പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കേസില്‍ നിര്‍ണായകമായ വഴിത്തിരിവ്; ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിന് വിവരങ്ങള്‍ നല്‍കി; പ്രതികള്‍ മലപ്പുറം സ്വദേശികളാണെന്ന് സൂചന... ഇന്ന് അറസ്റ്റുണ്ടാകാൻ സാധ്യത....

കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞെന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്.
ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രതികള്‍ മലപ്പുറം സ്വദേശികളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. സൈബല്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച് സംശയിക്കുന്നവര്‍ തന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ നീക്കം. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ അന്വേഷണം നടത്താന്‍ കളമശ്ശേരി പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
പ്രതികള്‍ എറണാകുളം ഭാഗത്തു നിന്ന് മാളിലേക്ക് എത്തിയതായാണ് പോലീസ് കരുതുന്നത്. ശേഷം ഇവര്‍ ഇതേ ഭാഗത്തേക്ക് പോയതാണ് പോലീസിന്റെ നിഗമനം. മാളിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ മാസ്‌ക് ധരിച്ചാണ് മാളിനുള്ളില്‍ പ്രവേശിച്ചതെന്ന് കണ്ടെത്തിയിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മാളിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ പേരും ഫോണ്‍ നമ്പറും എഴുതി നല്‍കേണ്ടതുണ്ട്. എന്നാല്‍, ഇവര്‍ ഇത് രേഖപ്പെടുത്താന്‍ കൂട്ടാക്കിയിരുന്നില്ല. വ്യാഴാഴ്ച വൈകീട്ട് 5.15-ന് മാളില്‍ കടന്ന പ്രതികള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് പ്രവേശിച്ചത്. അവിടെ കറങ്ങിനടന്നതല്ലാതെ സാധനങ്ങളൊന്നും വാങ്ങിയില്ല. ശേഷം 8.30-ന് മെട്രോയില്‍ മടങ്ങുകയായിരുന്നു. ഇവര്‍ മെട്രോയില്‍ നിന്ന് ഇറങ്ങി റെയില്‍വേ സ്റ്റേഷനിലെത്തിയതായും പോലീസിന് വിവരമുണ്ട്.
അവിടെ തീവണ്ടിയില്ല എന്നു കണ്ടതോടെ റോഡ് മാര്‍ഗം ഇവിടെനിന്ന് കടന്നതായാണ് കരുതുന്നത്. ഇതിനാല്‍ത്തന്നെ പ്രതികള്‍ ജില്ലയ്ക്കു പുറത്തുനിന്നുള്ളവരാണെന്നാണ് പോലീസ് കരുതുന്നത്. പോലീസിന് പുറമേ വനിതാ കമ്മിഷനും യുവജന കമ്മിഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. നടിയുടെ മൊഴി ശനിയാഴ്ച എടുക്കാന്‍ വനിതാ കമ്മിഷന്‍ തീരുമാനിച്ചിരുന്നെങ്കിലും നടി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്തതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചില്ല. ഷൂട്ടിങ് കഴിഞ്ഞ് എത്തിയാല്‍ നേരിട്ട് കണ്ട് മൊഴിയെടുക്കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിച്ചു.
നടിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് സംഗതി പുറംലോകം അറിഞ്ഞത്.
നടിയുടെ ഇൻസ്റ്റഗ്രാം കുറിപ്പ് ...
'സമയത്ത് എനിക്ക് വേണ്ടവിധം പ്രതികരിക്കാൻ പറ്റിയില്ല. നേരിട്ട അനുഭവത്തിന്‍റെ ആഘാതത്തിൽ മനസ് ശൂന്യമായിപ്പോയി. ഇപ്പോൾ അവരോട് പറയേണ്ടിയിരുന്ന ആയിരം വാക്കുകൾ മനസിലുണ്ട്. ഒരു സ്ത്രീയെന്ന നിലയിൽ തളർത്തിക്കളയുന്ന അനുഭവമായിരുന്നു. അപമാനത്തിന് ശേഷവും തന്നെ മോശം കണ്ണുമായി സമീപിച്ചു. മോശം പെരുമാറ്റത്തിന് ശേഷം അവർ സാധാരണ പോലെ നടന്നുപോയി.
ഇനിയും അവർ ഇത്തരത്തിൽ തന്നെ പെരുമാറും എന്നറിയാം. അതുകൊണ്ടാണ് ഇതിപ്പോൾ തുറന്ന് എഴുതുന്നത്. ഇത്തരം അവസ്ഥകളിലൂടെ എല്ലാ സ്ത്രീകളും കടന്നുപോകുന്നുണ്ട്. സ്ത്രീകളുടെ സന്തോഷവും സമാധാനവും കവരുന്നവരെ വെറുക്കുന്നു. ഇനി ഇത്തരം അനുഭവം നേരിടുന്ന സ്ത്രീകൾക്ക് എന്നേക്കാൾ ധൈര്യമുണ്ടാകട്ടെ ' എന്നായിരുന്നു നടി സോഷ്യൽ മീഡിയിൽ കുറിച്ചത്. സംഭവം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിലൂടെയടക്കം നിരവധിപ്പേരാണ് നടിക്ക് പിന്തുണയുമായി എത്തുന്നത്. ഇത്തരം സംഭവം ഇനി ആവർത്തിക്കാതിരിക്കട്ടെയെന്ന് നടി രേവതി പ്രതികരിച്ചു.
https://www.facebook.com/Malayalivartha