കെഎസ്ഇബിയില്‍ നിന്ന് ഇന്ന് 871 പേര്‍ പടിയിറങ്ങും. പകരം തിരുകി കയറ്റല്ലേ.. ആ 10,207 കുറയട്ടെ ഖജനാവ് രക്ഷപെടാന്‍ ഒരവസരം

കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വിടവാങ്ങലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്തംഭിക്കുമോ എന്ന അമ്പരപ്പാണ് ജനങ്ങള്‍ക്കുള്ളത്. അതിലുപരി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നെഞ്ചിടിപ്പും. കാരണം ഇനി ഈ വരുന്ന പതിനായിരിത്തില്‍പരം ഒഴിവുകളിലേക്ക് ഇഷ്ടക്കാരെ തിരുകി കയറ്റുമോ എന്ന ആവലാതിയും അവര്‍ പങ്കുവയ്ക്കുന്നുണ്ട്.
ഓരോ സര്‍ക്കാര്‍ വകുപ്പും എടുത്ത് പരിശോധിക്കുമ്പോള്‍ മെയ് 31 കെഎസ്ഇബിക്ക് വളരെയധികം പ്രധാന്യം അര്‍ഹിക്കുന്ന ദിവസമാണ്. ഡയറക്ടര്‍ തലത്തില്‍ നിന്നും ഏറ്റവും താഴെ തലത്തില്‍ നിന്നുമുള്‍പ്പെട 871 പേരാണ് ഇന്ന് സര്‍വ്വീസ് അവസാനിപ്പിച്ച് പടിയിറങ്ങുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ കെഎസ്ഇബിയില്‍ സേവനം അനുഷ്ടിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
അത് മാത്രമല്ല, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് നാലായിരത്തോളം ജീവനക്കാരാണ് കെഎസ്ഇബിയില്‍ നിന്ന് വിരമിക്കാന്‍ ഇരിക്കുന്നത്. ജൂണില്‍ സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ ജനന തീയതി മേയ് മാസത്തിലാക്കുന്ന രീതി പണ്ട് വ്യാപകമായിരുന്നതാണ് ഇത്തരത്തില്‍ കൂട്ട വിരമിക്കലിന് വഴിയൊരുക്കുന്നതെന്ന് കണക്കുകൂട്ടലുണ്ട്.
ഇതുകൂടാതെ, വനം മേധാവി പി.കെ.കേശവന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.വി.ആര്‍.രാജു, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എ.റംലാബീവി എന്നിവര്‍ ഇന്നു വിരമിക്കുന്നു. ഇവരുള്‍പ്പെടെ വിവിധ വകുപ്പുകളിലെ 10,207 ഉദ്യോഗസ്ഥരാണ് ഇന്ന് ഔദ്യോഗിക ജീവിതത്തോടു വിടപറയുന്നത്. ഇതിനൊപ്പം കൂട്ട സ്ഥാനക്കയറ്റത്തിനും വഴിയൊരുങ്ങും.
1986 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പി.കെ.കേശവന്‍ ഊര്‍ജ മന്ത്രാലയം ഡയറക്ടര്‍, സിവില്‍ വ്യോമയാന മന്ത്രാലയം ഡയറക്ടര്‍, പഞ്ചായത്തീരാജ് കാര്യ മന്ത്രാലയം ഡയറക്ടര്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട് സ്‌പെഷല്‍ ഓഫിസര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ്.
26 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ആരോഗ്യ ഡയറക്ടര്‍ ഡോ.വി.ആര്‍.രാജു എറണാകുളം പിറവം സ്വദേശിയാണ്. ഡോ.എ. റംലാബീവി കോട്ടയം, ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജുകളുടെ പ്രിന്‍സിപ്പല്‍ ആയിരുന്നു. തിരുവനന്തപുരം തോന്നയ്ക്കല്‍ വേങ്ങോട് സ്വദേശിയാണ്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്‌പെഷല്‍ ഓഫിസര്‍ ഡോ.എന്‍.റോയ്, തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സാറ വര്‍ഗീസ്, ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ കണ്‍ട്രോളര്‍ ഓഫ് റേഷനിങ് എസ്.കെ.ശ്രീലത തുടങ്ങിയവരും ഇന്നു വിരമിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.
