ബന്ധുനിയമനം നിർണായക രേഖകൾ പുറത്ത്; യോഗ്യതയില്‍ മാറ്റം വരുത്താനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടു

മന്ത്രി കെടി ജലീലിന്റെ ബന്ധുവിന്റെ നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടയിൽ എല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് വ്യക്തമാകുന്ന രേഖകൾ പുറത്ത്.
അദീപിന്റെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടത്. നിയമനത്തിനുള്ള യോഗ്യതയിൽ മാറ്റംവരുത്താനുള്ള ഉത്തരവിലാണ് അദ്ദേഹം ഒപ്പിട്ടത്.
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരേ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ചിലർ ആ അഭിമുഖത്തിൽ പങ്കെടുക്കുകയും ചെയ്തു.
എന്നാൽ ജലീലിന്റെ ബന്ധുവായ അദീപ് അഭിമുഖത്തിൽ പങ്കെടുത്തിരുന്നില്ല. പിന്നീട് ഈ പോസ്റ്റിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയായിരുന്നു. യോഗ്യതയിൽ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് ജലീൽ പൊതുഭരണ സെക്രട്ടറിക്ക് നൽകിയ കത്ത് നേരത്തെ പുറത്തു വന്നിരുന്നു.
അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഫയലിൽ ഒപ്പിട്ടിരുന്നു എന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
2013 ജൂൺ 29 നുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യത, ബിരുദവും മാർക്കറ്റിങ് ആൻഡ് ഫിനാൻസിൽ സ്‌പെഷ്യലൈസേഷനുള്ള എം ബി എ അല്ലെങ്കിൽ സി എസ് /സി എ /ഐസിഡബ്ല്യുഎഐ.യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമാണ്.
എന്നാൽ പിന്നീട് ഇതിൽ മാറ്റം വരുത്തി ബിരുദവും മാർക്കറ്റിങ് ആൻഡ് ഫിനാൻസിൽ സ്‌പെഷ്യലൈസേഷനുള്ള എം ബി എ അല്ലെങ്കിൽ എച്ച് ആർ/സി എസ്/സിഎ/ഐസിഡബ്ല്യുഎഐ/ബിടെക്
വിത്ത് പിജിഡിബിഎയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും എന്ന് മാറ്റി ഉത്തരവിറക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇത് ബന്ധുവിന് വേണ്ടിയായിരുന്നു എന്നാണ് ആരോപണം.
https://www.facebook.com/Malayalivartha