ആശ്വാസത്തോടെ ജീവിക്കാം... ഡൊണള്‍ഡ് ട്രംപിനെ വിചാരണ ചെയ്ത് കുറ്റക്കാരനാക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി; ട്രംപ് രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു; മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാല്‍ ശിക്ഷ വിധിക്കാനായില്ല; അവസാനം ട്രംപ് കുറ്റവിമുക്തന്‍

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കുറ്റക്കാരനാകുമെന്നാണ് സകലരും പ്രതീക്ഷിച്ചത്. അതിനുള്ള കരുനീക്കങ്ങളാണ് ഇപ്പോഴത്തെ അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയത്.
എന്നാല്‍ ട്രംപിനെ സ്‌നേഹിക്കുന്നവര്‍ സെനറ്റില്‍ ഇപ്പോഴുമുണ്ടെന്ന് വ്യക്തമാക്കി രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു.
കുറ്റം ചുമത്തി ശിക്ഷ വിധിക്കാന്‍ സെനറ്റ് മൂന്നില്‍ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമെന്നിരിക്കെ ഇന്നലെ വിചാരണയ്ക്കു ശേഷം ട്രംപ് കുറ്റക്കാരനെന്നു വോട്ടു ചെയ്തത് ആകെയുള്ള 50 ഡമോക്രാറ്റ് അംഗങ്ങളും 7 റിപ്പബ്ലിക്കന്‍ അംഗങ്ങളും.
ഇത്രയും റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കുറ്റം ചുമത്താന്‍ അനുകൂലിച്ചു വോട്ടു ചെയ്തതു ശ്രദ്ധേയമായി. പാര്‍ലമെന്റ് മന്ദിരത്തിനുനേരെ കലാപകാരികള്‍ ആക്രമണം നടത്തിയതിനു കാരണക്കാരന്‍ ട്രംപാണെന്ന ആരോപണമാണ് 5 ദിവസം നീണ്ട കുറ്റവിചാരണയ്ക്കു ശേഷം സെനറ്റ് തള്ളിയത്.
വാഷിങ്ടന്‍ സമയം ഇന്നലെ വൈകിട്ട് അതായത് ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെയാണ് വോട്ടെടുപ്പു നടന്നത്. സാക്ഷികളെ ഹാജരാക്കുന്ന നടപടി ഒഴിവാക്കിയതോടെയാണ് സെനറ്റ് വോട്ടെടുപ്പിലേക്ക് വേഗം നീങ്ങിയത്. 50- 50 എന്നിങ്ങനെ ഡമോക്രാറ്റ്, റിപ്പബ്ലിക്കന്‍ കക്ഷിനിലയുള്ള നൂറംഗ സെനറ്റില്‍ ഇംപീച്‌മെന്റ് പാസാകാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെന്നിരിക്കെ (67 വോട്ട്) ട്രംപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.
മുന്‍ പ്രസിഡന്റിന് അനുകൂലമായി വോട്ടു ചെയ്ത സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മകനല്‍ തുടര്‍ന്നു നടത്തിയ പ്രസംഗത്തിലെ വൈരുധ്യവും ചര്‍ച്ചയായി. പ്രായോഗികമായി ചിന്തിക്കുമ്പോള്‍ ട്രംപാണ് ജനുവരി 6നു കലാപകാരികള്‍ നടത്തിയ പാര്‍ലമെന്റ് ആക്രമണത്തിനു കാരണക്കാരനെന്നാണു മകനല്‍ പറഞ്ഞത്. എങ്കിലും ട്രംപിനെ കുറ്റവിമുക്തനാക്കാന്‍ വോട്ടു ചെയ്തു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ട്രംപ് കുറ്റക്കാരനെന്നു വോട്ടു ചെയ്ത റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍: റിച്ചഡ് ബര്‍, ബില്‍ കാസിഡി, സൂസന്‍ കോളിന്‍സ്, ലിസ മര്‍കോവ്‌സ്‌കി, മിറ്റ് റോമ്‌നി, ബെന്‍ സാസെ, പാറ്റ് റ്റൂമി.
യുക്രെയ്ന്‍ പ്രസിഡന്റുമായി ഗൂഢാലോചന നടത്തി ഡമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ കേസന്വേഷണത്തിനു ശ്രമിച്ചെന്ന ആരോപണത്തിലായിരുന്നു ട്രംപിന്റെ ആദ്യത്തെ കുറ്റവിചാരണ. അന്ന് ബൈഡന്‍ ഡമോക്രാറ്റ് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിട്ടില്ല.
വിചാരണയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സെനറ്റ് വോട്ടെടുപ്പു നടത്തിയപ്പോള്‍ വിധി ട്രംപിന് അനുകൂലമായി. ഇപ്പോള്‍ രണ്ടാം കുറ്റവിചാരണയും സെനറ്റിലെ റിപ്പബ്ലിക്കന്‍ അംഗബലത്തിലാണു ട്രംപ് അതിജീവിച്ചത്.
ട്രംപിനെതിരെ ഇംപീച്‌മെന്റിന് ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് യുഎസ് സെനറ്റില്‍ അദ്ദേഹത്തിന്റെ അഭിഭാഷക സംഘം വ്യക്തമാക്കിയിരുന്നു. ക്രമസമാധാന ചുമതലയുള്ള പ്രസിഡന്റായിരുന്നു അദ്ദേഹമെന്നും കാപിറ്റല്‍ മന്ദിരത്തില്‍ ജനുവരി ആറിനു നടന്ന അക്രമങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗം കാരണമല്ലെന്നും അഭിഭാഷകര്‍ വാദിച്ചു.
ഇംപീച്‌മെന്റ് രാഷ്ട്രീയപ്രേരിതമാണ്. കേസ് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ല എന്നുമാണ് ട്രംപിന്റെ അഭിഭാഷകന്‍ ബ്രൂസ് കാസ്റ്റര്‍ സെനറ്റില്‍ പറഞ്ഞത്. ഒരു രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കാനുള്ള നീക്കമാണിത്. വോട്ടര്‍മാരുടെ ആഗ്രഹമാണെന്ന തരത്തില്‍ അവരുടെ വിധിയെ അവതരിപ്പിക്കുന്നു.
ട്രംപ് വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നാണ് പറയുന്നത്. എന്നാല്‍ വിപ്ലവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. നാലു മണിക്കൂറോളമെടുത്താണ് ട്രംപിന്റെ അഭിഭാഷകര്‍ പ്രതിവാദം അവതരിപ്പിച്ചത്. ഇരുവിഭാഗത്തില്‍നിന്നും അന്തിമവാദം കേട്ടശേഷം 100 അംഗ സെനറ്റ് വോട്ടെടുപ്പിലൂടെ വിധി പ്രസ്താവിച്ചത്. ട്രംപ് ഇംപീച്ച്‌മെന്റ് അതിജീവിച്ചതോടെ ട്രംപ് യുഗം ഇനിയും അവസാനിച്ചിട്ടില്ലെന്ന് വ്യക്തം.
https://www.facebook.com/Malayalivartha