'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍

മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ് 83കാരനായ അമിതാഭ് ബച്ചന്‍. 36 മില്യണ്‍ ആളുകളാണ് അമിതാഭ് ബച്ചനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ നടന്‍ പങ്കുവച്ച ഒരു പേഴ്‌സണല്‍ ബ്ലോഗാണ് ആരാധകര്‍ക്കിടയില്‍ ആശങ്ക പരത്തുന്നത്.
ആരോഗ്യസ്ഥതിയെക്കുറിച്ചാണ് അമിതാഭ് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്. രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ചാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. 'ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഐസിയുവില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സംഘത്തിന്റെയും പരിചരണത്തിലായിരുന്നു. ഇപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി. എന്നാല്‍, വീട്ടിലേക്കുള്ള ഈ മടങ്ങിവരവാണ് ശാരീരികമായും മാനസികമായും ഏറ്റവും പ്രയാസമേറിയ ഘട്ടം.
നിങ്ങള്‍ ആരാധിക്കപ്പെടുന്ന ജേതാവായിരിക്കാം. എന്നാല്‍, ഒരു ദിവസം തോല്‍വി നിങ്ങളുടെ മുന്നില്‍വന്നുനില്‍ക്കും. അതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം. ചിലര്‍ അതിനെ ധൈര്യപൂര്‍വം നേരിടും, ചിലര്‍ കീഴടങ്ങും. നിരന്തരം പോരാടി ധീരത കാട്ടുന്നവര്‍ എന്നും ചാമ്പ്യന്മാരായി തുടരും. അല്ലാത്തവര്‍ ഭൂതകാലത്തിലെ പ്രതാപത്തില്‍ ജീവിക്കും. അത് വ്യക്തികളുടെ തീരുമാനമാണ്. അതില്‍ ശരിയോ തെറ്റോ ഇല്ല. എല്ലാവര്‍ക്കും സന്തോഷവും ആരോഗ്യവും നേരുന്നു' എന്നാണ് അമിതാഭ് ബച്ചന്‍ കുറിച്ചിരിക്കുന്നത്. നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ അസുഖത്തെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ താരം പുറത്തുവിട്ടിട്ടില്ല. ആയിരക്കണക്കിന് ആരാധകരാണ് അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha
























