അതെപ്പോ സംഭവിച്ചു... മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഒഴിവാക്കുമെന്ന് സൂചന; തെളിവില്ലാതെ ചോദ്യം ചെയ്യാന്‍ വിളിച്ചുവെന്ന ആരോപണത്തിന് ഇഡി റെയ്ഡിലൂടെ മറുപടി നല്‍കിയതോടെ കാര്യങ്ങല്‍ വേഗത്തിലായി

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ എന്തെല്ലാം ആക്ഷേപങ്ങളാണ് നേതാക്കള്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധിപ്പിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നായിരുന്നു മുഖ്യമായ ആരോപണം. സ്വപ്ന സുരേഷിന്റെ ശബ്ദം പുറത്ത് വന്നതോടെ കുറേപ്പേര്‍ അത് വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ ഇഡിയുടെ പൂഴിക്കടകന്‍ ഒരു വടകര റെയ്ഡിലൂടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായി. അവസാനം പാര്‍ട്ടി തന്നെ രവീന്ദ്രനെ ഇഡിക്ക് മുമ്പില്‍ വിട്ടുകൊടുത്തിരിക്കുകയാണ്.
രവീന്ദ്രന്‍ ഇ.ഡിക്കു മുന്നില്‍ ഹാജരാകാന്‍ വൈകുന്നതിനെതിരേ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശമാണ് ഉണ്ടായത്. ഇതു തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കുന്നുവെന്നായിരുന്നു വിമര്‍ശനം. സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞയുടന്‍ രവീന്ദ്രനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്‌തെന്ന വാര്‍ത്തയും പുറത്തുവന്നു.
രവീന്ദ്രനെ ചോദ്യം ചെയ്യുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നു സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍ യോഗത്തില്‍ വിശദീകരിച്ചു. തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെക്രട്ടേറിയറ്റിന്റെ കടുത്ത നിലപാടിനേത്തുടര്‍ന്ന് രവീന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഒഴിവാക്കുമെന്നും സൂചന. തീരുമാനം ഉടനുണ്ടാകും. ആരോഗ്യകാരണങ്ങളാല്‍ അവധി അനുവദിക്കാനാണു നീക്കം. സെക്രട്ടറിയേറ്റ് യോഗത്തിലും ഈ അഭിപ്രായമുയര്‍ന്നു. അന്വേഷണ ഏജന്‍സിക്കു മുന്നില്‍ രവീന്ദ്രന്‍ ഹാജരാകണമെന്ന നിലപാടിനാണു പാര്‍ട്ടിയില്‍ മുന്‍തൂക്കം. മകന്‍ കേസില്‍പ്പെട്ടതിനേത്തുടര്‍ന്നു സംസ്ഥാന സെക്രട്ടറിയെ മാറ്റിനിര്‍ത്താമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു രവീന്ദ്രനെയും ഒഴിവാക്കാമെന്നു മുതിര്‍ന്നനേതാക്കാള്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു.
കോവിഡാനന്തര ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രവീന്ദ്രനെ ഇന്നലെ ഉച്ചകഴിഞ്ഞാണ് ഡിസ്ചാര്‍ജ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ.ഡി രവീന്ദ്രനോട് ഇന്നലെ ചോദ്യംചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹത്തിനു ഫിസിയോ തെറാപ്പിയും വിശ്രമവും ആവശ്യമാണെന്നാണു ഡോക്ടര്‍മാരുടെ നിര്‍ദേശം.
കഴിഞ്ഞ 25ന് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട രവീന്ദ്രനു വിദഗ്ധചികിത്സ നിര്‍ദേശിച്ച് ആശുപത്രി അധികൃതര്‍ ഇ.ഡിക്കു മെഡിക്കല്‍ രേഖകള്‍ കൈമാറിയിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ഇ.ഡി. വീണ്ടും രവീന്ദ്രന് നോട്ടീസ് നല്‍കും.
രവീന്ദ്രന്‍ ഹാജരാകാതിരുന്നതോടെയാണ് ഇഡിയുടെ റെയ്ഡ് കണ്ടത്. വടകരയിലെ മൂന്ന് വ്യാപാരസ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. സ്വര്‍ണക്കടത്ത് കേസിലെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്‌ഡെന്നു സൂചന.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് ഇലക്‌ട്രോണിക്‌സ് കടകളിലും ഒരു വസ്ത്രശാലയിലുമായിരുന്നു പരിശോധന. രേഖകള്‍ പരിശോധിച്ച ഇ.ഡി, സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള മൂലധനം എവിടെനിന്നാണെന്നു ചോദിച്ചറിഞ്ഞു. സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്‍ പരാതി നല്‍കിയിരുന്നു. ഇ.ഡിയുടെ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനുമാണ് പരിശോധനയ്‌ക്കെത്തിയത്.
എന്തായാലും ഈ റെയ്ഡിനിടെ കിട്ടിയ നിര്‍ണായക വിവരങ്ങള്‍ വച്ചുകൂടിയായിരിക്കും ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യുക. രവീന്ദ്രനില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ഇഡിക്ക് ലഭിച്ചാല്‍ പിന്നെ രക്ഷയില്ല. രവീന്ദ്രനെ പാര്‍ട്ടി തള്ളി പറയുക തന്നെ ചെയ്യും. അതോടെ കടക്ക് പുറത്താകും.
https://www.facebook.com/Malayalivartha