സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ഡി വി ഡി കോടതിയിൽ പ്രദർശിപ്പിക്കാനും പകർപ്പെടുക്കാനുമുള്ള ഡിവൈസ് സഹിതം ഹൈടെക് സെൽ എസ്പി ഫെബ്രുവരി 24 ന് ഹാജരാകാൻ ഉത്തരവ്, കോടതിയിൽ ഹാജരാകാത്ത സൈബർ സെൽ ഡിവൈഎസ്പി ക്ക് കോടതിയുടെ രൂക്ഷ വിമർശനം

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ദ്യശ്യങ്ങടങ്ങിയ 2 ഡിവിഡികൾ കോടതിയിൽ പ്രദർശിപ്പിച്ച് പകർപ്പെടുക്കാൻ ഡിവൈസ് സഹിതം ഹൈടെക് സെൽ എസ്പി ഫെബ്രുവരി 24 ന് ഹാജരാകാൻ തലസ്ഥാനത്തെ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് എ. അനീസയുടേതാണ് ഉത്തരവ്.
ഇതേ ആവശ്യത്തിന് സിറ്റി സൈബർ സെൽ ഡിവൈഎസ്പി യോട് ഫെബ്രുവരി 15ന് ഹാജരാകാൻ കോടതി ഫെബ്രുവരി 2 ന് ഉത്തരവിട്ടിട്ടും ഉത്തരവ് പാലിക്കാത്തതിന് ഡിവൈഎസ്പിയെ കോടതി രൂക്ഷമായി വിമർശിച്ചു.
ഡിവൈഎസ്പിയുടെ നിഷ്ക്രിയത്വവും അലംഭാവവും ഗുരുതരമായ കൃത്യവിലോപവും കോടതിയുടെ നീതിനിർവഹണത്തെ തടയാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.
ഡി വൈ എസ് പി കോടതിയിൽ ഹാജരാകുകയോ സമയം തേടി അപേക്ഷ സമർപ്പിക്കുകയോ ചെയ്യാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
സർക്കാർ അഭിഭാഷക ഉമ നൗഷാദിനോട് കോടതി ഇക്കാര്യത്തിൽ അതൃപ്തി അറിയിക്കുകയും ചെയ്തു. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ ഡിവൈഎസ്പി ഹാജരാകാനാണ് കോടതി ഫെബ്രുവരി 2 ന് ഉത്തരവിട്ടിരുന്നത്.
ഫോറൻസിക് പരിശോധനക്ക് മുമ്പേ ഡി വി ഡികൾ കോടതിയിൽ പ്രദർശിപ്പിച്ചാൽ ഹാഷ് വാല്യൂ മാറില്ലെന്ന് ഫോറൻസിക് വിദഗ്ധ റിപ്പോർട്ട് ഫെബ്രുവരി 2 ന് കോടതിയിൽ സമർപ്പിച്ചു.
ഹാഷ് വാല്യു മാറുമോയെന്ന് ഫോറൻസിക് അഭിപ്രായ റിപ്പോർട്ട് ക്രൈംബ്രാഞ്ച് എസ്.പി ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. കോടതി നൽകിയ 2 ചോദ്യാവലിക്ക് ഫോറൻസിക് ഡയറക്ടറുമായി കൂടിയാലോചിച്ച് വിദഗ്ധ സാങ്കേതിക റിപ്പോർട്ട് ഫെബ്രുവരി 2 നകം കോടതിയിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എ.ഷാനവാസിനോടാണ് വ്യക്തതാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നത്.
അപ്രകാരമാണ് ഫോറൻസിക് വിദഗ്ധ സാങ്കേതിക റിപ്പോർട്ട് ഹാജരാക്കിയത്. ഡി വി ഡി പകർപ്പുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഫോറൻസിക് വിദഗ്ധ റിപ്പോർട്ട് പ്രകാരം പകർപ്പുകളെടുക്കാൻ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി.
"https://www.facebook.com/Malayalivartha