കൂട്ടവിരമിക്കല്‍ പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. കെഎസ്എഫ്ഇയില്‍നിന്ന് 119 പേര്‍ വിടപറയും. പിഎസ്‌സി ആസ്ഥാനത്തു നിന്ന് 26 പേര്‍ പോകുന്നതോടെ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതുള്‍പ്പടെയുള്ള ജോലികള്‍ മന്ദഗതിയിലായിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ നിന്ന് 112 പേരാണു വിരമിക്കുന്നത്. 81 പേരും പൊതുഭരണ വകുപ്പില്‍ നിന്നാണ്. ഈ വര്‍ഷം 20,719 പേരാണ് ആകെ സര്‍വീസില്‍ നിന്നു വിരമിക്കുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ഭാരത്തിനനുസരിച്ച് തസ്തികകള്‍ ക്രമീകരിക്കാനും അധിക തസ്തികകള്‍ കണ്ടെത്താനും സര്‍ക്കാര്‍ വീണ്ടും ശ്രമം തുടങ്ങി. ഇതിന് ചീഫ് സെക്രട്ടറിയുടെ ഉത്തരവുപ്രകാരം പ്രത്യേകം സമിതികള്‍ രൂപവത്കരിച്ചു. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. മുമ്പ് പലവട്ടം ഇതിന് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
എല്ലാ വകുപ്പുകളിലും സെക്രട്ടറി അധ്യക്ഷനായ സമിതി പഠനം നടത്താനാണ് ഉത്തരവ്. വകുപ്പുതലവനും ധനവകുപ്പ്, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് എന്നിവയുടെ പ്രതിനിധികളും അംഗങ്ങളായിരിക്കും. പതിനൊന്നാം ശമ്പളക്കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരം 5.21 ലക്ഷമാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍. ഇവരില്‍ 1.40 ലക്ഷംപേര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 33,000ഓളം കരാര്‍ ജീവനക്കാര്‍ അധികമാണെന്ന് കണ്ടെത്തിയിരുന്നു. പല വകുപ്പുകളിലും ആവശ്യത്തിലേറെ ജീവനക്കാരുള്ളപ്പോഴാണ് വീണ്ടും കരാര്‍ നിയമനം നടത്തുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് അധിക തസ്തികകള്‍ കണ്ടെത്താന്‍ തീരുമാനിച്ചിരുന്നത് കോവിഡ് കാരണം മുടങ്ങി. അപ്രസക്തവിഭാഗങ്ങള്‍ നിര്‍ത്തലാക്കാനും രണ്ടായിരത്തോളം ജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളിലേക്കും മറ്റും മാറ്റാനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചെങ്കിലും നടന്നില്ല. ജീവനക്കാരുടെ സംഘടനകള്‍ എല്ലാ ഘട്ടങ്ങളിലും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
കൂട്ട വിരമിക്കല്‍ കെഎസ്ഇബിയുടെ പെന്‍ഷന്‍ ബാധ്യത ഗണ്യമായി ഉയര്‍ത്തും. നിലവിലുള്ള ജീവനക്കാരേക്കാള്‍ കൂടുതല്‍ പെന്‍ഷന്‍കാരാണ് കെഎസ്ഇബിയിലുള്ളത്. സ്ഥിരം ജീവനക്കാര്‍ ഏതാണ്ട് 26000 ഉള്ളപ്പോള്‍ പെന്‍ഷന്‍കാരുടെ എണ്ണം 30000ത്തോളമാണ്. കെഎസ്ഇബി 2014ലാണ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്.
വിരമിക്കല്‍ ആനുകൂല്യങ്ങളുംപെന്‍ഷനും വിതരണം ചെയ്യുന്നതിനായി പ്രത്യേക ട്രസ്റ്റും രൂപീകരിച്ചു. 16,000 കോടി രൂപയോളമാണ് നിലവില്‍ പെന്‍ഷന്‍ ബാധ്യത. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഇത് 34,000 കോടിയായി ഉയരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സാമ്പത്തിക ബാദ്ധ്യത കുറക്കാന്‍ കെഎസ്ഇബി ശ്രമിക്കുമെന്നാണ് വിലയിരുത്തല്‍
കെഎസ്ഇബിയുടെ വരുമാനത്തിന്റെ 27 ശതമാനവും ശമ്പള ബാധ്യതക്കാണ് ചെലവിടുന്നത്.ദേശിയ തലത്തില്‍ ഇത് 15 ശതമാനം മാത്രമാണ്. ശമ്പള ചെലവിനത്തില്‍ നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കെഎസ്ഇബിക്ക് അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
ഈ സാഹചര്യത്തില്‍ അപ്രധാന തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ വേണ്ടെന്നു വച്ച് ജീവനക്കാരുടെ എണ്ണം കുറക്കാനാണ് ബോര്‍ഡിന്റെ നീക്കം.കൂട്ട വിരമിക്കലിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ കുറവും എത്ര തസ്തികകള്‍ ഒഴിവാക്കാനാകും എന്നതിലെല്ലാം kseb ആഭ്യന്തര പഠനം തുടങ്ങി കഴിഞ്ഞു
വര്‍ഷം ഏകദേശം 20,000 പേരാണ് വിരമിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം വിവിധ മാസങ്ങളിലായി 21,083 പേര്‍ വിരമിക്കുമെന്നാണ് ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണക്ക്.
https://www.facebook.com/Malayalivartha
























