വീണ്ടും നാമം ജപിപ്പിക്കല്ലേ... തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയം സജീവമാക്കി ബിജെപിയും എന്‍എസ്എസും; വിശ്വാസങ്ങളും ആചാരങ്ങളും ജീവവായുപോലെ, ഇത് മറന്നുപോകുന്നവര്‍ക്ക് തിരിച്ചടി ഉണ്ടാകും; ഇടതുപക്ഷത്തിന് മുന്നറിയിപ്പുമായി എന്‍എസ്എസ്

നിയമസഭാ തെരഞ്ഞെടുപ്പ് കൊടുമ്പിരി കൊള്ളവേ ശബരിമല വിഷയം സജീവ ചര്‍ച്ചയാക്കുകയാണ് ബിജെപിയും എന്‍എസ്എസും. നാമ ജപത്തിന് ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി എന്‍.എസ്.എസ്. രംഗത്തെത്തി.
ബഹുഭൂരിപക്ഷം ജനങ്ങളും അവരുടെ വിശ്വാസത്തെയും ആചാരാനുഷ്ഠാ നങ്ങളെയും ജീവവായു പോലെയാണ് കരുതുന്നത്. അധികാരത്തിന്റെ തള്ളലില്‍ ഇത് മറന്നുപോകുന്നവര്‍ക്ക് തിരിച്ചടി ഉണ്ടാകും. ശബരിമല വിഷയത്തിന്റെ പേരില്‍ സംഘടനയ്‌ക്കെതിരായുള്ള ചില ഇടതുപക്ഷനേതാക്കളുടെ വിമര്‍ശനം അതിരുകടക്കുന്നതായും എന്‍.എസ്.എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എന്‍.എസ്.എസിന്റെ നിലപാട് വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കുക എന്നതാണ്. ഏതെങ്കിലും രാഷ്ട്രീയനിലപാടിന്റെ അടിസ്ഥാനത്തിലല്ല അതിനുവേണ്ടി ആദ്യം മുതല്‍ ഇറങ്ങിത്തിരിച്ചത്. സംഘടനയ്‌ക്കോ, സംഘടനാ നേതൃത്വത്തിലുള്ള വര്‍ക്കോ പാര്‍ലമെന്ററിമോഹങ്ങളൊന്നുംതന്നെയില്ല.
സ്ഥാനമാനങ്ങള്‍ക്കോ രാഷ്ടീയ നേട്ടങ്ങള്‍ക്കോ വേണ്ടി ഏതെങ്കിലും സര്‍ക്കാരുകളുടെയോ രാഷ്ട്രീയനേതാക്കളുടെയോ പടിവാതില്‍ക്കല്‍ പോയിട്ടില്ല. വിശ്വാസസംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയാണ് ഇന്നോളം നിലകൊണ്ടിട്ടുള്ളത്. എന്നും വിശ്വാസം സംരക്ഷിക്കുന്നവര്‍ക്കൊപ്പമാണ്, അതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും എന്‍.എസ്.എസ് പറയുന്നു.
പൊതുവായി പറഞ്ഞാല്‍, ലോകത്തുള്ള ബഹുഭൂരിപക്ഷം ജനങ്ങളും അവര്‍ ഏതു മതത്തില്‍പ്പെട്ടവരായാലും അവരുടെ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും ജീവവായു പോലെയാണ് കരുതുന്നത്.
അധികാരത്തിന്റെ തള്ളലില്‍ ഇത് മറന്നുപോകുന്നവര്‍ക്ക് അതിന്റേതായ തിരിച്ചടി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. എന്‍.എസ്.എസിനെതിരെയുള്ള ഇത്തരം വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതേസമയം ശബരിമല സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ചില രാഷ്ട്രീയ ശക്തികള്‍ക്കല്ലാതെ മറ്റെല്ലാവര്‍ക്കും സര്‍ക്കാര്‍ നിലപാട് ബോധ്യമായി. എന്‍എസ്എസിന്റെ പ്രശ്‌നം എന്തെന്നറിയില്ല, ശബരിമല ഇപ്പോള്‍ വിഷയവുമല്ല. തിരഞ്ഞെടുപ്പിലോ നാട്ടിലോ അത് ഇപ്പോള്‍ ചര്‍ച്ചയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
വര്‍ഗീയ പ്രശ്‌നങ്ങളെ കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ലെന്ന് വിമര്‍ശനവും അദ്ദേഹം ആവര്‍ത്തിച്ചു. പലതുമായും സമരസപ്പെടുന്നു. കോണ്‍ഗ്രസിന്റെ മതേതര പ്രതിച്ഛായ ഇല്ലാതാവുന്നു, ബിജെപിയുമായുള്ള അതിര്‍വരമ്പ് കുറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കുറിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ധര്‍മ്മത്തില്‍ പ്രാവീണ്യമുള്ളവരാണ് യുവതീ പ്രവേശനത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം പറഞ്ഞു.സ്ത്രീപുരുഷ സമത്വത്തില്‍ മറ്റ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.
അതേസമയം കഴിഞ്ഞ കാര്യങ്ങളിലേക്ക് തിരിച്ചുപോയി വിവാദമുണ്ടാക്കേണ്ടെന്നും, ശബരിമലയില്‍ ഇത്തവണ സമാധാനപരമായി തീര്‍ത്ഥാടനം നടന്നുവെന്നും, അതാണ് പ്രധാനമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രതികരിച്ചു.
"
https://www.facebook.com/Malayalivartha






















