ഇനിയെല്ലാം വലിയ കളികള്‍... ശിവശങ്കറെ തൊടാതെയും സന്ദീപിനെ മാപ്പ് സാക്ഷിയാക്കിയും നയതന്ത്ര സ്വര്‍ണക്കടത്തില്‍ എന്‍ഐഎയുടെ കുറ്റപത്രം; പ്രതികള്‍ ബഹ്‌റിന്‍, മലേഷ്യ, സൗദി അറേബ്യ തുടങ്ങിയ മറ്റ് രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം കടത്താനും പദ്ധതിയിട്ടു; അന്വേഷണം ശക്തമാക്കാനൊരുങ്ങി എന്‍ഐഎ

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം ട്വിസ്റ്റുണ്ടാക്കിയത് എന്‍ഐഎയാണ്. കേസില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചതോടെയാണ് 24 മണിക്കൂറിനുള്ളില്‍ ബെംഗലുരുവില്‍ നിന്നും സ്വപ്നയേയും സന്ദീപിനേയും പിടികൂടാനായത്. മാസങ്ങള്‍ക്ക് ശേഷം എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ കൂടുതല്‍ അമ്പരപ്പിക്കുന്ന വിവരങ്ങളാണുള്ളത്. നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികള്‍ ബഹ്‌റിന്‍, മലേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം കേരളത്തിലേക്ക് കടത്താന്‍ പദ്ധതിയിട്ടതായി എന്‍.ഐ.എ ഇന്നലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മുഖ്യ പ്രതികളിലൊരാളായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി. കസ്റ്റംസും ഇ.ഡിയും അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നെങ്കിലും കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.
സ്വര്‍ണം കടത്താനുള്ള പണത്തിനായി പ്രതികള്‍ 2019 ജൂണില്‍ ഗൂഢാലോചന തുടങ്ങിയെന്നും 2019 നവംബര്‍ മുതല്‍ 2020 ജൂണ്‍ വരെ 167കിലോ സ്വര്‍ണം കടത്തിയെന്നും കുറ്റപത്രത്തിലുണ്ട്. 21 പ്രതികളെ അറസ്റ്റ് ചെയ്തു. എട്ട് പ്രതികള്‍ ഒളിവിലാണ്. ഇവരെയും സ്വര്‍ണക്കടത്തിനു സഹായിച്ചവരെയും കണ്ടെത്താന്‍ അന്വേഷണം തുടരും. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിന്റെ മറവില്‍ 14.82 കോടി രൂപയുടെ 30 കിലോ സ്വര്‍ണം കടത്തിയത് 2020 ജൂലായ് അഞ്ചിനാണ് കസ്റ്റംസ് പിടിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വര്‍ണം കടത്തിയതെന്ന് ചൂണ്ടിക്കാട്ടി പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, ഫൈസല്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെ 2020 ജൂലായ് പത്തിനാണ് എന്‍.ഐ.എ കേസെടുത്തത്. സ്വപ്നയെയും സന്ദീപിനെയും ബെംഗളൂരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫൈസല്‍ ഫരീദ് യു.എ.ഇ ജയിലിലാണ്. ഇയാളെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ കുറ്റപത്രത്തില്‍ നിന്നൊഴിവാക്കി.
പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, കെ.ടി. റമീസ്, എ.എം. ജലീല്‍, പി. മുഹമ്മദ് ഷാഫി, ഇ. സെയ്തലവി, പി.ടി. അബ്ദു, റബിന്‍സ് ഹമീദ്, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദാലി, കെ.ടി. ഷറഫുദീന്‍, എ. മുഹമ്മദ് ഷഫീഖ്, ഹംസദ് അബ്ദുസലാം, ടി.എം. സംജു, കെ. ഹംജദ് അലി, സി.വി. ജിഫ്‌സല്‍, പി. അബൂബക്കര്‍, കെ.വി. മുഹമ്മദ് അബ്ദുഷമീം, അബ്ദുള്‍ഹമീദ്, ഷംസുദീന്‍ എന്നിവരാണ് പ്രതികള്‍.
എന്‍ഐഎ കേസെടുത്താല്‍ യു.എ.പി.എ കുറ്റവും ശിക്ഷയും ഇങ്ങനെയാണ്. ദേശസുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവര്‍ത്തനമാണ് സെക്ഷന്‍16 . അഞ്ചുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴയും. ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം കണ്ടെത്തലാണ് സെക്ഷന്‍ 17. അഞ്ചുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴയും. ഭീകരപ്രവര്‍ത്തനത്തിനുള്ള ഗൂഢാലോചനയില്‍ പങ്കാളിയാകലാണ് സെക്ഷന്‍ 18. അഞ്ചുവര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവും പിഴയുമാണ് ശിക്ഷ. ഭീകര സംഘത്തില്‍ അംഗമാകലാണ് സെക്ഷന്‍ 20. ജീവപര്യന്തം വരെ തടവുംപിഴയുമാണ് ശിക്ഷ.
സ്വര്‍ണക്കടത്തു കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് 180 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചത് എന്‍.ഐ.എയുടെ മികവാകുമ്പോഴും സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം പ്രതികള്‍ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്‍.ഐ.എ കേസുകളില്‍ 180 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ലഭിക്കും. ഈ കേസില്‍ സ്വപ്നയെയും സന്ദീപിനെയും അറസ്റ്റ് ചെയ്ത് 178 ദിവസം പിന്നിടുമ്പോഴാണ് എന്‍.ഐ.എ കുറ്റപത്രം നല്‍കിയത്. അതിനാല്‍ തന്നെ ഇനിയുള്ള നീക്കം നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha






















