ആകാംക്ഷയോടെ കേരളം... കോവിഡ് വ്യാപനത്തിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ യാത്ര കൊച്ചിയിലേക്ക്; രാജ്യത്തെ വികസന കുതുപ്പില്‍ എത്തിക്കുന്ന ബി.പി.സി.എല്ലിലെ പുതിയ പദ്ധതി രാജ്യത്തിന് അഭിമാനമാകും; ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കും

വളരെ നാളുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തുന്നത്. കൊറോണ വൈറസ് സൃഷ്ടിച്ച അനിശ്ചിതത്വത്തിന് ശേഷം മോദി ആദ്യമായാണ് കേരളത്തിലെത്തുന്നത്.
ഇതിനിടെ പല ഉദ്ഘാടനങ്ങളും മോദി ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മോദിയുടെ വരവ് കേരളം ആകാംക്ഷയോടെയാണ് കാണുന്നത്.
ബി.പി.സി.എല്ലിലെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍ എത്തുന്നത്. ചെന്നൈയില്‍ നിന്ന് 2.45ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തും. ഇവിടെ നിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി ഹെലിപ്പാഡില്‍ ഇറങ്ങിയാണ് അമ്പലമേട് വി.എച്ച്.എസ്.ഇ സ്‌കൂള്‍ ഗ്രൗണ്ടിലെ ഉദ്ഘാടന വേദിയിലെത്തുക. 3.30നാണ് ചടങ്ങ്.
ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുടെ റോറോ വെസ്സലുകള്‍, കൊച്ചി തുറമുഖത്തെ ക്രൂയിസ് ടെര്‍മിനല്‍ സാഗരിക, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ മറൈന്‍ എന്‍ജിനീയറിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയും ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ പോര്‍ട്ടിന്റെ സൗത്ത് കോള്‍ ബര്‍ത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുത്തശേഷം വൈകിട്ട് 5.55ന് ഡല്‍ഹിക്ക് മടങ്ങും.
കേരളത്തിന്റെയും ഇന്ത്യയുടെയും വികസനക്കുതിപ്പിന് പുത്തനുണര്‍വേകുന്നതാണ് വന്‍കിട പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കുന്നത്.
എറണാകുളം അമ്പലമുഗളില്‍ ബി.പി.സി.എല്ലിന്റെ റിഫൈനറി വിപുലീകരണ പദ്ധതിക്ക് (ഐ.ആര്‍.ഇ.പി) അനുബന്ധമായി സ്ഥാപിച്ച പി.ഡി.പി.പി., കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ തുറമുഖ ട്രസ്റ്റ് നിര്‍മ്മിച്ച 'സാഗരിക' അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനല്‍ എന്നിവയുടെ കമ്മിഷനിംഗാണ് മോദി നിര്‍വഹിക്കുക.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, തുറമുഖ സഹമന്ത്രി മന്‍സുഖ് എല്‍. മാണ്ഡവ്യ തുടങ്ങിയവര്‍ പങ്കെടുക്കും.
6,000 കോടി രൂപ ചെലവിട്ടാണ് പ്രൊപ്പിലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കല്‍ പ്രൊജക്ട് (പി.ഡി.പി.പി) ഒരുക്കിയത്. നിഷ് പെട്രോകെമിക്കലുകള്‍ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ റിഫൈനറിയാണ് കൊച്ചി ബി.പി.സി.എല്‍. നിലവില്‍, നിഷ് പെട്രോകെമിക്കലുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വര്‍ഷം 4,500 കോടി രൂപയുടേതാണ് ഇറക്കുമതി. അക്രിലിക് ആസിഡ്, അക്രിലേറ്റ്, ഓക്‌സോ ആല്‍ക്കഹോള്‍സ് എന്നിവയാണ് പി.ഡി.പി.പിയില്‍ ഉത്പാദിപ്പിക്കുന്നത്.
ഐ.ആര്‍.ഇ.പി 2019 ജനുവരിയില്‍ പ്രധാനമന്ത്രി മോദി നാടിന് സമര്‍പ്പിച്ചിരുന്നു. റിഫൈനറിയുടെ ഉത്പാദനശേഷി 15.5 ദശലക്ഷം ടണ്ണാക്കിയ കേരളത്തിലെ ഏറ്റവും വലിയ വ്യവസായ പദ്ധതിയാണിത്. ഐ.ആര്‍.ഇ.പിയുടെ നിര്‍മ്മാണഘട്ടത്തില്‍ 20,000 പേര്‍ക്ക് പരോക്ഷമായി തൊഴില്‍ ലഭിച്ചു.
ഐ.ആര്‍.ഇ.പിയില്‍ നിന്നാണ് പി.ഡി.പി.പി ക്ക് അസംസ്‌കൃത വസ്തുവായ പ്രൊപ്പീലിന്‍ ലഭ്യമാക്കുന്നത്.കൊച്ചി തുറമുഖ ട്രസ്റ്റ് എറണാകുളം വാര്‍ഫില്‍ പൂര്‍ത്തിയാക്കിയ പുതിയ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലിന്റെ നിര്‍മ്മാണച്ചെലവ് 25.72 കോടി രൂപയാണ്. നിലവില്‍ 250 മീറ്റര്‍ വരെ നീളമുള്ള ക്രൂസ് കപ്പലുകളാണ് കൊച്ചിയില്‍ അടുക്കുന്നത്.
പുതിയ ടെര്‍മിനലില്‍ 420 മീറ്റര്‍ വരെ നീളമുള്ള കപ്പലുകളെ സ്വീകരിക്കാം. 12,500 ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാകുന്ന ടെര്‍മിനസില്‍ ഒരേസമയം 5,000 സഞ്ചാരികളെ സ്വീകരിക്കാനുമാകും. പാസഞ്ചര്‍ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, എട്ട് കസ്റ്റംസ് ക്‌ളിയറന്‍സ് കൗണ്ടറുകള്‍, ഏഴ് സെക്യൂരിറ്രി കൗണ്ടറുകള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, വൈഫൈ തുടങ്ങിയവ സൗകര്യങ്ങളുമുണ്ടാകും. കസ്റ്റംസ് ക്‌ളിയറിംഗും ഒരു കുടക്കീഴില്‍ തന്നെ പൂര്‍ത്തിയാക്കാം.
മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗവും ഏറെ നിര്‍ണായകമാകും.
"
https://www.facebook.com/Malayalivartha