ആഴക്കടലിൽ മുങ്ങിതപ്പി മത്സ്യബന്ധനക്കരാർ... അങ്ങോട്ടുമിങ്ങോട്ടും പഴിചാരി മന്ത്രിമാർ...

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, പലവിധ കുരുക്കുകളിൽ പെട്ടിരിക്കുകയാണ് നമ്മുടെ ജനകീയ സർക്കാർ. അഴിമതി, പിൻവാതിൽ നിയമന വിവാദങ്ങൾക്ക് ശേഷം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന പുതിയ ഊരാക്കുടുക്കാണ് ഇഎംസിസി കരാർ. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ വിവാദത്തില്‍ വ്യക്‌തതയില്ലാതെ ഇരിക്കുകയാണ് വ്യവസായ-ഫിഷറീസ് വകുപ്പുകള്‍.
സര്‍ക്കാരിന്റെ മത്സ്യബന്ധന നയത്തില്‍ മാറ്റമില്ലെന്നും യു.എസ്. കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്‌ഥര്‍ക്കാണെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. യാതൊരു കടലാസിലും സര്‍ക്കാര്‍ ഒപ്പിട്ടിട്ടില്ലെന്നും ആരുമായും ധാരണാപത്രമില്ലെന്നും വ്യവസായമന്ത്രി ഇ.പി. ജയരാജനും വ്യക്തമാക്കിയിട്ടുണ്ട്.
യു.എസ്. കമ്പനിയുമായുള്ള ചര്‍ച്ചയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പങ്കെടുത്തെന്നു തെളിയിക്കുന്ന ചിത്രം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു. മത്സ്യബന്ധന വകുപ്പുമായി ബന്ധമില്ലാത്ത വിവാദത്തില്‍ മുഖ്യമന്ത്രിയെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇന്നലെ അതൃപ്‌തി അറിയിച്ചിരുന്നു. 5,000 കോടി രൂപയുടെ കരാറില്‍ ട്രോളറുകള്‍ നിര്‍മിക്കാനാണ് ഇ.എം.സി.സി. വ്യവസായവകുപ്പിനു സമര്‍പ്പിച്ച പദ്ധതിനിര്‍ദേശം.
എന്നാല്‍, 2,950 കോടിയുടെ ധാരണാപത്രമാണു മുഖ്യമന്ത്രിയുടെ കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്‌ടര്‍ എന്‍. പ്രശാന്തും ഇ.എം.സി.സി. (ഇന്ത്യ) ലിമിറ്റഡ് പ്രസിഡന്റ് ഷിജു എം. വര്‍ഗീസും കൊച്ചിയില്‍ ഒപ്പുവച്ച് ധാരണയായത്. ഇതുസംബന്ധിച്ച വാര്‍ത്താക്കുറിപ്പും പുറത്തുവിട്ടിരുന്നു. ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെങ്കില്‍ അതിനു സര്‍ക്കാരിനെ പഴിക്കേണ്ടതില്ലെന്നാണു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഇപ്പോഴത്തെ നിലപാട്.
5000 കോടിയുടെ വമ്പന്‍ കരാറിനു പിന്നില്‍ വ്യവസായവകുപ്പാണെന്നാണു ഇപ്പോൾ നൽകുന്ന സൂചന. വ്യവസായവകുപ്പിന്റെ നീക്കം ഫിഷറീസ് വകുപ്പ് അറിഞ്ഞിരുന്നില്ലെന്നാണു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണത്തില്‍ നിന്നു മനസ്സിലാക്കാൻ കഴിയുന്നത്. കരാറുമായി മത്സ്യബന്ധനവകുപ്പിനു നേരിട്ട് ബന്ധവുമില്ലെന്ന് അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
ഇക്കാര്യത്തില്‍ ഉദ്യോഗസ്‌ഥരുടെ പങ്ക് സംബന്ധിച്ച് പരാതിയും സമർപ്പിച്ചു. വ്യവസായവകുപ്പ് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദം മത്സ്യബന്ധനവകുപ്പിനു നേരേ തിരിച്ചുവിടാന്‍ ശ്രമമുണ്ടായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കേ, അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു പ്രശാന്ത്. വ്യവസായവകുപ്പിന് ഇ.എം.സി.സി. നല്‍കിയ നിവേദനമാണു പ്രതിപക്ഷനേതാവിന്റെ പക്കലെത്തിയത്.
