വി എസ് എന്ന രണ്ടക്ഷരം ജനങ്ങളുടെ മനസില്‍ തന്നെയുണ്ടാവും; ചിലര്‍ക്കുവേണ്ടി മാത്രം കാലം കാത്ത് വയ്ക്കുന്ന നീതിയാണത്; അനുസ്മരിച്ച് അഞ്ജു പാർവതി പ്രഭീഷ്

വിപ്ലവസൂര്യൻ അസ്തമിച്ചു. അനുസ്മരിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- മനസ്സിനുള്ളിൽ വല്ലാത്ത ഒരു വിങ്ങൽ. ആത്മാർത്ഥമായി സഖാവ് എന്ന പദം പേരിനൊപ്പം ചേർത്തെഴുതാൻ , ഹൃദയത്തിനുള്ളിൽ നിന്നും സഖാവേ എന്നു നീട്ടിവിളിക്കാൻ ഇനി വി എസ് എന്ന ജ്വലിക്കുന്ന രണ്ടക്ഷരം ഇനിയില്ല. ഇപ്പോൾ പാളയം വഴി ഞാൻ വന്നപ്പോൾ നഗരം ജനസാഗരം ആവുന്നതിന് സാക്ഷ്യം വഹിക്കുകയായിരുന്നു.
അവരിൽ എല്ലാവരും ഉണ്ട്. വെറും സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർ മുതൽ ഉന്നതർ വരെ. സത്യത്തിൽ ഒരു യുഗം ഇവിടെ തീരുന്നു. അത് ഉൾക്കൊള്ളാൻ കഴിയാത്തത് കൊണ്ടാവണം പാളയത്തെ ചുമട്ടു തൊഴിലാളി സെൽവൻ ചേട്ടനൊക്കെ വിങ്ങിപ്പൊട്ടി നില്ക്കുന്നു. ഈ നഗരത്തിന് അദ്ദേഹം ജനകീയനായ സമര നായകൻ ആയിരുന്നു.
കാലമെത്ര കഴിഞ്ഞാലും നിലപാടുകളിലെ ശരി കൊണ്ട് വി എസ് എന്ന രണ്ടക്ഷരം ജനങ്ങളുടെ മനസില്‍ തന്നെയുണ്ടാവും. ചിലര്‍ക്കുവേണ്ടി മാത്രം കാലം കാത്ത് വയ്ക്കുന്ന നീതിയാണത്. തിളച്ച വെയിലിന്റെ സായന്തനത്തിലും പോരാട്ടവീര്യം കെടാത്ത കനലായി സൂക്ഷിച്ച വിപ്ലവ നക്ഷത്രം ഇനിയില്ല എന്നോർക്കുമ്പോൾ വല്ലാത്തൊരു നോവ്. ഇനിയുണ്ടാകുമോ ഇനി ഇത് പോലൊരു കമ്മ്യൂണിസ്റ്റ്??? ഇല്ല, അദ്ദേഹം കേരള ചരിത്രത്തിലെ അവസാന കമ്മ്യൂണിസ്റ്റ് ആണ് .
നാളെ മകളുമായിട്ട് ദർബാർ ഹാളിൽ പോകണം. അവസാന അന്ത്യാഭിവാദ്യങ്ങൾ നല്കണം. എന്നിട്ട് അവളോട് പറയണം നീ കണ്ടത് സമരഭരിതമായ ഒരു കാലത്തിന്റെ അടയാളവാക്യമായി കേരള ചരിത്രത്തിന്റെ ഏടുകളിൽ ജ്വലിക്കുന്ന ഒരു വിപ്ലവ നക്ഷത്രം നിശ്ചലനായി കിടക്കുന്നത് ആണെന്ന് . നാളെ അവൾ വലിയ പെൺകുട്ടി ആവുമ്പോൾ ഓർമ്മയിൽ ഉണ്ടാവട്ടെ കേരളത്തിന്റെ രക്താരകമായി ജ്വലിച്ച ഒരാളെ അവസാനമായി കണ്ടിരുന്നു എന്ന്.
https://www.facebook.com/Malayalivartha