ഇഡി ക്കെതിരെ നിയമനടപടിക്ക് നീങ്ങിയാൽ അത് കോടതിയലക്ഷ്യമാകും? നിയമവിദഗ്ധർ സൂചിപ്പിച്ചത് എന്ത് ? സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ വേഗത്തിൽ കേസെടുക്കുന്നത് സർക്കാരിന് തിരിച്ചടിയായേക്കും

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഇഡി സമ്മർദ്ദം ചെലുത്തി എന്ന് കണ്ടെത്തിയതിനു പിന്നാലെ ഇഡി ക്കെതിരെ നിയമനടപടിക്ക് സർക്കാർ ഒരുങ്ങിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു. എന്നാൽ ഇ.ഡി.ക്കെതിരേ കേസ് എടുത്താൽ അത് കോടതിയലക്ഷ്യമാവുമെന്ന് നിയമവിദഗ്ധർ പറഞ്ഞതായിട്ടാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) എതിരേ വേഗത്തിൽ കേസെടുക്കുന്നത് സർക്കാരിന് തിരിച്ചടിയായേക്കുമെന്നും വിലയിരുത്തലുണ്ട് . പരാതി കോടതിയുടെ പരിഗണനയിലാണ് ഇപ്പോൾ ഉള്ളത് . പുറത്തുവരാത്ത രേഖയായതിനാൽ കോടതിയലക്ഷ്യമാകുമെന്നാണ് നിയമവിദഗ്ധർ പറയുന്നത് .
നിയമോപദേശം തേടാമെങ്കിലും പൊതുരേഖയാകാത്തിടത്തോളം കേസെടുക്കാനാകില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കോടതി നടപടികൾക്കു മുന്നേ സർക്കാർ കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകാനാണ് ഇ.ഡിയുടെ തീരുമാനം. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര് മൊഴിയായി നൽകാൻ ഇ.ഡി. ഉദ്യോഗസ്ഥൻ സമ്മർദം ചെലുത്തിയെന്ന് സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് നൽകിയ ജാമ്യാപേക്ഷയിൽ പരാമർശിക്കുന്നുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇ.ഡി.ക്കെതിരെ കേസെടുക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് സർക്കാർ നിയമോപദേശം തേടുകയും ചെയ്തിരുന്നു . സ്വപ്നാ സുരേഷിന്റെ ശബ്ദരേഖയുടെയും സന്ദീപിന്റെ കത്തിന്റെയും അടിസ്ഥാനത്തിൽ കേസെടുക്കാമെന്നാണ് ഉപദേശം കിട്ടിയിരുന്നത്. എന്നാൽ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ സർക്കാർ കേസെടുക്കാൻ സാധ്യത കുറവാണ്.
സുരക്ഷാഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശബ്ദസന്ദേശം നൽകിയതെന്ന് ഇ.ഡി.ക്ക് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ജയിൽ സൂപ്രണ്ടിന്റെ ഒപ്പുസഹിതമാണ് സ്വപ്നയിൽനിന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ.) ഇ.ഡി. മൊഴി ശേഖരിച്ചത്. ഇത് തെളിവുമൂല്യമുള്ളതിനാൽ ശബ്ദരേഖ വിവാദത്തിൽ ക്രൈംബ്രാഞ്ചിന് സ്വപ്ന നൽകിയ മൊഴിയെക്കാൾ പ്രാധാന്യമുണ്ട്.
ജയിൽ സൂപ്രണ്ട് മുഖാന്തരം സന്ദീപ് കോടതിക്ക് അയച്ച ഹർജിയിൽ കോടതി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഹർജിയിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി കോടതിക്ക് പോലീസിനോട് കേസെടുക്കാൻ നിർദേശിക്കാം. അല്ലെങ്കിൽ ഇ.ഡി. ഉദ്യോഗസ്ഥരോട് വിശദീകരണം തേടാം. ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താറുമുണ്ട്. ഇത്തരം നടപടികളിലേക്ക് പോയാൽമാത്രമേ പരാതി പൊതു രേഖയാവുകയുള്ളൂവെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha

























