ഇന്ന് ദുഃഖ വെള്ളിയാഴ്ചയാണ്; മനുഷ്യരാശിക്ക് വേണ്ടി ജീവത്യാഗം ചെയ്ത യേശുക്രിസ്തുവിന്റെ സ്മരണ പുതുക്കുന്ന ദിവസമാണിത്; അശരണര്‍ക്കും രോഗികള്‍ക്കും പീഡിതര്‍ക്കും ആശ്വാസത്തിന്റെ ലേപനം പുരട്ടുന്നതാണ് ആ ഓര്‍മകള്‍; കോവിഡും മറ്റു ദുരിതങ്ങളും വേട്ടയാടുന്ന മാനവരാശിക്ക് വേണ്ടി ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജം പകരുന്നതാകട്ടെ ആ ത്യാഗസ്മരണ; മുഖ്യമന്ത്രി

ഇന്ന് ദുഃഖ വെള്ളിയാഴ്ചയാണ്. മനുഷ്യരാശിക്ക് വേണ്ടി ജീവത്യാഗം ചെയ്ത യേശുക്രിസ്തുവിന്റെ സ്മരണ പുതുക്കുന്ന ദിവസമാണിത്. അശരണര്‍ക്കും രോഗികള്‍ക്കും പീഡിതര്‍ക്കും ആശ്വാസത്തിന്റെ ലേപനം പുരട്ടുന്നതാണ് ആ ഓര്‍മകള്‍.
കോവിഡും മറ്റു ദുരിതങ്ങളും വേട്ടയാടുന്ന മാനവരാശിക്ക് വേണ്ടി ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജം പകരുന്നതാകട്ടെ ആ ത്യാഗസ്മരണയെന്ന് മുഖ്യമന്ത്രി. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
.രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഒരു ദിവസം ഏറ്റവും കൂടുതല്‍ കോവിഡ് രോഗികൾ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ വീണ്ടും മാറിയിരിക്കുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചതിനാലും, സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് കാണാത്തതിനാലും നമ്മള്‍ ശ്രദ്ധ കാട്ടേണ്ടതുണ്ട്.
മാത്രമല്ല, നമ്മുടെ നാട്ടില്‍ രോഗബാധിതരകാത്ത ആളുകള്‍ ധാരാളമുള്ളതിനാല്‍ രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണുതാനും. അടുത്ത തരംഗം ആരംഭിക്കുന്നതിനു മുന്‍പ് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യപ്പെടുന്നത് നമ്മുടെ സംസ്ഥാനത്താണ്. രോഗവ്യാപനം ഇനിയും കൂടുന്നതിനു മുന്‍പ് പരമാവധി ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ത്രിപുരയില്‍ നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറി കേരളത്തില്‍ ആവര്‍ത്തിക്കുമെന്ന ബിജെപി നേതൃത്വത്തിന്റെ പ്രഖ്യാപനം ഗൗരവമുള്ളതാണ്. കേരളത്തില്‍ ഒരു സീറ്റില്‍ പോലും വിജയ സാധ്യത ഉറപ്പിക്കാന്‍ പറ്റാത്ത പാര്‍ടിയാണ് ബിജെപി.
എന്നിട്ടു പോലും ബിജെപിയുടെ പ്രധാന നേതാക്കള്‍ കേരളത്തില്‍ തമ്പടിക്കുന്നതും ഭീഷണികള്‍ മുഴക്കുന്നതും എന്തുദ്ദേശ്യത്തിലാണ് എന്നത് കൗതുകകരമാണ്. അട്ടിമറി നടത്തിക്കളയാം എന്ന് കരുതിയിട്ടാണ് ഈ പുറപ്പാടെങ്കില്‍ സംഘപരിവാര്‍ സ്വപ്‌നം കാണാത്ത തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ കേരളം അവര്‍ക്ക് നല്‍കും.
ആര്‍എസ്എസിന്റെ വര്‍ഗീയ നീക്കങ്ങള്‍ക്ക് വളര്‍ന്നു പൊങ്ങാന്‍ പറ്റുന്ന ഇടമല്ല ഈ കേരളം. ഒരു വര്‍ഗീയതയെയും ജനങ്ങള്‍ പിന്തുണയ്ക്കില്ല എന്ന് ഈ തെരഞ്ഞെടുപ്പില്‍ കേരളം പ്രഖ്യാപിക്കും. ത്രിപുരയില്‍ കോണ്‍ഗ്രസ്സിനെ അപ്പാടെ വിഴുങ്ങിയാണ് ബിജെപി തടിച്ചു ചീര്‍ത്തത്.
ഇവിടെ കോണ്‍ഗ്രസ്സും ലീഗുമായി ചേര്‍ന്ന് അത്തരം നീക്കങ്ങള്‍ നടത്തിയപ്പോള്‍ ജനങ്ങള്‍ ഇടതുപക്ഷത്തിനോടൊപ്പം നിന്ന ചരിത്രമാണുള്ളത്. കോ ലീ ബി എന്ന പരസ്യ സഖ്യത്തെ നിലം തൊടീക്കാതെ നാടുകടത്തിയ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് പുത്തന്‍ അവസരവാദ സഖ്യത്തിന്റെയും വ്യാമോഹങ്ങള്‍ അറബിക്കടലിലേക്ക് വലിച്ചെറിയും.
