സര്‍ക്കാര്‍....

ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രി വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരേയുള്ള അന്വേഷണത്തിന് ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതി തേടി സര്‍ക്കാര്‍. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് സര്‍ക്കാര്‍ നീങ്ങുന്നത്. നേരത്തെ വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ കഴിഞ്ഞ് തുടരന്വേഷണത്തിനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ അനുമതിക്കായി നല്‍കിയതാണ്. എന്നാല്‍ ജനപ്രതിനിധികളായതിനാലും ഇവര്‍ക്കെതിരേ നേരത്തെ തന്നെ അന്വേഷണം നടന്നതിനാലും ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതിയോടെ മാത്രമേ സര്‍ക്കാരിന് അടുത്ത നടപടിയിലേക്ക് കടക്കാന്‍ സാധിക്കൂ. അതിനാലാണ് ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതിക്കായി ഫയല്‍ അയക്കാനുള്ള തീരുമാനത്തിലെത്തിയത്. ഒന്നോ രണ്ടോ ദിവസത്തിനകം അനുമതിക്കായി ഫയല്‍ അയക്കും. ഗവര്‍ണ്ണറുടെ അനുമതി ലഭിച്ചാലുടന്‍ വിഷയത്തില്‍ അടുത്ത ഘട്ടത്തിലുള്ള അന്വേഷണത്തിലേക്ക് സര്‍ക്കാര്‍ കടക്കും. നേരത്തെ തന്നെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരുന്നതാണ്.
തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുമ്പോൾ ഭരണപക്ഷത്തിനെതിരെ പുറത്ത് വരുന്ന ഓരോ സംഭവും രാഷ്ട്രീയമായി തന്നെ നേരിടുകയാണ്. ബി ജെ പിയും യുഡിഎഫും അത് ആയുധങ്ങളാക്കി മാറ്റുമ്പോൾ സർക്കാർ മൗനം കൈവിടുകയാണ്. സർക്കാരിനെ കൂടുതലായി വെല്ലുവിളിച്ചെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസവും സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. വളരെ ആസൂത്രിതമായി ചെയ്തിട്ടുള്ള ഒരു കാര്യമാണ് തീപ്പിടിത്തം എന്ന് ബോധ്യപ്പെടുന്ന വിധത്തിലാണ് കാര്യങ്ങള്‍ വന്നിട്ടുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
മുറിയിലെ ഫാനില്‍നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും പരിശോധിച്ച സാമ്പിളുകളില്‍നിന്ന് തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ഫോറന്‍സിക്കിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.തെളിവുകള്‍ ബോധപൂര്‍വം നശിപ്പിക്കാനുള്ള നീക്കമായിരുന്നു സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തമെന്നും സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ കൂട്ടുനിന്നുവെന്നാണ് ഇതിലൂടെ തെളിയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഇനി സര്‍ക്കാരിന് എന്താണ് പറയാനുള്ളതെന്നും ചെന്നിത്തല ആരാഞ്ഞു. പ്രതിപക്ഷം പറഞ്ഞ ഒരോ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അന്ന് ആ ഉദ്യോഗസ്ഥന്മാരെ വിളിച്ച് ശാസിക്കുകയും ഭീഷണിപ്പെടുത്തുകയുമുണ്ടായി. പക്ഷെ എല്ലാ ഭീഷണികളെയും അവഗണിച്ചു കൊണ്ട് സത്യം തെളിയിക്കാന്‍ കഴിഞ്ഞ ഫോറന്‍സിക് ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങാതെ റിപ്പോര്‍ട്ട് സത്യസന്ധമായി പുറത്തു കൊണ്ടുവരാന്‍ ഫോറന്‍സിക് ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയെങ്കിലും ഈ ഗൂഢാലോചന എന്തിനു നടത്തിയെന്നും എത്ര ഫയലുകള്‍ നശിച്ചുവെന്നും വെളിപ്പെടുത്തണം. ഇത് ആസൂത്രിതമായ ഗൂഢാലോചനയാണ്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അറിഞ്ഞു കൊണ്ടുള്ള നടപടിയായി വേണം ഇതിനെ കണക്കാക്കാന്‍ എന്നും ചെന്നിത്തല ആരോപിച്ചു.
https://www.facebook.com/Malayalivartha






















