നാണംകെട്ടും പണമുണ്ടാക്കിയാല്‍... രവീന്ദ്രന്‍ ചോദ്യം ചെയ്യാന്‍ മൂന്നാം വട്ടവും എത്തുന്നതിന് പിന്നാലെ ശിവശങ്കറിന്റെ എല്ലാ സ്വത്തും കണ്ടുകെട്ടാന്‍ നീക്കം; ഇഡി ശക്തമായ നടപടിയിലേക്ക് നീങ്ങുമ്പോള്‍ ഞെട്ടുന്നത് സ്വപ്നയുടെ ലിസ്റ്റില്‍ പേരുള്ളവര്‍; ഇഡി അന്വേഷണം കടുപ്പിക്കുന്നു

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഇഡി മൂന്നാം വട്ടവും ചോദ്യം ചെയ്യുന്ന സമയത്ത് കൊച്ചിയില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് വരുനനത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള പിഎംഎല്‍എ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ ഇഡി നടപടി തുടങ്ങിയിരിക്കുകയാണ്. അതേസമയം ഇത് സ്വപ്നയുടെ ലിസ്റ്റില്‍പ്പെട്ട മറ്റുള്ള ഉന്നതരെ വല്ലാതെ ഞെട്ടിപ്പിക്കുന്നതാണ്. അടുത്ത ഇഡിയുടെ നീക്കം അവരിലേക്കാണ്.
ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കറില്‍നിന്നു കിട്ടിയ പണവും സ്വര്‍ണവുമാണ് ഇതുവരെ ആകെ കണ്ടുകെട്ടിയത്. എന്നാല്‍ ശിവശങ്കറിന്റെ പേരിലുള്ളതും കുറ്റകൃത്യവുമായി ബന്ധപ്പെട്ടു സമ്പാദിച്ചതെന്നു കരുതുന്നതുമായ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടാനാണ് ഇഡിയുടെ നീക്കം. കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തല്ലെന്നു പിന്നീടു തെളിയിച്ചാല്‍ ഇവ തിരിച്ചുനല്‍കും. മറിച്ചായാല്‍ സര്‍ക്കാരിലേക്കു കണ്ടുകെട്ടുന്നതാണു രീതി.
ശിവശങ്കറിനെതിരെ എടുത്ത കേസില്‍ ഇഡിയുടെ ഭാഗിക കുറ്റപത്രം 24നു കോടതിയില്‍ സമര്‍പ്പിക്കും. 60 ദിവസം കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യം ലഭിച്ചേക്കാമെന്നതിനാല്‍ ആ നീക്കം തടയാനാണു ഭാഗികമായ കുറ്റപത്രം നല്‍കുന്നത്.
പിഎംഎല്‍എ സെക്ഷന്‍ 45 പ്രകാരം സ്വാഭാവിക ജാമ്യം ലഭിക്കില്ലെന്നു വ്യവസ്ഥയുണ്ടെങ്കിലും ചില ഹൈക്കോടതികള്‍ ഇക്കാര്യത്തില്‍ നിയമപരമായ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാലാണു ഭാഗിക കുറ്റപത്രം നല്‍കി ശിവശങ്കറിന്റെ ജാമ്യനീക്കം തടയാന്‍ ഇഡി ശ്രമിക്കുന്നത്. ഇപ്പോഴും പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ലെന്നതിനാല്‍ ശിവശങ്കര്‍ പുറത്തിറങ്ങുന്നതു തടയാനാണു ശ്രമം.
അതിനിടെ സ്വപ്ന പണവുമായി കടന്നു കളയുമെന്നു ഭയന്നാണു ശിവശങ്കര്‍ ബാങ്ക് ഇടപാടില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയും ഉള്‍പ്പെടുത്തിയതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണവും മറ്റും ശിവശങ്കറിന്റേതാണെന്നുമാണ് ഇഡി ഹൈക്കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ അന്വേഷണം ദീര്‍ഘകാലമായി നടക്കുകയാണെന്നും ഇതുവരെ കുറ്റകൃത്യം എന്താണെന്നു കൃത്യമായി പറഞ്ഞിട്ടില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.
പണം ഒളിപ്പിച്ചു വയ്ക്കാനാണു ശിവശങ്കര്‍ സ്വപ്നയെ ഉപയോഗിച്ചതെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു പറഞ്ഞു. പണം ശിവശങ്കറിന്റേതാണെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം വ്യക്തമാക്കുന്നു. ജീവിതമാര്‍ഗമില്ലാതിരുന്ന സ്വപ്നയ്ക്ക് 64 ലക്ഷവും 100 പവന്‍ സ്വര്‍ണവും സമ്പാദിക്കാനുള്ള ശേഷിയില്ല.
ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോട് സ്വപ്നയുമായി ചേര്‍ന്ന് ലോക്കല്‍ തുറക്കാനും വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടത് ആ പണം തന്റേതായതിനാലാണ്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ജാമ്യം നല്‍കുന്നത് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമിടയാക്കും. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. ശിവശങ്കറിനെ ഭയമുള്ളതുകൊണ്ടാണു ശിവശങ്കറിന്റെ പങ്ക് മുന്‍പു പറയാതിരുന്നതെന്നു സ്വപ്ന പറഞ്ഞിട്ടുണ്ട്. സ്വപ്ന 15നും 16നും നല്‍കിയ മൊഴികളും ശിവശങ്കര്‍ 18നും സരിത്ത് 17നും നല്‍കിയ മൊഴികളും മുദ്രവച്ച കവറില്‍ കോടതിക്കു നല്‍കും എന്നാണ് ഇഡി പറഞ്ഞത്.
അതേസമയം സി.എം.രവീന്ദ്രനെ ഏതാനും ദിവസം കൂടി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. രവീന്ദ്രന്‍ മറുപടി നല്‍കുന്നതിനൊപ്പം അതിന്റെ നിജസ്ഥിതി അപ്പോള്‍ തന്നെ മറ്റൊരു സംഘം പരിശോധിക്കുന്ന രീതിയാണു പിന്തുടരുന്നത്. അതിന് പിന്നാലെയാണ് രവീന്ദ്രന്റെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം നടക്കുന്നത്.
https://www.facebook.com/Malayalivartha