പുരുഷന്മാരെ വശീകരിച്ച് ലോഡ്ജില്‍ കൊണ്ടുപോയി അബോധാവസ്ഥയിലാക്കി കവര്‍ച്ച നടത്തുന്ന സ്ത്രീ അറസ്റ്റില്‍

തിരുവനന്തപുരത്ത് പുരുഷന്മാരെ വശീകരിച്ച് കൊണ്ടു പോയി മദ്യം നല്‍കുകയും അബോധാവസ്ഥയിലാക്കി കവര്‍ച്ച നടത്തുകയും ചെയ്യുന്ന സ്ത്രീയെ പിടികൂടി. തിരുവനന്തപുരം കുന്നുകുഴി ബാട്ടണ്‍ഹില്‍ കോളനിയില്‍ സിന്ധുവിനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണേറ്റുമുക്ക് സ്വദേശിയായ യുവാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതിനെത്തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്.
ഡിസംബര്‍ 29 ന് രാത്രി 10 മണിക്കാണ് പ്രതി മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയ്ക്ക് സമീപത്തുനിന്ന് യുവാവിനെ കൂട്ടിക്കൊണ്ടുപോയത്. മെഡിക്കല്‍ കോളജ് ജംഗ്ഷനിലെ ലോഡ്ജില്‍ വാടകയ്ക്ക് മുറി എടുപ്പിച്ചശേഷം അമിതമായി മദ്യം നല്കി അബോധാവസ്ഥയില്‍ ആക്കിയശേഷം യുവാവ് ധരിച്ചിരുന്ന മൂന്നര പവന്റെ സ്വര്‍ണമാലയും ബ്രെയ്സ്ലെറ്റും 5000 രൂപയും മോഷ്ടിച്ചെടുത്ത് കടന്നു കളയുകയുമായിരുന്നു.
മോഷ്ടിച്ചെടുത്ത സ്വര്‍ണാഭരണങ്ങള്‍ വില്പന നടത്തിയ ചാലയിലെ ജ്വല്ലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ സമാനരീതിയില്‍ കൂടുതല്‍ കവര്‍ച്ചകള്‍ ചെയ്തിട്ടുള്ളതായി പൊലീസിനോടും സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡോ.ദിവ്യ വി.ഗോപിനാഥ് അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha