നിര്‍ണായകമായ ദിനങ്ങള്‍... നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരളത്തില്‍ പാര്‍ട്ടി സമ്മേളനം നടക്കാന്‍ സാധ്യത; തുടര്‍ഭരണം ലഭിച്ചാല്‍ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി അജയ്യനാകും; പ്രതീക്ഷ നശിക്കുമ്പോഴും 80 സീറ്റ് ലഭിക്കുമെന്നുറപ്പിച്ച് മുല്ലപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 80ല്‍ കൂടുതല്‍ സീറ്റ് ലഭിക്കാമെന്ന് സിപിഎം വിശ്വസിക്കുന്നു.
75 മുതല്‍ 80 വരെ സീറ്റ് പ്രതീക്ഷിക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറയുന്നു. ഇടതുമുന്നണിക്കു ചെറിയ മുന്‍തൂക്കമുണ്ടെന്നും പക്ഷേ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ത്രിശങ്കു സഭ ആയിരിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പറയുന്നു.
എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നാല്‍ വൈകാതെ പാര്‍ട്ടിയുടെ സംഘടനാ സമ്മേളനങ്ങളിലേക്ക് സിപിഎം കടക്കും. ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസിനു കേരളം ആതിഥ്യമൊരുക്കാനും സാധ്യത തെളിഞ്ഞു.
കേരളത്തിലെയും ബംഗാളിലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്തു നീട്ടിവച്ച സമ്മേളനങ്ങള്‍ ജൂലൈയില്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ആരംഭിച്ച് ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസോടെ പൂര്‍ത്തീകരിക്കേണ്ട നടപടിക്രമമാണ് ഏതാണ്ട് ഒരു വര്‍ഷം നീട്ടിവച്ചത്. ഇതോടെ കഴിഞ്ഞ പാര്‍ട്ടി സമ്മേളനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികള്‍ക്ക് ഒരു വര്‍ഷം കൂടി കാലാവധി നീട്ടിക്കിട്ടി. വര്‍ഷാവസാനത്തോടെ സംസ്ഥാന സമ്മേളനം നടക്കും.
നിയമസഭാ തിരഞ്ഞെടുപ്പു ഫലമായിരിക്കും ഇത്തവണ പാര്‍ട്ടി സമ്മേളനങ്ങളുടെ ഗതിയും അജന്‍ഡയും തീരുമാനിക്കുക. തുടര്‍ഭരണം ഉണ്ടായാല്‍ പിരിമുറുക്കം കുറഞ്ഞ വിജയാന്തരീക്ഷത്തിലായിരിക്കും സമ്മേളനങ്ങള്‍. മറിച്ചായാല്‍ തോല്‍വിയുടെ കാര്യകാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്കു കടക്കേണ്ടിവരും.
സിപിഐയുടെ താഴെത്തട്ടിലെ സമ്മേളനവും വൈകാതെ ആരംഭിക്കും. അവരുടെ പാര്‍ട്ടി കോണ്‍ഗ്രസും തിരഞ്ഞെടുപ്പു കണക്കിലെടുത്തു നീട്ടിവയ്ക്കുകയായിരുന്നു. സ്വാധീന സംസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടി കോണ്‍ഗ്രസിനു വേദിയൊരുക്കാനുള്ള സന്നദ്ധത കേരള നേതൃത്വം പ്രകടിപ്പിച്ചിട്ടുണ്ട്.
ഏറ്റവുമൊടുവില്‍ 2012 ഏപ്രിലില്‍ കോഴിക്കോടാണ് കേരളത്തില്‍ സിപിഎമ്മിന്റെ ദേശീയ സമ്മേളനം നടന്നത്. സിപിഐയുടെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് കൊല്ലത്തായിരുന്നു.
എല്‍ഡിഎഫിന് അനൂകൂലമായ ജനവിധിയുണ്ടാകുമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ വിലയിരുത്തല്‍. സുരക്ഷിത ഭൂരിപക്ഷം ഉറപ്പാണ്. എല്ലാ സാധ്യതകളും അനൂകൂലമായാല്‍ ഇന്നോളമില്ലാത്ത ഭൂരിപക്ഷത്തിലേക്ക് ഉയരും. 80 സീറ്റ് ലഭിക്കുമെന്ന പാര്‍ട്ടി വിലയിരുത്തലിനെക്കുറിച്ചു ചോദിച്ചാല്‍ അതില്‍ കൂടുതല്‍ ലഭിക്കുമെന്നാണു ഞങ്ങളുടെ വിശകലനം. 2016ല്‍ യുഡിഎഫ് മുന്നിലെത്തിയ 3 ജില്ലകളില്‍ രണ്ടെണ്ണത്തില്‍ കൂടി എല്‍ഡിഎഫിനാകും മേല്‍ക്കൈ. കേരള കോണ്‍ഗ്രസിന്റെ (എം) വരവ് അതിനു സഹായകരമാകും. ബിജെപി ഒറ്റ സീറ്റില്‍ പോലും ജയിക്കില്ല.
യുഡിഎഫ് പ്രതീക്ഷിക്കുന്ന 75 മുതല്‍ 80വരെ സീറ്റില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്. അവ കൂടി ലഭിച്ചാല്‍ എണ്ണം ഇനിയുമുയരും. മുസ്‌ലിം ലീഗ് 21 മുതല്‍ 23 വരെ സീറ്റ് നേടും. കേരള കോണ്‍ഗ്രസിന് 6 സീറ്റ് വരെ ലഭിക്കും. ഘടകകക്ഷികള്‍ക്ക് 30 സീറ്റ് കിട്ടുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷം നേടുക കൂടുതല്‍ എളുപ്പമാകും.
ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമാകും ഉണ്ടാവുകയെന്നാണ് കെ.സുരേന്ദ്രന്‍ പറയുന്നത്. എന്‍ഡിഎയ്ക്ക് 10 സീറ്റ് വരെ ലഭിക്കും. അതില്‍ കൂടുതല്‍ സീറ്റുകളില്‍ രണ്ടാമതെത്തും. വോട്ടുവിഹിതം 20 ശതമാനമായി ഉയരും. ഞാന്‍ മത്സരിക്കുന്ന കോന്നിയിലും മഞ്ചേശ്വരത്തും വിജയ പ്രതീക്ഷയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha
























