പിതാവിനെ കയ്യേറ്റം ചെയ്ത സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും

പിതാവിനെ കൈയ്യേറ്റം ചെയ്ത സഹോദരനെ ഭവനം കൈയ്യേറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ചെറുവക്കൽ അലത്തറ കാരുണ്യ ഭവനിൽ ബിനു (34) വിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ ഭവന കൈയ്യേറ്റത്തിന് അഞ്ചു വർഷം തടവനുഭവിക്കാനും ഇരുപത്തയ്യായിരം രൂപ പിഴയൊടുക്കാനും അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. അജിത്കുമാർ ഉത്തരവിട്ടു. ശ്രീകാര്യം അലത്തറ കരിപ്രത്തല വീട്ടിൽ ലില്ലി മകൻ ജോസ് എന്ന കുഞ്ഞുമോനെ (34) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. പിഴത്തുക കുഞ്ഞുമോൻ്റെ മാതാവിനു നൽകാനും കോടതി ഉത്തരവിട്ടു.
2010 സെപ്റ്റംബർ 6 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിനുവിൻ്റെ സഹോദരിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയായിരുന്നു കുഞ്ഞുമോൻ ദിവസ വാടകക്ക് ഓടിച്ചിരുന്നത്. സംഭവത്തിൻ്റെ തലേന്ന് കുഞ്ഞുമോൻ സവാരി കഴിഞ്ഞ് ഓട്ടോ ബിനുവിൻ്റെ വീട്ടിൽ ഒതുക്കിയ ശേഷം വീണ്ടും താക്കോൽ ചോദിച്ചത് കൊടുക്കാത്ത വിരോധത്താൽ കുഞ്ഞുമോൻ ബിനുവിൻ്റെ അച്ഛൻ മോഹനനെ കയ്യേറ്റം ചെയ്തു.
ഇതറിഞ്ഞ ബിനു പിറ്റേന്ന് കുഞ്ഞുമോൻ്റെ ഭവനം കൈയ്യേറി ഊണുകഴിച്ചു കൊണ്ടിരുന്ന കുഞ്ഞുമോനെ കുടുംബാംഗങ്ങളുടെ കൺ മുന്നിൽ വച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























