ഒതുക്കിയവരേ മറക്കില്ല... അനാരോഗ്യം കാരണം വിശ്രമിക്കുന്ന വിഎസ് അച്യുതാനന്ദന് ഇക്കുറി വോട്ട് ചെയ്യാന്‍ കഴിയില്ല; ചട്ടപ്രകാരം തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍; ഇത്രയും വിവാദമായ ഈ തെരഞ്ഞെടുപ്പ് കാലത്ത് കരുത്തോടെ വിഎസ് ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്ന നിമിഷം

മുന്‍ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദന്‍ രാഷ്ട്രീയ ഭേദമന്യേ മലയാളികളില്‍ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ല. തന്റെ പാര്‍ട്ടിയിലെ ഉന്നതനാണെങ്കില്‍ പോലും വെട്ടി നിരത്താന്‍ വിഎസ് എപ്പോഴും ഉണ്ടായിരുന്നു. അതിനാല്‍ തന്നെ വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും നേരെ ഭരിക്കാന്‍ ചില നേതാക്കള്‍ സമ്മതിച്ചില്ല. തുടര്‍ ഭരണം ലഭിക്കുമെന്ന് കരുതിയെങ്കിലും പാര്‍ട്ടിയിലെ ചിലര്‍ അതില്ലാതാക്കി. ഇത്തവണയും വിഎസ് മുഖ്യമന്ത്രിയാകുമെന്ന് കരുതിയെങ്കിലും ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനാക്കി. അനാരോഗ്യം കാരണം വിഎസ് ഇപ്പോള്‍ വിശ്രമത്തിലാണ്. ആ സമയത്താണ് സ്വര്‍ണക്കടത്തും വന്‍ കമ്മീഷനുമെല്ലാം വരുന്നത്. ഇപ്പോള്‍ വിഎസ് ആരോഗ്യത്തോടെ ഉണ്ടായിരുന്നെങ്കില്‍ കാണാമായിരുന്നു.
തെരഞ്ഞെടുപ്പ് ദിവസം വിഎസ് എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. വിഎസിന്റെ ഒരു കമന്റ് മതി എല്ലാം മാറി മറിയാന്‍. പക്ഷെ വി എസ്. അച്യുതാനന്ദന്‍ ഇക്കുറി വോട്ട് ചെയ്യാന്‍ എത്തില്ല. അനാരോഗ്യം കാരണം തിരുവനന്തപുരത്തുനിന്നു യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ ദിവസങ്ങള്‍ക്കു മുന്‍പേ വി എസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു.
എന്നാല്‍, ചട്ടമനുസരിച്ച് തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെയാണ് വോട്ട് ചെയ്യേണ്ടന്ന് തീരുമാനിച്ചത്. ഇത്രയും ദൂരം യാത്ര ചെയ്യുന്നതിനു ഡോക്ടര്‍മാരുടെ വിലക്കുണ്ട്. വോട്ട് ചെയ്യാന്‍ കഴിയാത്തതില്‍ വി എസ് അസ്വസ്ഥനാണെന്നും മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പിലും പറവൂര്‍ ഗവ. എച്ച്എസ്എസിലെ പോളിങ് ബൂത്തില്‍ വിഎസും കുടുംബവും വോട്ട് ചെയ്യാനെത്തുന്നതു വലിയ വാര്‍ത്താദൃശ്യമായിരുന്നു.
കോവിഡ് ബാധിതര്‍, കോവിഡുമായി ബന്ധപ്പെട്ടു ക്വാറന്റീനില്‍ കഴിയുന്നവര്‍, തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമാണു തപാല്‍ വോട്ട് അനുവദിക്കുന്നത്. തപാല്‍ വോട്ട് അനുവദിക്കാന്‍ സാങ്കേതിക തടസമുള്ളതിനാല്‍ ഖേദിക്കുന്നെന്ന് ഉദ്യോഗസ്ഥര്‍ വിഎസിന്റെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
1951ലെ ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും വി എസ് വോട്ട് ചെയ്തിട്ടുണ്ടെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണു വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. ഈ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്ത് മാറി. പറവൂര്‍ സാന്ത്വനം ബഡ്‌സ് സ്‌കൂളിലാണു ബൂത്ത്. അരുണ്‍കുമാറും ഭാര്യയും ഇന്നു വോട്ട് ചെയ്യാനെത്തും.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് 5 ജില്ലകളില്‍ ആരംഭിച്ചു. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടിങ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണു തിരഞ്ഞെടുപ്പ്. 24,584 സ്ഥാനാര്‍ഥികളാണുള്ളത്. കൊല്ലം പന്മന പഞ്ചായത്തിലെ 2 വാര്‍ഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു വാര്‍ഡിലും ഓരോ സ്ഥാനാര്‍ഥികള്‍ മരിച്ചതിനാല്‍ വോട്ടെടുപ്പ് മാറ്റി.
ആദ്യ ഘട്ടത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ബൂത്തുകളില്‍ മിക്കതിലും ഇലക്ട്രോണിങ് വോട്ടിങ് യന്ത്രങ്ങളിലെ മോക് പോളിങ് പൂര്‍ത്തിയാക്കിയാണ് വോട്ടെടുപ്പ് തുടങ്ങിയത്. മിക്കവാറും സ്ഥലത്തും വോട്ടിങ് 7 മണിക്ക് ആരംഭിച്ചു. പല ബൂത്തുകളിലും നീണ്ട ക്യൂവും കാണുന്നുണ്ട്. കോവിഡ് കാലമായതിനാല്‍ ചിലര്‍ വോട്ടിടാന്‍ എത്തുന്നതിന് മടിക്കുന്ന കാഴ്ചകളുമുണ്ട്. കുടുംബാഗങ്ങള്‍ ഒരുമിച്ചെത്തി വോട്ട് ചെയ്ത് മടങ്ങുന്ന കാഴ്ചയും കാണാം. അതിനിടെയാണ് വിഎസിന് വോട്ടിടാന്‍ കഴിയില്ലെന്ന വാര്‍ത്ത എല്ലാവരേയും അമ്പരപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha