വിനയായി മാറുന്നു... സര്‍ക്കാരിന്റെയും നടിയുടെ അഭിഭാഷകന്റെയും എടുത്തുചാട്ടം വാദിക്ക് വിനയായി തീര്‍ന്നു; സിംഗിള്‍ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ സാധ്യത

നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി വിധി ദിലീപിന് അനുകൂലമാണെന്ന് കരുതിയെങ്കില്‍ തെറ്റി. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെയും പീഡനത്തിന് ഇരയായ നടിയുടെ അഭിഭാഷകന്റെയും എടുത്തുചാട്ടമാണ് വാദിക്ക് വിനയായി തീര്‍ന്നത്.
ക്രോസ് വിസ്താരത്തില്‍ നടിയെ ബുദ്ധിമുട്ടിച്ച ചോദ്യങ്ങള്‍ ചോദിച്ചെന്നാണ് പരാതി. ഇത് വിചാരണകോടതിയില്‍ ഉന്നയിക്കേണ്ട പരാതിയായിരുന്നു. അതിന് വേണ്ടി കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി സാധാരണ അംഗീകരിക്കാറില്ല. സാധാരണ ഇത്തരം കേസുകളില്‍ പ്രതിഭാഗം നിരവധി ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. എന്നാല്‍ നിയമ പ്രകാരം അത് കൈകാര്യം ചെയ്യേണ്ടത് അതേ കോടതി തന്നെയാണ്. വാദി ഭാഗം അത് സഹിക്കണമെന്നാണ് നിലവിലെ രീതി.
അതേസമയം സിംഗിള്‍ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ സാധ്യതയുണ്ട്. സിംഗിള്‍ കോടതിയോട് സ്‌റ്റേ ഒരഴ്ച കുട്ടി നീട്ടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഇതിന് വേണ്ടിയാണ്. എന്നാല്‍ കോടതി അക്കാര്യം അംഗീകരിച്ചില്ല.
സാക്ഷിക്ക് മൊഴിനല്‍കാന്‍ അനുയോജ്യസാഹചര്യം ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടച്ചിട്ട കോടതിഹാളില്‍ നടക്കുന്നുവെന്നുള്ളതുകൊണ്ട് മാത്രം വിചാരണ 'ഇന്‍ ക്യാമറ' നടപടിയായെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിലെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് വി.ജി. അരുണ്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
പ്രോസിക്യൂഷന്‍ ഫയല്‍ചെയ്ത ഹര്‍ജികളില്‍ ഉത്തരവ് പാസാക്കുന്നതില്‍ വിചാരണക്കോടതി കാലതാമസം വരുത്തുന്നുവെന്ന ആരോപണത്തില്‍ ഇക്കാര്യത്തില്‍ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കാലതാമസം നീതിയുടെ താത്പര്യം ലംഘിക്കുമെന്ന് പറയേണ്ടതില്ല.
വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യമുന്നയിച്ചപ്പോള്‍ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനുമെതിരേ ശക്തമായ വാക്കുകളില്‍ ജഡ്ജി പ്രതികരിച്ചതായി ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ ഒഴിവാക്കണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.
ജഡ്ജിയുടെ മനഃസാക്ഷി ശുദ്ധമായിരിക്കുന്നിടത്തോളം കോടതി മാറ്റേണ്ടതില്ലെന്നും ജഡ്ജി പറഞ്ഞു. പ്രത്യേക ജഡ്ജിയെ ഒഴിവാക്കുന്നതാണ് നല്ലതെന്ന വാദത്തില്‍ കഴമ്പില്ല. സുപ്രീംകോടതി നിശ്ചിതസമയത്തിന് വിചാരണ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതിക്ക് കൈമാറിയ കേസാണിത്. ജഡ്ജിയുടെ മനഃസാക്ഷി ശുദ്ധമായിരിക്കുന്നിടത്തോളം കേസ് കേള്‍ക്കുന്നതില്‍നിന്ന് അവരെ മാറ്റേണ്ടതില്ല.
പ്രോസിക്യൂട്ടറുടെ ചുമതല പ്രതികാരമല്ലെന്നും കോടതി പറഞ്ഞു. പ്രോസിക്യൂട്ടറുടെ ചുമതല എങ്ങനെയെങ്കിലും കുറ്റംചുമത്തുക എന്നതോ ഇരയ്ക്കായി പ്രതികാരം ചെയ്യുന്ന മാലാഖ ആകുകയോ അല്ല. മറിച്ച് നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുകയാണ്. ഈ കേസില്‍ ഹാജരാകുന്ന പ്രത്യേക പ്രോസിക്യൂട്ടര്‍ ഇത്തരം കേസുകള്‍ കൈകാര്യംചെയ്ത് പരിചയമുള്ള അഭിഭാഷകനാണെന്നാണ് മനസ്സിലാകുന്നത്. പ്രതിഭാഗം അഭിഭാഷകരുടെ തന്ത്രങ്ങള്‍ക്കുമുന്നിലോ കോടതിയിലെ മാറിയ സാഹചര്യത്തിലോ അത്രവേഗത്തില്‍ അമ്പരന്നുപോകുകയോ ചെയ്യില്ലെന്ന് കോടതി പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രതിഭാഗം സത്യം കണ്ടെത്താന്‍ സഹായിക്കണമെന്നാണ് കോടതിയുടെ അഭിപ്രായം. തന്റെ കക്ഷിയുടെ നിലപാടുകള്‍ സത്യസന്ധമായും വ്യക്തമായും അവതരിപ്പിച്ച് കോടതിയെ സത്യം കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് പ്രതിഭാഗം അഭിഭാഷകന്റെയും കടമ. ഈ കേസില്‍ ഹാജരാകുന്ന പ്രതിഭാഗം അഭിഭാഷകര്‍ ഇക്കാര്യങ്ങളില്‍ വ്യക്തമായ ധാരണയുള്ളവരാണെന്ന് കോടതിക്ക് സംശയമില്ലെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം സര്‍ക്കാര്‍ വാദം ശരിയായി സമര്‍ത്ഥിക്കാന്‍ കഴിയാതിരുന്നാല്‍ ദിലീപിന് സന്തോഷിക്കാന്‍ വക കിട്ടും.
"
https://www.facebook.com/Malayalivartha






















