വോട്ടര്‍പ്പട്ടികയില്‍ മരിച്ചുപോയ ആള്‍ക്കും ഇരട്ടവോട്ട് കണ്ടെത്തി; കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ഒരു വര്‍ഷം മുമ്പ് മരിച്ച ധര്‍മജന്‍ എന്ന വ്യക്തിക്ക് സ്വന്തം പേരില്‍ ഒരു ബൂത്തിലും മറ്റൊരുപേരില്‍ അതേ ഫോട്ടോയില്‍ തന്നെ വേറെ ഒരു വോട്ടുമുണ്ട്

ഇരട്ട വോട്ടിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെ കൂടുതൽ തെളിവുകൾ പുറത്ത് വരുകയാണ്. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വോട്ടര്‍പ്പട്ടികയില്‍ മരിച്ചുപോയ ആള്‍ക്കും ഇരട്ടവോട്ട് കണ്ടെത്തിയിരിക്കുന്നു. ഒരു വര്‍ഷം മുമ്പ് മരിച്ച ധര്‍മജന്‍ എന്ന വ്യക്തിക്കാണ് ഇരട്ടവോട്ട് കണ്ടെത്തിയത്. സ്വന്തം പേരില്‍ ഒരു ബൂത്തിലും മറ്റൊരുപേരില്‍ അതേ ഫോട്ടോയില്‍ തന്നെ വേറെ ഒരു വോട്ടുമാണ് ഇദ്ദേഹത്തിന് ഉള്ളത്.
അതോടൊപ്പം ഒരേ ഫോട്ടോ ഉപയോഗിച്ച് പലപേരില്‍ പല ബൂത്തില്‍ അഞ്ഞൂറിലേറെ വോട്ടുകളും കണ്ടെത്തിയിരിക്കുകയാണ്. വോട്ടര്‍പട്ടികയുടെ വിശദാംശങ്ങളോടെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും ഇരട്ട വോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ്. ലാല്‍ വ്യക്തമാക്കുകയുണ്ടായി.
കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ കുളത്തൂരില്‍ താമസിച്ചിരുന്ന വ്യക്തിയാണ് ധര്‍മജന്‍. അദ്ദേഹത്തിന്റെ കുളത്തൂര്‍ പോസ്റ്റോഫീസ് പരിധിയിലെ സ്ഥിരം മേല്‍വിലാസത്തിലുള്ള വോട്ട് ഇപ്പോഴും വോട്ടര്‍പട്ടികയിലുണ്ട്. ധര്‍മജന്റെ അച്ഛന്റെ പേര് നാരായണന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതേ വ്യക്തിയുടെ പടം ഉപയോഗിച്ച് ജയേന്ദ്രന്‍ എന്ന പേരില്‍ കണിയാവിളാകം എന്ന മേല്‍വിലാസത്തില്‍ മറ്റൊരു വോട്ടുമാണ് കണ്ടെത്തിയത്. എന്നാല്‍ അച്ഛന്റെ പേര് ചെല്ലമ്മ എന്നാണ് പട്ടികയിലുള്ളത്.
അതേസമയം ഇരട്ട വോട്ടിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും .ഒരാള്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് വരുത്തണമെന്ന് കോടതി കഴിഞ്ഞ ദിവസം ഉത്തരവിടുകയുണ്ടായി .ആവശ്യമായ നടപടികള്‍ യുദ്ധകാലാടിസ്ഥാത്തില്‍ നടത്തണമെന്നായിരുന്നു കോടതി നിര്‍ദേശം എന്നത്.
ഇരട്ട വോട്ട് ആരോപണത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് സമര്‍പ്പിച്ചേക്കും .സംസ്ഥാനത്താകെ നാലരലക്ഷം കള്ള വോട്ടോ ഇരട്ട വോട്ടോ ഉണ്ടെന്ന് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലാണ് കോടതി നടപടി .ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
https://www.facebook.com/Malayalivartha