വികസന കാര്യങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാവുന്നില്ല. വികസനവും ക്ഷേമവും ജനങളുടെ അവകാശമാണ് എന്ന നിലപാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത്. 30,000 കോടിയോളം രൂപ ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ ജനങ്ങള്‍ക്ക് നല്‍കി. 8830 കോടി രൂപ ലൈഫ് ഭവന പദ്ധതിക്ക് ചെലവഴിച്ചത് ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണ്.
മൂവായിരം കോടിയിലധികം രൂപ സ്‌കൂളുകള്‍ ഹൈടെക്കാകാന്‍ വിനിയോഗിച്ചതും ഇതേ നിലപാട് മൂലമാണ്. ആശുപത്രികളുടെ വളര്‍ച്ച, കാര്‍ഷിക രംഗത്തെ ഉല്‍പ്പാദന വര്‍ധനവ്, വിശപ്പ് രഹിത കേരളത്തിനായുള്ള ചുവടുവെപ്പ് തുടങ്ങി സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സ്പര്‍ശിക്കുന്ന ഒന്നായി നാടിന്റെ വികസനത്തെ മാറ്റാനായി എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിമാനം.
ഇങ്ങനെ ഏതെങ്കിലും സ്ഥലത്ത് ബിജെപിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ. കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഈ കാഴ്ചപ്പാട് കാണാനാകുമോ?
കേരളം കേരളമായി തന്നെ നില്‍ക്കും. വികസനം ചര്‍ച്ച ചെയ്യാനില്ല; ഇരട്ട വോട്ട് ചര്‍ച്ച ചെയ്യാം എന്നാണ് യുഡിഎഫിന്റെ വാദം. വോട്ട് ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചെയ്യേണ്ടത്. അതിനുള്ള ഭരണഘടനാപരമായ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണുള്ളത്.
ഇരട്ടിപ്പുണ്ടെങ്കില്‍ ഒഴിവാക്കപ്പെടണം എന്ന നിലപാടാണ് എല്ലാവര്‍ക്കും ഉള്ളത്. അപാകതകള്‍ കണ്ടെത്തി തിരുത്തണം എന്ന നിലപാട് എല്‍ഡിഎഫ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ പ്രാദേശിക തലത്തില്‍ അതിന് ശ്രമിക്കുന്നുമുണ്ട്. യുഡിഎഫ് ആ സാധ്യത വിനിയോഗിച്ചിട്ടുണ്ടോ എന്ന് പറയേണ്ടത് അവര്‍ തന്നെയാണ്.
അതിനുപകരം പ്രതിപക്ഷ നേതാവ് മറ്റൊരു കാര്യമാണ് ചെയ്തു കാണുന്നത്.
നാല് ലക്ഷത്തിലധികം പേരുകള്‍ പ്രസിദ്ധീകരിച്ച് അവരെ കള്ള വോട്ടര്‍മാരായി ചിത്രീകരിച്ചിരിക്കുന്നു.
ഒരേ പേരുള്ളവര്‍, സമാനമായ പേരുകള്‍ ഉള്ളവര്‍, ഇരട്ട സഹോദരങ്ങള്‍ ഇവരൊക്കെ അദ്ദേഹത്തിന്റെ കണ്ണില്‍ കള്ള വോട്ടര്‍മാരാണ്. പല തരത്തില്‍ ഇരട്ട വോട്ട് വരാറുണ്ട്.
വിവാഹ ശേഷം ഭര്‍ത്താവിന്റെ നാട്ടില്‍ വോട്ടു ചേര്‍ക്കുന്നവരുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ ആദ്യ ലിസ്റ്റില്‍ ആ പേര് തുടര്‍ന്നാല്‍ ആ പെണ്‍കുട്ടി വ്യാജ വോട്ടറാകുന്നതെങ്ങനെ?
രണ്ടു സ്ഥലത്ത് വോട്ടു ചെയ്യാതെ നോക്കുകയാണ് വേണ്ടത്. അതിനാണ് തെരഞ്ഞെടുപ്പ് കമീഷന്‍. കമീഷനും കോടതിയും അത് വ്യക്തമാക്കിയിട്ടുമുണ്ട്.
ഇവിടെ പ്രതിപക്ഷ നേതാവ് അതൊന്നുമല്ല കാണുന്നത്.
സ്വന്തം വീട്ടിലെ ഇരട്ട വോട്ടു പോലും അദ്ദേഹം കണ്ടില്ല. പകരം കേരളത്തിലാകെ ഇരട്ട വോട്ടാണ് എന്ന പ്രഖ്യാപനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ ആരോപണത്തെ തുടര്‍ന്ന് ട്വിറ്ററിലും മറ്റും ദേശീയ തലത്തില്‍ തന്നെ കേരളത്തിനെതിരെ വലിയ അപവാദ പ്രചരണങ്ങളാണ് അരങ്ങേറുന്നത്.
https://www.facebook.com/Malayalivartha