ഇ ഡിക്കെതിരെയുള്ള കേസുമായി മുന്നോട്ടു പോകാം; കേസിലെ തുടർനടപടി സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി തള്ളി; അന്വേഷണം തുടരാമെങ്കിലും ഇ.ഡി ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

ഒടുവിൽ ആ നിർണായക തീരുമാനം. ഇ ഡിക്കെതിരെയുള്ള കേസുമായി മുന്നോട്ടു പോകാം. നിയമസഭാ വോട്ടെടുപ്പിന് നാലു ദിവസം മാത്രം ബാക്കി നിൽക്കവേയാണ് സർക്കാർ അനുകൂലമായ തീരുമാനം വന്നിരിക്കുന്നത്.
സ്വർണക്കടത്തു കേസിൽ കേന്ദ്രത്തിന്റെ രാഷ്ട്രീയലാക്ക് ആരോപിക്കുന്ന ഇടതു സർക്കാരിന് അനുകൂലമാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരായ ക്രൈംബ്രാഞ്ച് കേസ് തുടരാമെന്ന് ഹൈക്കോടതി അനുമതി.
കേസിലെ തുടർനടപടി സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അനുവദിച്ചില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്‌നയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ കേസ്.
എന്നാൽ അന്വേഷണം തുടരാമെങ്കിലും ഇ.ഡി ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കാൻ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ നൽകിയ ഹർജി അന്തിമവാദത്തിന് ഏപ്രിൽ എട്ടിലേക്കു മാറ്റി.
ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നത് ഇ.ഡി അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ സ്റ്റേ അനുവദിക്കണമെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
സർക്കാരിനു വേണ്ടി ഹാജരായ മുൻ അഡി. സോളിസിറ്റർ ജനറൽ ഹരിൻ പി. റാവൽ ഇതിനെ എതിർത്തു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുണ്ടാകില്ലെന്ന് ഉറപ്പു നൽകിയിട്ടുള്ളതിനാൽ സ്റ്റേ അനുവദിക്കരുതെന്നായിരുന്നു സർക്കാർ വാദം. ഇത് അംഗീകരിച്ചാണ് അന്വേഷണം തുടരാൻ ജസ്റ്റിസ് വി.ജി. അരുൺ അനുമതി നൽകിയത്.
എന്നാൽ, കസ്റ്റംസ് കമ്മിഷണറോട് മൊഴി നൽകാൻ ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി അസി. സോളിസിറ്റർ ജനറൽ ഒാഫീസിലെ അഭിഭാഷകൻ അറിയിച്ചു. ഇതു നിഷേധിച്ച സർക്കാർ, അങ്ങനെ ആരോടും നിർദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. സാക്ഷികളെ വിളിച്ചുവരുത്തരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
കേസിലെ പ്രാഥമികാന്വേഷണ രേഖകളും കേസ് ഡയറിയും ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഉപഹർജിയും നൽകിയിട്ടുണ്ട്.അസംബന്ധം: ഇ.ഡിക്രൈംബ്രാഞ്ച് അന്വേഷണം തുടർന്നാൽ നിയമവാഴ്ചയുടെ അന്ത്യമാകും ഫലമെന്നും, കേന്ദ്ര ഏജൻസികൾക്ക് കേരളത്തിൽ ഭയരഹിതമായി അന്വേഷിക്കാനാകാതെ വരുമെന്നും ഇ.ഡി വാദിച്ചു.
ഒരു അന്വേഷണ ഏജൻസി കണ്ടെത്തുന്ന തെളിവുകളുടെ സത്യസന്ധത മറ്റൊരു അന്വേഷണ ഏജൻസിക്ക് പരിശോധിക്കാനാകില്ല. വിചാരണ നടത്തി കോടതിയാണ് ഇത് തീരുമാനിക്കേണ്ടത്.
സ്വപ്നയുടെ രഹസ്യമൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുണ്ട്. ഇതേക്കുറിച്ച് എഫ്.ഐ.ആറിൽ ഒന്നും പറയുന്നില്ല. എഫ്.ഐ.ആർ അവ്യക്തവും തലയും വാലുമില്ലാത്തതുമാണ്.
സർക്കാർഇ.ഡി പുകമറ സൃഷ്ടിക്കുകയാണെന്നും, അവരുടെ അന്വേഷണത്തെ ബാധിക്കുന്ന കേസല്ല ഇതെന്നുംസർക്കാർ വാദിച്ചു. സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറാണ് ജയിൽ ഡി.ജി.പിക്ക് കത്തു നൽകിയത്.
ആരുടെ ശബ്ദമാണ്, എങ്ങനെ പുറത്തുവന്നു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പ്രാഥമികമായി അന്വേഷിച്ചത്. ചില വസ്തുതകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കേസെടുത്തത്. കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന് വിവരം ലഭിച്ചാൽ കേസെടുക്കാൻ ബാദ്ധ്യതയുണ്ട്. ഉന്നത വ്യക്തികളെ അപകീർത്തിപ്പെടുത്താൻ ഹർജിയുടെ പേരിൽ വിവരങ്ങൾ പുറത്തുവിടുകയാണ്.
https://www.facebook.com/Malayalivartha

























