കാര്യങ്ങള്‍ മാറിമറിയുന്നു... സ്വപ്ന സുരേഷ് അകത്തായിട്ടും സ്വര്‍ണക്കടത്തിന് കുറവൊന്നുമില്ലെന്ന സൂചന നല്‍കി മാന്നാറിലെ സംഭവം; മാന്നാറിലെ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ യുവതി സ്വര്‍ണക്കടത്തിലെ കണ്ണിയെന്ന് സൂചന; സ്വര്‍ണമെന്ന് തോന്നിയതിനാല്‍ വഴിയില്‍ കളഞ്ഞെന്ന യുവതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കസ്റ്റംസ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടിയതോടെ സ്വപ്നയും സ്വര്‍ണവും വാര്‍ത്തകളില്‍ നിന്നും മാഞ്ഞതാണ്. ഇപ്പോഴിതാ സ്വര്‍ണക്കടത്തിന്റെ മറ്റൊരു രൂപമാണ് മണക്കുന്നത്. സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച ഗള്‍ഫില്‍ നിന്നെത്തിയ മാന്നാര്‍ സ്വദേശി ബിന്ദുവിന് സംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
സ്വര്‍ണക്കടത്തിലെ കണ്ണിയാണെന്ന് സംശയിക്കുന്ന ഈ യുവതി എത്ര തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന ബിന്ദു ഈ സംഘവുമായി എങ്ങനെയാണ് ബന്ധം സ്ഥാപിച്ചതെന്ന് വ്യക്തമല്ല.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് 15 അംഗ സംഘം മാന്നാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് കുരട്ടിക്കാട് വിസ്മയ ഭവനത്തില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്.
ദുബായില്‍ വച്ച് ഖനീഫ എന്നയാള്‍ ഒരു പൊതി തന്നെ ഏല്‍പ്പിച്ചെന്നും സ്വര്‍ണമാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ബിന്ദു പോലീസിനോട് പറഞ്ഞത്. പിന്നീട് സ്വര്‍ണമാണെന്നറിഞ്ഞപ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഉപേക്ഷിക്കുകയായിരുന്നുവത്രെ. പൊതി തന്റെ കൈവശമുണ്ടായിരുന്നുവെന്ന് ബിന്ദു തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇവര്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന ദിശയിലേക്ക് അന്വേഷണ സംഘം എത്തിയത്.
നെടുമ്പാശേരിയില്‍ എത്തിയ ബിന്ദുവിനെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ ഭര്‍ത്താവിനൊപ്പം മാന്നാറിലേക്ക് പോകുന്നതിനു പകരം മുണ്ടക്കയത്ത് പോയതായും സംശയിക്കുന്നു. എത്രതവണ സ്വര്‍ണം കടത്തിയെന്നും സംഘവുമായി ബന്ധപ്പെട്ടതെങ്ങനെയെന്നും എത്രകാലമായി അടുപ്പം തുടങ്ങിയിട്ടെന്നും കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ദൗത്യം.
ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. മാന്നാര്‍, ചെങ്ങന്നൂര്‍, എടത്വ എന്നീ എസ്.എച്ച്.ഒമാരാണ് സംഘത്തിലുള്ളത്.
മാന്നാറിലെ പലയിടങ്ങളിലും വാടകയ്ക്ക് താമസിച്ചിരുന്ന ബിനോയ് ബിന്ദു ദമ്പതികള്‍ രണ്ട് വര്‍ഷം മുമ്പാണ് മാന്നാര്‍ പഞ്ചായത്ത് ഓഫീസിനു സമീപം സ്വന്തമായി സ്ഥലവും വീടും വാങ്ങി താമസമാക്കിയത്. പ്രദേശവാസികളുമായി വലിയ അടുപ്പം ഇല്ലായിരുന്നു. സ്വകാര്യ ധനകാര്യ ബാങ്കില്‍ നിന്ന് 30ലക്ഷം രൂപ വായ്പ എടുത്താണ് വീടു വാങ്ങിയത്. കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായി. വായ്പ അടയ്ക്കാനായി സ്വര്‍ണം വില്‍ക്കാനുള്ള സാദ്ധ്യതയും പൊലീസ് അന്വേഷിക്കുന്നു.
ബിനോയിയുടെയും ബിന്ദുവിന്റെയും അച്ഛനമ്മമാരും മകളും സഹോദരങ്ങളും ഉള്‍പ്പെടുന്ന കൂട്ടുകുടുംബമാണ് ഇവരുടേത്. നാട്ടില്‍ കഴിയുന്ന ബിനോയ് പലപ്പോഴും മുണ്ടക്കയത്ത് പോകാറുണ്ട്. ബിന്ദുവിനെയും ബിനോയിയെയും അന്വേഷിച്ച് പലപ്പോഴും അപരിചിതര്‍ എത്തിയിരുന്നെങ്കിലും സംശയം തോന്നിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കോട്ടയം സ്വദേശിയായ ബിനോയ് ആറ് വര്‍ഷം മസ്‌ക്കറ്റില്‍ കാര്‍വാഷ് സ്ഥാപനം നടത്തിയിരുന്നു. അത് നഷ്ടത്തിലായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. പിന്നീട് മൂന്നു വര്‍ഷം ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തു.
അതിനുശേഷം അഞ്ചു വര്‍ഷം ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവര്‍ ആയി ജോലിനോക്കുമ്പോഴാണ് കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായത്. എട്ട് മാസംമുമ്പ് ബിനോയിയും തുടര്‍ന്ന് ബിന്ദുവും നാട്ടിലെത്തി. രണ്ട് മാസത്തിനു ശേഷം ബിന്ദു വിസിറ്റിംഗ് വിസയില്‍ ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കാഷ്യറായി ജോലിചെയ്ത സ്ഥാപനത്തിലെക്ക് പോയി.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ തലേന്നാള്‍ മടങ്ങിയെത്തിയ ഇവര്‍ ജനുവരിയില്‍ വീണ്ടും വിസിറ്റിംഗ് വിസയില്‍ ദുബായിലേക്ക് മടങ്ങി. എന്നാല്‍, ജോലി ലഭിച്ചില്ലത്രെ. 40 ദിവസത്തിനു ശേഷം നാട്ടിലേക്ക് 19ന് മടങ്ങിവരുമ്പോഴാണ് മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘം ഒന്നരക്കിലോ സ്വര്‍ണം കൊടുത്തുവിട്ടത്. ഇതാണ് യുവതിയ്ക്ക് വിനയായി മാറിയത്.
"
https://www.facebook.com/Malayalivartha