അന്തംവിട്ടാല്‍ പ്രതി എന്തും പറയുമോ... സ്വപ്നയുടെയും സരിത്തിന്റെയും മൊഴി വീണ്ടും പുറത്ത്; ഉന്നതന്‍ പണം കൈമാറിയത് ഔദ്യോഗിക വസതിയില്‍ വച്ചെന്ന് പ്രമുഖ പത്രത്തിന്റെ വെളിപ്പെടുത്തല്‍; അന്വേഷണം കടുപ്പിച്ച് കസ്റ്റംസ്; പുറകേ എന്‍ഫോഴ്‌സ്‌മെന്റും

സ്വര്‍ണക്കടത്ത് കേസിന് പുറകേ വന്ന റിവേഴ്‌സ് ഹവാലയില്‍ ചുറ്റിപ്പറ്റിയാണ് ഒരു ഉന്നതനെപ്പറ്റിയുള്ള കഥകള്‍ പുറത്ത് വന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും നല്‍കിയ മൊഴികളുടെ ചില ഭാഗങ്ങള്‍ പലപ്പോഴായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. സ്വപ്നയുടേയും സരിത്തിന്റേയും മൊഴികളുടെ ചില ഭാഗങ്ങള്‍ ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും വലിയ പത്രമാണ് പുറത്തെത്തിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന നേതാവ് ഔദ്യോഗിക വസതിയില്‍ വച്ചാണ് ബാഗില്‍ തങ്ങള്‍ക്കു പണം നല്‍കിയതെന്നും അതു യുഎഇ കോണ്‍സുലേറ്റിലെ ഉന്നതോദ്യോഗസ്ഥനു കൈമാറിയെന്നും സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്നയും സരിത്തും കസ്റ്റംസിനു മൊഴി നല്‍കിയെന്നാണ് പത്രം പറയുന്നത്.
ഡോളര്‍ കടത്തില്‍ ഈ നേതാവിനു പങ്കുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. പേട്ടയിലെ ഒരു ഫ്‌ലാറ്റില്‍ ചെല്ലാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നു സ്വപ്ന പറയുന്നു. നാലാം നിലയിലെ ഫ്‌ലാറ്റില്‍ സരിത്തിനെയും കൂട്ടി ചെല്ലുമ്പോള്‍ അദ്ദേഹം ഗസല്‍ കേട്ടിരിക്കുകയായിരുന്നു. അവിടെനിന്നു സ്വപ്നയുടെ വാഹനത്തിലാണ് ഔദ്യോഗിക വസതിയിലേക്കു പോയത്. ഔദ്യോഗിക വസതിയില്‍വച്ച് നേതാവ് എടുത്തുകൊണ്ടുവന്ന ബാഗ് സ്വപ്ന വാങ്ങി തന്നെ ഏല്‍പിച്ചുവെന്നും കോണ്‍സുലേറ്റിലെ ഉന്നതനു നല്‍കണമെന്നു പറഞ്ഞെന്നുമാണ് സരിത്തിന്റെ മൊഴി. സ്വപ്ന ഇതു ശരിവച്ചിട്ടുണ്ട്.
പേട്ടയിലെ ഫ്‌ലാറ്റ് ലണ്ടനിലുള്ള മലയാളി ദമ്പതികളുടേതാണ്. പണം കൈമാറിയെന്നു പറയുന്ന കാലത്ത് ആരാണിത് ഉപയോഗിച്ചിരുന്നതെന്നു കസ്റ്റംസ് അന്വേഷിക്കുന്നു. തെളിവുതേടി ബന്ധപ്പെട്ടവരെ ചോദ്യംചെയ്യുമെന്നും പത്രം പറയുന്നു.
സ്വപ്നയുടേയും സരിത്തിന്‍രേയും മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധിച്ചു. സ്വപ്നയും സരിത്തും 164ാം വകുപ്പു പ്രകാരം മജിസ്‌ട്രേട്ടിനു മുന്‍പാകെ നല്‍കിയ മൊഴിയുടെ പകര്‍പ്പിന് അപേക്ഷ നല്‍കും.
സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷര്‍ സുമിത് കുമാറിനെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കസ്റ്റംസ് ആസ്ഥാനത്തേക്കു വിളിച്ചിരുന്നു. നയതന്ത്ര വഴിയിലെ സ്വര്‍ണക്കടത്തു കേസിലെ അന്വേഷണം ഉദ്യോഗസ്ഥരെയും കടന്ന് ഭരണതലത്തിലെ ഉന്നതരിലേക്കും നീളുന്ന സാഹചര്യത്തിലാണ് ഇത്.
അതിനിടെ ഉന്നതന്റെ ലണ്ടന്‍ യാത്രയും വിവാദ വ്യവസായികളുമായുള്ള ബന്ധവും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ വലയത്തിലുണ്ട്. ലണ്ടന്‍ വിമാനത്താവളത്തില്‍ ഭാരവാഹികളിലൊരാള്‍ ഉന്നതനെ സ്വീകരിച്ച് യോഗസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയെങ്കിലും 15 മിനിറ്റിനു ശേഷം അദ്ദേഹം സ്ഥലംവിട്ടെന്നാണു വിവരം. പിന്നീട് നാലു ദിവസം കഴിഞ്ഞാണു ഭാരവാഹികള്‍ അദ്ദേഹത്തെ കണ്ടതായും പറയുന്നു.
അടുത്തിടെ മുബൈയില്‍ പ്രമുഖ ജൂവലറിയുടെ പേരില്‍ പലരില്‍ നിന്നായി 25 കോടിയില്‍പ്പരം രൂപ തട്ടിയശേഷം ഒളിവില്‍ പോവുകയും പിന്നീട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്യുകയും ചെയ്തയാളാണ് ഉന്നതനെ ലണ്ടനിലെത്തിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരം. ഉന്നതനെ ലണ്ടനിലെത്തിച്ചതില്‍ ലണ്ടനില്‍ കഴിയുന്ന മധ്യതിരുവിതാംകൂറുകാരനായ ഒരാള്‍ക്കും പങ്കുണ്ടെന്നാണ് അറിവ്. ഇയാള്‍ക്കൊപ്പമായിരുന്നു ഉന്നതന്റെ യു.കെയിലെ താമസം. ഇങ്ങനെ പലപല കഥകളാണ് പത്രക്കാര്‍ അന്വേഷണാത്മക ജേണലിസത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. കസ്റ്റംസും ഇഡിയും കൂടി അന്വേഷണം കടുപ്പിക്കുമ്പോള്‍ ഉന്നതന്റെ മുഖം പുറത്താകുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha