ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ സന്നിധാനത്തെത്തിയതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന കൗതുകം; ഗുരുസ്വാമിയെ പോലെ അയ്യപ്പ ധർമ്മം വിശദമാക്കി ഐജി ശ്രീജിത്ത്; കുട്ടിയുടെ കൗതുകത്തോടെ എല്ലാം കേട്ട ഗവർണർ എടുത്തത് ഏറ്റവുമടുത്ത സമയത്ത് മല ചവിട്ടണം എന്ന തീരുമാനവും, അതോടൊപ്പം ശബരിമലയിലെ വിശ്വാസം നിറഞ്ഞ ഐതീഹ്യവും

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിലെത്തി അയ്യപ്പ ദർശനം നടത്താൻ തീരുമാനിച്ചത് ഐജി ശ്രീജിത്ത് (ഇപ്പോൾ എഡിജിപി) പറഞ്ഞ ഐതീഹ്യം കേട്ടപ്പോൾ. മുതിർന്ന മാധ്യമ പ്രവർത്തകനായ കെ എസ് വിജയനാഥ് എഴുതിയ ശബരിമല
ഐതീഹ്യം എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് അന്നത്തെ ക്രൈംബ്രാഞ്ച് ഐജി ആയിരുന്ന ശ്രീജിത്ത് ഐപിഎസ് ശബരിമലയുടെ പ്രസക്തിയും അയ്യപ്പ ധർമ്മത്തെയും കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വിവരിച്ച് കൊടുത്തു. കഴിഞ്ഞ ഡിസംബർ മുപ്പതാം തീയതി രാജ്ഭവനിൽ വെച്ചായിരുന്നു ചടങ്ങ്.
അയ്യപ്പ ധർമ്മത്തിന്റെ സവിശേഷതയാണ് അന്ന് ഐജി ശ്രീജിത്ത് ഗവർണർക്ക് വിവരിച്ച് കൊടുത്തത്. മോക്ഷത്തിലേക്കുള്ള നാല് വർണാശ്രമങ്ങളാണ് ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം, സന്ന്യാസം, വാനപ്രസ്ഥം എന്നിവ. ഇത് നാലും ചേർന്നതാണ് അയ്യപ്പ ധർമ്മം. മാലയിട്ട് വ്രതം ആരംഭിക്കുന്ന നിമിഷം മുതൽ ഗൃഹസ്ഥാശ്രമി ആയിരിക്കവെ തന്നെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കും. ഒപ്പം അദ്ദേഹം സന്ന്യാസിയുടെ ജീവിതവും നയിക്കും.
ഒടുവിൽ കാനന യാത്രയിലൂടെ വാനപ്രസ്ഥവും താണ്ടി സന്നിധാനത്തെത്തി ഭക്തനും ദൈവവും ഒന്ന് തന്നെയെന്ന തിരിച്ചറിവ് നേടുന്നതോടെ മോക്ഷപ്രാപ്തിയായി എന്നാണ് സങ്കൽപം. ഭാരതീയ തത്വ ചിന്തയുടെ അതുല്യമായ മാതൃക കൂടിയാണ് തത്ത്വമസി എന്ന് ഉദ്ഘോഷിച്ച് പതിനെട്ടാംപടിമേൽ വാണരുളുന്ന അയ്യപ്പനെന്നും ഐ ജി ശ്രീജിത്ത് വിവരിച്ചു നൽകി.
അലിഗഡ് സർവകലാശാലയുടെ വിസി ആയിരിക്കെ തന്നെ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും കേട്ടിരുന്നെങ്കിലും അയ്യപ്പ ധർമ്മത്തെ കുറിച്ച് ഇത്ര അഗാധമായി മനസ്സിലാക്കിയിരുന്നില്ല.
പുസ്തക പ്രകാശന വേളയിൽ ഐ ജി ശ്രീജിത്ത് പറഞ്ഞ ഐതീഹ്യം ഒരു കുട്ടിയുടെ കൗതുകത്തോടെ കേട്ടിരുന്ന ഗവർണർ അന്ന് തന്നെ താൻ എത്രയും പെട്ടെന്ന് ശബരിമല ദർശനം നടത്തുമെന്നും പറയുകയായിരുന്നു.
