ചാറ്റുകള്‍ ഇഡിയുടെ കൈയ്യില്‍... ഡിജിറ്റല്‍ തെളിവുകളുടെ പിന്‍ബലത്തില്‍ സിഎം രവീന്ദ്രനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു; ശിവശങ്കറുമായുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ രവീന്ദ്രന്‍ ഇഡിക്ക് കൈമൈറി; ഒളിവില്‍ പോയശേഷവും സ്വപ്‌ന എന്തിന് വിളിച്ചെന്ന ചോദ്യം കടുക്കും

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ രണ്ട് ദിവസത്തിലധികമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 23 മണിക്കൂറിലധികമാണ് ചോദ്യംചെയ്തത്. എന്നിട്ടും ക്ലീന്‍ ചിറ്റ് നല്‍കിയില്ല. അതേസമയം രവീന്ദ്രനെ ഇന്ന് ഇ.ഡി വീണ്ടും ചോദ്യംചെയ്യും.
സി.എം. രവീന്ദ്രന്റെ വിദേശയാത്രകള്‍, സ്വര്‍ണക്കടത്തിലും ബിനാമി ഇടപെടലുകളിലും അദ്ദേഹത്തിന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചറിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. വിദേശയാത്രകളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വെള്ളിയാഴ്ച അത്തരത്തിലുള്ള രേഖകളൊന്നും രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് ഇന്നും വിളിച്ച് വരുത്തുന്നത്.
അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ സി.എം. രവീന്ദ്രന്‍ ഇഡിക്ക് സമര്‍പ്പിച്ചു. ഇ.ഡിയുടെ ആവശ്യപ്രകാരമാണു രവീന്ദ്രന്‍ ഇവ കൈമാറിയത്.
സ്വര്‍ണക്കടത്ത് പിടിക്കപ്പെടുകയും സ്വപ്‌ന സുരേഷ് ഒളിവില്‍ പോവുകയും ചെയ്ത ദിവസങ്ങളില്‍ ശിവശങ്കറും രവീന്ദ്രനും തമ്മില്‍ പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. വാട്ട്‌സ്ആപ്പ് ചാറ്റുമുണ്ടെന്നു സംശയിച്ചതോടെയാണ് ഇവ ചോദിച്ചുവാങ്ങിയത്.
രവീന്ദ്രനെതിരേ അന്വേഷണ സംഘത്തിനു ലഭിച്ച ആദ്യസൂചന സ്വപ്‌നയുടെ മൊഴിയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കറെയല്ലാതെ ആരെങ്കിലും വിളിച്ചിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ അവര്‍ രവീന്ദ്രന്റെ പേരാണു പറഞ്ഞത്. യു.എ.ഇ. വിസ സ്റ്റാമ്പിങ് കാര്യത്തില്‍ സഹായത്തിനാണു വിളിച്ചതെന്നാണു സ്വപ്‌ന പറഞ്ഞത്. എന്നാല്‍ ഒളിവില്‍ പോയശേഷവും സ്വപ്‌ന വിളിച്ചതായി കണ്ടെത്തി. ഇത് എന്തിനുവേണ്ടിയാണെന്നു രവീന്ദ്രന്‍ വ്യക്തമാക്കേണ്ടിവരും.
സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ അറിവും സഹായവുമുണ്ടായിരുന്നെന്നു സ്വപ്‌നയുടെ മൊഴിയുണ്ട്. ശിവശങ്കറിന്റെ അടുപ്പക്കാരനെന്ന നിലയില്‍ രവീന്ദ്രനും പങ്കുണ്ടാകാമെന്നു സംശയിക്കുന്നു. ലോക്കറില്‍ നിന്നു കിട്ടിയ പണത്തില്‍ രവീന്ദ്രന്റെ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കൃത്യമായ തയാറെടുപ്പോടെയാണ് ഇ.ഡി. രവീന്ദ്രനെ വീണ്ടും ചോദ്യംചെയ്യുന്നത്. കഴിഞ്ഞ രണ്ടുദിവസം പ്രാഥമിക കാര്യങ്ങളാണു ചോദിച്ചതെന്നും ഇനി യഥാര്‍ഥ ചോദ്യം ചെയ്യലിലേക്കു കടക്കുകയാണെന്നുമാണു വിവരം. സാക്ഷിയാകുമോ പ്രതിയാകുമോ എന്നു വൈകാതെ തീരുമാനമുണ്ടായേക്കും.
രവീന്ദ്രനും ശിവശങ്കറും ചേര്‍ന്നു ചിലരെ സഹായിച്ചതിന്റെ വിശദാംശങ്ങള്‍ ഇ.ഡിക്കു ലഭിച്ചിട്ടുണ്ട്. വീണ്ടെടുത്ത ഡിജിറ്റല്‍ വിവരങ്ങളുമായി ഇവ ഒത്തുനോക്കും. രവീന്ദ്രന്‍ ഇന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു ഹാജരായതിന് ശേഷമാണ് തുടര്‍ന്ന് കൊച്ചിക്കു പോകുമെന്നാണു സൂചന.
വ്യാഴാഴ്ച 12 മണിക്കൂറോളമാണ് രവീന്ദ്രനെ ചോദ്യം ചെയതത്. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി 11 മണിയോടെയാണ് അവസാനിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30ഓടെ അദ്ദേഹം വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരായി. അന്നും രാത്രി വരെ ചോദ്യം ചെയ്തു.
ആരോഗ്യപ്രശ്‌നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ സമയം ഇടവേളകള്‍ നല്‍കിയാണ് രവീന്ദ്രനെ വ്യാഴാഴ്ച ചോദ്യം ചെയ്തത് എന്നാണ് ഇ.ഡി. വൃത്തങ്ങള്‍ അറിയിച്ചത്. ഇ.ഡി. ചോദ്യം ചെയ്യുമ്പോള്‍ അതിന്റെ ദൈര്‍ഘ്യം പരിമിതപ്പെടുത്താന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍-ശിവശങ്കര്‍ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതിനാല്‍ തന്നെ രവീന്ദ്രനെ സംബന്ധിച്ച് ഇന്ന് നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha