പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഇനി ദിവസങ്ങള്‍ മാത്രം.... ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ ഏപ്രില്‍ ഒന്നുമുതല്‍ അസാധുവായിരിക്കും

പെര്‍മനന്റ് അക്കൗണ്ട് നമ്പറും (പാന്‍) ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രം. നിലവിലെ പ്രഖ്യാപനം അനുസരിച്ച് ഇവ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31-ന് അവസാനിക്കും.
ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ ഏപ്രില്‍ ഒന്നുമുതല്‍ അസാധുവായിരിക്കും. മാത്രമല്ല ഈ രേഖകള്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് 1000 രൂപ പിഴ ചുമത്താനും സാധ്യതയുണ്ട്. കോവിഡ്-19 പശ്ചാത്തലത്തിലാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ നീട്ടിയത്. 2020 ജൂണ്‍ 30 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്.
വീണ്ടും സമയം നീട്ടാനുള്ള സാധ്യത കുറവാണ്. നിലവില്‍ മിക്ക സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് സമര്‍പ്പിക്കേണ്ടതുണ്ട്. പാന്‍ കാര്‍ഡ് അസാധുവായാല്‍ ബാങ്ക് ഇടപാടുകളില്‍ അടക്കം ബുദ്ധിമുട്ട് നേരിട്ടേക്കും.. ഇന്‍കംടാക്സ് ഇ-ഫയലിങ് പോര്‍ട്ടല്‍വഴി പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ എളുപ്പമാണ്. 567678 അല്ലെങ്കില്‍ 56161 നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചും ലിങ്ക് ചെയ്യാം.
UIDPAN12digit Aadhaar>10digitPAN> ഈ ഫോര്‍മാറ്റിലാണ് എസ്എംഎസ് അയയ്ക്കേണ്ടത്.
ഓണ്‍ലൈനില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാനായില്ലെങ്കില്‍ എന്‍എസ്ഡിഎല്‍, യുടിഐടിഎസ്എസ്എല്‍ എന്നിവയുടെ സേവനകേന്ദ്രങ്ങള്‍ വഴി ഓഫ്ലൈനായി അതിന് സൗകര്യമുണ്ട്.
നിശ്ചിത സമയത്തിനകം ബന്ധിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ പാന്‍ ഉപയോഗിക്കാനാവില്ല. അതായത് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനോ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പണമിടപാട് നടത്തുന്നതിനോ കഴിയില്ലെന്ന് ചുരുക്കം.
അസാധുവായ പാന്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിച്ചാല്‍ പിഴചുമത്താന്‍ നിയമം അനുവദിക്കുന്നു.
എന്‍ആര്‍ഐകള്‍ക്ക് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നിരുന്നാലും ആധാര്‍ എടുത്തിട്ടുള്ളവര്‍ക്ക് പാനുമായി ബന്ധിപ്പിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha

























