അഗ്നിനാളങ്ങള്‍ ഉപയോഗിച്ച് മുടി സ്ട്രെയ്റ്റ് ചെയ്യുന്ന വീഡിയോ യൂട്യൂബില്‍ കണ്ടു... 12 വയസുകാരൻ ഒന്ന് പരീക്ഷിച്ചു; ഒടുവിൽ തീപൊള്ളലേറ്റ് ബാലൻ മരിച്ചു
യൂട്യൂബ് വിഡിയോയിലെ ദൃശ്യങ്ങൾ അനുകരിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് 12 വയസ്സുകാരന് മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം 'പ്രസാര'ത്തില്‍ പ്രകാശിന്റെ മകന് ശിവനാരായണനാണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം നടക്കുന്നത്. അഗ്നിനാളങ്ങള്‍ ഉപയോഗിച്ച് മുടി സ്ട്രെയ്റ്റ് ചെയ്യുന്ന വീഡിയോ യൂട്യൂബില്‍ കണ്ട ശിവനാരായണന്‍ ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെ മുടിയിലും വസ്ത്രത്തിലും തീ പടർന്ന് പിടിക്കുകയായിരുന്നു.
കുട്ടിയുടെ മുത്തശ്ശി മാത്രം വീട്ടിലുണ്ടായിരുന്നപ്പോഴായിരുന്നു അഭ്യാസം. കുളിമുറിയിൽ വെച്ചായിരുന്നു അനുകരണ ശ്രമം നടന്നത്. അതിനാൽ തീ പടർന്ന് പിടിച്ചതും ആരുടേയും ശ്രദ്ധയിൽ പെട്ടില്ല.
ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണപെട്ടു.
വെങ്ങാനൂര്‍ ബോയ്സ് ഹൈസ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ശിവനാരായണന്‍. സ്ഥിരമായി യൂട്യൂബ് വീഡിയോകള്‍ കണ്ടിരുന്ന കുട്ടി ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതും പതിവായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha