കാര്യങ്ങള്‍ മാറിമറിയുന്നു... ഇഡിക്ക് പിന്നാലെ സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസും; സ്വപ്ന സുരേഷിന്റെ മൊഴിയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ അന്വേഷിക്കുന്നതിനാണു ചോദ്യം ചെയ്യല്‍; നിയമസഭ നടക്കുമ്പോള്‍ ചര്‍ച്ചയിലായി മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും

നിയമസഭ നടക്കുമ്പോള്‍ സ്പീക്കറുടെ സ്റ്റാഫിന് പിന്നാലെ മുഖ്യമന്ത്രിയുടെ സ്റ്റാഫിനേയും ചോദ്യം ചെയ്യുമെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ കസ്റ്റംസും ചോദ്യം ചെയ്യും. അടുത്തയാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് ആലോചന. സ്വപ്ന സുരേഷിന്റെ മൊഴിയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ അന്വേഷിക്കുന്നതിനാണു ചോദ്യം ചെയ്യല്‍. ഇഡി നേരത്തെ രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.
സ്വപ്ന സുരേഷിന്റെ ഫോണിലേക്കു വിളിച്ചതിനെക്കുറിച്ചുളള മൊഴിയുടെ അടിസ്ഥാനത്തിലാണു രവീന്ദ്രനെയും ചോദ്യം ചെയ്യണമെന്ന തീരുമാനത്തിലേക്കു കസ്റ്റംസ് എത്തിയത്.
കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്തീഫ്, യുഎഇ കോണ്‍സുലേറ്റിനോടു ചേര്‍ന്നു തുടങ്ങിയ വീസ പ്രോസസിങ് സ്ഥാപനമായ യുഎഎഫ്എക്‌സ് സൊല്യൂഷന്‍സിനു വേണ്ടിയും രവീന്ദ്രന്‍ വിളിച്ചിരുന്നുവെന്നാണു സ്വപ്നയുടെ മൊഴിയെന്നാണു സൂചന.
സി.എം. രവീന്ദ്രനെ 3 തവണയാണ് ഇഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പലഘട്ടങ്ങളിലും അസുഖബാധിതനായി മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചത് ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അവസാനം പാര്‍ട്ടി കൂടി നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിനെ ചോദ്യം ചെയ്ത് ഹൈക്കോടതില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയതോടെയാണ് രവീന്ദ്രന്‍ വളരെ പെട്ടെന്ന് ചോദ്യം ചെയ്യലിന് ഹാജരായത്.
അതിനിടെ സി.എം. രവീന്ദ്രന്റെ സ്വത്ത് വിവരം ആവശ്യപ്പെട്ട് സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കി. രവീന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുവകകളുടെ വിശദാംശങ്ങള്‍ എല്ലാ രജിസ്‌ട്രേഷന്‍ ഓഫിസുകളിലും പരിശോധന നടത്തി അറിയിക്കണമെന്നാണ് രജിസ്‌ട്രേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധന നടത്തുമെന്നും സൂചനയുണ്ട്.
നേരത്തെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ചില സ്ഥാപനങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. 12 സ്ഥാപനങ്ങളില്‍ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം സി.എം. രവീന്ദ്രനെ ചോദ്യംചെയ്യാനുള്ള നീക്കമാണ് ഇ.ഡി ഇപ്പോള്‍ നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.എം. രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി രണ്ട് പ്രാവശ്യം നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ആദ്യത്തെ തവണ കോവിഡ് പോസിറ്റിവായി ക്വാറന്റീനില്‍ പോയ രവീന്ദ്രന്‍ കോവിഡ് മുക്തനായ ശേഷം രണ്ടാമതും നോട്ടീസ് കിട്ടിയപ്പോള്‍ കോവിഡാനന്തര ചികിത്സ തേടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ സി.പി.എം നേതൃത്വത്തിന്റെ ഉള്‍പ്പെടെ അതൃപ്തിയെ തുടര്‍ന്ന് രവീന്ദ്രന്‍ ആശുപത്രി വിട്ടു. അതിന് പിന്നാലെയാണ് രവീന്ദ്രന്റെ സ്വത്ത് വിവരങ്ങള്‍ തേടി ഇ.ഡി അന്വേഷണം ആരംഭിച്ചത്. വടകരയിലെ ചില വ്യാപാരസ്ഥാപനങ്ങളിലും ഊരാളുങ്കല്‍ ലേബര്‍ സഹകരണ സൊസൈറ്റിയിലും ഇ.ഡി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഇതിന് ശേഷമാണ് സിഎം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. അവസാനം ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അസുഖത്തിന്റെ പേരുപറഞ്ഞ് ഹാജരായതുമില്ല. അതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്. നിയമസഭ നടക്കുമ്പോള്‍ സ്പീക്കറുടേയും മുഖ്യമന്ത്രിയുടേയും സ്റ്റാഫിനെ ചോദ്യം ചെയ്യുന്നത് വലിയ ദോഷം ചെയ്യും.
https://www.facebook.com/Malayalivartha