പ്രണയസാഫല്യം... വാലന്റൈന്‍സ് ദിനത്തില്‍ ഇവര്‍ ഒരുമിക്കുന്നു

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ രണ്ടുപേര്‍ ഇനി ഒരുമിച്ച് ജീവിതം തുടങ്ങുകയാണ്. കോവിഡ് കാലമാണ് ഇരുവരും കണ്ടുമുട്ടാനിടയായതും പ്രണയത്തിലെത്തിച്ചതും. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ രാജനും (58) അടൂര്‍ മണ്ണടി സ്വദേശി സരസ്വതിയുമാണ് (65) നാളെ ഒന്നിക്കുന്നത്.
ശബരിമല സീസണില്‍ പമ്ബയിലും പരിസരത്തുമുള്ള കടകളില്‍ പാചകം ചെയ്തുവരികയായിരുന്നു രാജന്‍. സഹോദരിമാര്‍ക്കുവേണ്ടി ജീവിതം മാറ്റിച്ചതിനിടെ സ്വന്തം വിവാഹത്തെക്കിറിച്ച് രാജന്‍ ചിന്തിച്ചില്ല. ജോലി ചെയ്തു കിട്ടുന്ന പണം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയാണ് പതിവ്. ലോക്ക്ഡൗണായതോടെ രാജനുള്‍പ്പെടെ ആറുപേരെ പമ്ബ പൊലീസ് താല്‍ക്കാലിക സംരക്ഷണത്തിനായി അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ വയോജന സംരക്ഷണവും പാചകവും രാജന്‍ സ്വയം ഏറ്റെടുത്തു.
2018 ഫെബ്രുവരി മുതല്‍ മഹാത്മയിലെ അംഗമാണ് സരസ്വതി. സംസാരവൈകല്യമുള്ള അവിവാഹിതയായ സരസ്വതി മാതാപിതാക്കള്‍ മരണപ്പെട്ടതോടെയാണ് തനിച്ചായത്. ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ പൊതുപ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് ഇവരെ മഹാത്മയിലെത്തിച്ചത്.
തുല്യ ദുഃഖിതരായ രാജനും സരസ്വതിയും പ്രണയത്തിലായത് ലോക്ക്ഡൗണ്‍ കാലത്താണ്. പരസ്പരം ഇഷ്ടമാണെന്ന വിവരം ഇവര്‍തന്നെ മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയെ അറിയിച്ചു. അങ്ങനെയാണ് പ്രണയദിനമായ ഫെബ്രുവരി 14ന് രാവിലെ 11നും 11.30നും ഇടയിലെ മുഹൂര്‍ത്തത്തില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha
























