വാളയാർ കേസ് സി.ബി.ഐ ഏറ്റെടുത്തു: പാലക്കാട് പോക്സോ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

വാളയാർ സഹോദരിമാർ മരണപ്പെട്ട കേസിലെ അന്വേഷണം സിബിഐ ഏറ്റെടുത്തു. രണ്ട് കുട്ടികളുടെയും മരണത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പാലക്കാട് പോക്സോ കോടതിയില്‍ എഫ്.ഐ.ആര്‍ സമർപ്പിക്കുകയും ചെയ്തു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈ.എസ്.പി അനന്തകൃഷ്നാണ് അന്വേഷണത്തിന്റെ ചുമതല.
മൂന്ന് പ്രതികള്‍ക്കെതിരെയാണ് കേസ്. പോക്സോ, എസ്.സി എസ്.ടി നിയമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്ന. ഈ വര്‍ഷം ജനുവരിയിലാണ് കേസ് സി.ബി.ഐക്ക് നൽകിയത്. രണ്ട് പെണ്‍കുട്ടികളുടെ മരണവും രണ്ട് എഫ്.ഐ.ആറുകളായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബലാത്സംഗക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍. ഇതോടൊപ്പം കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും സി.ബി.ഐ. പോക്‌സോ കോടതിയില്‍ സമർപ്പിച്ചു.
വാളയാര്‍ അട്ടപ്പള്ളത്ത് 13കാരിയെ 2017 ജനുവരി 13നും സഹോദരിയായ ഒമ്പതു വയസ്സുകാരിയെ മാര്‍ച്ച് നാലിനും തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ഇരുവരെയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി കണ്ടെത്തുകയും ചെയ്തു. ഷിബു, വലിയ മധു, ചെറിയ മധു എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഇതിന് പിന്നാലെയാണ് കേസ് സി.ബി ഐക്ക് വിടുന്നത്.
കേസിലെ കുറ്റക്കാരെയും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെയും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തിരുന്നു. ഇപ്പോളിതാ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്താണ് ഇവർ ജനവിധി തേടുന്നത്.
https://www.facebook.com/Malayalivartha

























