അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...

യുക്രൈൻ നഗരമായ കീവ് ഒഡേസയുടെ തീരത്തെ കപ്പലിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ച അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കിയിരിക്കുകയാണ്. രണ്ട് മാസം മുമ്പ് അവധിക്ക് നാട്ടിൽ വന്നപ്പോൾ ഇടുക്കി സ്വദേശിനിയായ യുവതിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. മേയ് 24ന് ആയിരുന്നു വിവാഹ നിശ്ചയം.
അടുത്ത ഏപ്രിലിൽ അവധിക്കു വരുമ്പോൾ വിവാഹം നടത്താനായിരുന്നു തീരുമാനം. പ്രിയപ്പെട്ടവരെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് ആ ദുരന്ത വാർത്തയെത്തിയത്.
ജോലി സ്ഥലത്തു നിന്ന് ഇമെയിൽ സന്ദേശമായാണ് മരണവിവരം അറിയുന്നത്. അപകടം സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും ബന്ധുക്കൾ ക്കും ലഭ്യമായിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് ബന്ധുക്കളുള്ളത്.
പിതാവ് വാളിപ്ലാക്കൽ ജോയന്റെയും അമ്മ സാലിയുടെയും ഏക പ്രതീക്ഷയായിരുന്നു അഖിൽ. ഇരുവരും കഷ്ടപ്പെട്ടാണ് മകനെ പഠിപ്പിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലിചെയ്യുന്ന ജോയൻ മകനു ജോലി ലഭിച്ചതിനുശേഷമാണ് സ്വന്തമായി വീട് നിർമിച്ചത്. അമ്മ സാലി പരപ്പ തപാൽ ഓഫീസിൽ ആർഡി കളക്ഷൻ ഏജന്റാണ്.
ചെന്നൈയിൽ മറൈൻ എൻജിനീയറിങ് പാസായ ശേഷം അഖിൽ ജോയൻ മർച്ചന്റ് നേവിയിൽ ചേർന്നു. കഴിഞ്ഞ 4 വർഷമായി എംവി ഗോൾഡൻ ലിയോ കപ്പലിലെ ചീഫ് ഓഫിസറായിരുന്നു. കപ്പലിൽ ജോലിക്കുചേർന്ന അഖിൽ ജോയൻ മികച്ച വടംവലി താരവും ഫിംഗർ പുള്ളിങ്ങിൽ ലോക റെക്കോർഡ് ഉടമയുമാണ്. ഒഡേസ യുക്രൈൻ തീരത്ത് ചരക്കുകപ്പലിനുനേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ മലയാളിയുൾപ്പെടെ 4 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ആകെ 10 പേരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha


























