ഇങ്ങനെയുമുണ്ടോ ലോകം... കാറിനുള്ളില്‍ ക്വാറി വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള സജികുമാര്‍ നല്‍കിയത് വ്യത്യസ്തമായ മൊഴികള്‍; കൊലനടത്തിയത് കൊല്ലപ്പെട്ട ദീപു പറഞ്ഞിട്ട്, മുടന്തഭിനയിച്ചത് വഴിതെറ്റിക്കാന്‍

കേരളത്തെ ഏറെ ഞെട്ടിച്ച സംഭവമാണ് കാറിനുള്ളില്‍ ക്വാറി വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഈ സംഭവത്തില്‍ കസ്റ്റഡിയിലുള്ള അമ്പിളി എന്ന സജികുമാര്‍, കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് വ്യത്യസ്തമായ മൊഴികളാണ് തുടക്കം മുതല്‍ നല്‍കുന്നത്. കൊല്ലപ്പെട്ട ദീപുവിന്റെ ആവശ്യപ്രകാരമാണ് കൊല നടത്തിയതെന്ന വിചിത്രമൊഴിയാണ് ഇയാള്‍ ആദ്യം നല്‍കിയത്.
വാഹനത്തിലുണ്ടായിരുന്ന പണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, അന്വേഷണസംഘം ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. പ്രാഥമികാന്വേഷണത്തില്‍ അതു തെളിയിക്കുന്നതിനായുള്ള ഒരു വിവരവും ലഭിച്ചിട്ടുമില്ല. പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കി പോലീസിന്റെ അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നതെന്നാണ് സംശയം.
കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയ സംഘത്തെ രക്ഷിക്കാനാണ് ഇങ്ങനെ മൊഴിമാറ്റുന്നതെന്നും പോലീസ് കരുതുന്നു. സംഭവത്തിനു ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് മുടന്തഭിനയിച്ച് നടന്നുപോയതെന്നും തുടര്‍ന്ന് ബസ് മാര്‍ഗമാണ് വീട്ടിലെത്തിയതെന്നുമാണ് ഇയാളുടെ മൊഴി. വാഹനത്തിലുണ്ടായിരുന്ന പത്തുലക്ഷം രൂപ താന്‍ എടുത്തിട്ടില്ലെന്ന് ആദ്യം പറഞ്ഞ സജികുമാര്‍, പിന്നീട് മാറ്റിപ്പറഞ്ഞു. പണം എടുത്തതായും അഞ്ചുലക്ഷം വീട്ടിലുണ്ടെന്നും സമ്മതിച്ചു.
പണം വീട്ടിലുണ്ടെന്ന് ഇയാളുടെ ഭാര്യയും ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ പരിശോധനയ്ക്ക് തമിഴ്നാട് പോലീസ് സംഘം മലയത്തെ ഇവരുടെ വീട്ടിലെത്തിയപ്പോള്‍ ആള്‍ക്കൂട്ടം കണ്ട് മടങ്ങുകയായിരുന്നു. ദീപുവിന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും ദീപുവിന്റെ അച്ഛന്‍ ക്വാറി നടത്തിയിരുന്ന കാലം മുതലുള്ള ബന്ധം ഇപ്പോഴും തുടരുകയായിരുെന്നന്നും സജികുമാര്‍ പറഞ്ഞു.
ആഴ്ചയില്‍ ഒരുദിവസമെങ്കിലും ദീപുവുമായി ബന്ധപ്പെടാറുള്ളതായും മണ്ണുമാന്തിയന്ത്രങ്ങളുടെ സെക്കന്റ് ഹാന്‍ഡ് പാര്‍ട്സിന്റെ വില്പനയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ബന്ധമെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞിട്ടുള്ളത്.
ജെ.സി.ബി വാങ്ങാന്‍ പത്ത് ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് സ്വന്തം കാറില്‍ പോയ ക്രഷര്‍ ഉടമ മലയിന്‍കീഴ് അണപ്പാട് മുളംപള്ളി ഹൗസില്‍ ദീപുവിനെ കളിയിക്കാവിളയ്ക്കു സമീപം പടന്താലുമൂട്ടില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട ചൂഴാറ്റുകോട്ട അമ്പിളി എന്നറിയപ്പെടുന്ന സജികുമാര്‍ അറസ്റ്റിലായി. സംഭവം നടന്ന സമീപത്തെ മെഡിക്കല്‍ സ്റ്റോറിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് പൊലീസ് സംഘം ഇന്നലെ പുലര്‍ച്ചെ മലയിന്‍കീഴ് മലയത്തു നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ദീപുവിനെ കഴുത്തറുത്ത് കൊന്നെന്ന് അമ്പിളി കുറ്റസമ്മതം നടത്തി. എന്നാല്‍ സാമ്പത്തിക ബാദ്ധ്യത കാരണം ദീപു പറഞ്ഞിട്ടാണ് കൊന്നതെന്ന് ഇയാള്‍ നല്‍കിയ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. സംഭവത്തിന് പിന്നിലുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണിതെന്ന് പൊലീസ് പറയുന്നു. മറ്റാര്‍ക്കെങ്കിലും വേണ്ടി ഇയാള്‍ കുറ്റമേറ്റതാണോയെന്നും സംശയിക്കുന്നുണ്ട്.
നിരവധി കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ അമ്പിളിയും ദീപുവും സുഹൃത്തുക്കളായിരുന്നെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകം ആരുടെയും ക്വട്ടേഷനല്ലെന്നും ഇതില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ആവര്‍ത്തിക്കുകയാണ് പ്രതി. അതേസമയം, ദീപുവിന്റെ കാറില്‍ നിന്ന് പണം കിട്ടിയില്ലെന്ന പ്രതിയുടെ മൊഴി, ഇയാളുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ കളവാണെന്ന് തെളിഞ്ഞു. പണം കണ്ടെത്താനായിട്ടില്ല. സംഭവത്തെക്കുറിച്ച് അമ്പളി പറഞ്ഞ കഥയും സമാനമായ കളവാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കടുത്ത മദ്യപാനിയും കരള്‍ രോഗമുള്‍പ്പെടെ മാരക രോഗങ്ങളുമുള്ള അമ്പളി പൊലീസ് മര്‍ദ്ദിക്കില്ലെന്നു കരുതി, പറഞ്ഞ കള്ളങ്ങള്‍ ആവര്‍ത്തിക്കുന്നതായാണ് വിവരം. ഇന്നലെ രാവിലെ 5.30ന് മലയത്തെ ഒളിസങ്കേതത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തപ്പോഴും പ്രതി മദ്യ ലഹരിയിലായിരുന്നു. എസ്.ഐ സതീഷ് നാരായണന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി തമിഴ്‌നാട്ടിലെത്തി. പിന്നാലെ തെളിവെടുപ്പിനായി എസ്.ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയായിരുന്നു.
"
https://www.facebook.com/Malayalivartha

