ഇതു വ്യവസായ വകുപ്പില്‍ നിന്നു പോയതാണോയെന്ന് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടെന്നാണ് വിവരം. സര്‍ക്കാരിന്റെ മത്സ്യബന്ധനനയം തിരുത്തിയശേഷമാണു കരാറിനു നീക്കമുണ്ടായതെന്നാണ് ആരോപണം. എന്നാല്‍, മത്സ്യബന്ധനനയത്തിലെ തിരുത്തല്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അതില്‍ യാതൊരു അടിസ്‌ഥാനമാറ്റവും വരുത്തിയിട്ടില്ലെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ തറപ്പിച്ചു പറയുന്നുണ്ട്.
അതേസമയം, ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നില്‍ ബ്ലാക്ക്‌മെയില്‍ രാഷ്‌ട്രീയമാണെന്നും പുറത്തുവന്നതെല്ലാം കമ്പനിയുടെ വാദങ്ങളാണെന്നും മന്ത്രി ഇ.പി. ജയരാജന്‍ കുറ്റപ്പെടുത്തി. ഒരു കടലാസിലും സര്‍ക്കാര്‍ ഒപ്പിട്ടിട്ടില്ല. ആരുമായും ധാരണാപത്രമില്ലെന്നും ജയരാജന്‍ പറഞ്ഞു. ധാരണാപത്രവുമായി ബന്ധപ്പെട്ട വാര്‍ത്ത തെറ്റാണ്. കമ്പനി നല്‍കിയ നിവേദനത്തിലെ വിവരങ്ങളാണു പുറത്തുവരുന്നത്.
വ്യവസായത്തിനായി ആര്‍ക്കും പദ്ധതി സമര്‍പ്പിക്കാം. "മന്ത്രിമാര്‍ വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ പലരും കൂടിക്കാഴ്‌ച നടത്താന്‍ വന്നെന്നിരിക്കും. കമ്പനിയുടെ ആളുകള്‍ എന്നെയും വന്നുകണ്ടിരുന്നു. പ്രതിപക്ഷനേതാവിനെ കണ്ടിട്ടാണു വരുന്നതെന്നാണ് അവര്‍ പറഞ്ഞത്. അന്നേ ഒരു ശരികേട് തോന്നിയിരുന്നു. നിവേദനം സ്വീകരിച്ചെന്ന രസീത് തരുമോയെന്ന് അവര്‍ ചോദിച്ചെങ്കിലും കൊടുത്തില്ല. വ്യവസായവകുപ്പിന്റെ മെഗാ മറൈന്‍ ഫുഡ്‌പാര്‍ക്കില്‍ ഇ.എം.സി.സി.
കഴിഞ്ഞ ഒക്‌ടോബര്‍ 30-നു സ്‌ഥലം അനുവദിക്കാന്‍ അപേക്ഷ നല്‍കി. കഴിഞ്ഞ ഫെബ്രുവരി മൂന്നിനു നാലേക്കര്‍ അനുവദിക്കാമെന്ന് അറിയിക്കുന്ന കത്ത് കമ്പനിക്കു കെ.എസ്.ഐ.ഡി.സി. നല്‍കി. ഏക്കറിന് 1.37 കോടിയാണു 30 വര്‍ഷത്തേക്കുള്ള പാട്ടത്തുക. പാട്ടത്തുകയുടെ 20% ആദ്യം അടയ്‌ക്കണം. എന്നാല്‍, കമ്പനി ഇതുവരെ സ്‌ഥലത്തിനു പണം അടയ്‌ക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്‌തിട്ടില്ല" എന്നും ജയരാജന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