ഡിസംബർ മുപ്പതിന് ശബരിമല ഐതീഹ്യം എന്ന പുസ്കതം പ്രകാശനം ചെയ്യാനെത്തിയപ്പോൾ ഗുരു സ്വാമിയുടെ ഉത്തരവാദിത്തത്തോടെയായിരുന്നു ഐജി ശ്രീജിത്ത് ശബരിമലയുടെ ചരിത്രവും വ്രതശുദ്ധിയുടെ ലക്ഷ്യവും ഗവർണർക്ക് വിശദീകരിച്ച് കൊടുത്തിരുന്നത്. കഥമുഴുവൻ കേട്ട ഗവർണർ അത്യധികം സന്തോഷത്തോടെ പുസ്തകം
പ്രകാശനം ചെയ്യുകയും ശബരിമല ദർശനം ഏറ്റവും അടുത്ത് തന്നെ നടത്തും എന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. ഗവർണർ കോവിഡ് മുക്തനായിട്ട് വളരെ കുറച്ച് നാളുകൾ മാത്രമേ അന്ന് ആയിരുന്നുള്ളൂ. അതിന് ശേഷം, പൂർണ ആരോഗ്യം വീണ്ടെടുത്തതോടെ ഇന്ന് ആരിഫ് മുഹമ്മദ് ഖാൻ മല ചവിട്ടി സന്നിധാനത്തെത്തി.
ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വൈകുന്നേരം 5.10 ഓടെ പമ്പയിൽ നിന്ന് ഇരുമുടി നിറച്ച് ശബരീശ ദർശനത്തിനെത്തി. ശബരിമലയിൽ ദർശനത്തിനെത്തിച്ചേർന്ന ഗവർണ്ണറെ വലിയ നടപ്പന്തലിനു മുന്നിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു, ദേവസ്വം ബോർഡ് അംഗം
അഡ്വ.കെ.എസ്.രവി, ദേവസ്വം കമ്മീഷണർ ബി.എസ്.തിരുമേനി എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം പടിപൂജ കഴിഞ്ഞു ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി ദർശനം നടത്തുകയും ചെയ്തു.
ഇന്ന് ദർശനം നടത്തിയ ശേഷം മാളികപ്പുറം ക്ഷേത്ര പരിസരത്ത് ചന്ദന തൈ നടും. പിന്നീട് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയിലും പങ്കെടുത്ത ശേഷം തിരികെ പോകും. ഗവർണ്ണർക്കൊപ്പം ഇളയമകൻ കബീർ മുഹമ്മദ് ഖാനും അയ്യപ്പദർശനത്തിനായി എത്തിയിരുന്നു.
അതേസമയം ശബരിമലയുടെ ഐതീഹ്യവും വളരെ കൗതുകം നിറഞ്ഞതാണ്. അയ്യപ്പൻ വിഷ്ണുവിൻറേയും ശിവൻറേയും പുത്രനാണെന്നാണ് കരുതപ്പെടുന്നത്. മഹിഷാസുര വധത്തിനു പ്രതികാരം ചെയ്യാനായി അസുരൻറെ സഹോദരിയായ മഹിഷി ഉഗ്ര തപസ്സ് അനുഷ്ഠിച്ചു.
ശിവ-വിഷ്ണു സംയോജനത്തിൽ ജനിക്കുകയും മനുഷ്യനായി ജീവിക്കുകയും ചെയ്യുന്ന ഒരാൾക്കേ തന്നെ വധിക്കാനാവൂ എന്ന വരം നേടി. വര ലബ്ദി മഹിഷിയെ കൂടുതൽ അഹങ്കാരിയാക്കി.
മൂന്ന് ലോകങ്ങളേയും നിരന്തരം ആക്രമിച്ചു കൊണ്ട് മഹിഷി ജീവജാലങ്ങൾക്കാകെ ഭീഷണിയായി തുടങ്ങി. അവസാനം നിവൃത്തിയില്ലാതെ മഹാവിഷ്ണു മോഹിനീ വേഷം ധരിക്കുകയും ,ശിവ സംയോഗത്തിലൂടെ ശാസ്താവിന് ജന്മം നൽകുകയും ചെയ്തു.
ശാസ്താവ് മനുഷ്യ പുത്രനായി ജീവിച്ചെങ്കിൽ മാത്രമേ മഹിഷിയെ വധിക്കാനാവുമായിരുന്നൊള്ളു. അതുകൊണ്ട് കുഞ്ഞിനെ കഴുത്തിൽ ഒരു മണി കെട്ടി പമ്പാ തീരത്ത് കിടത്തി.
ഈ സമയത്താണ് പന്തളം രാജാവ് നായട്ടിനായി പമ്പാതീരത്ത് എത്തിയത്. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന രാജാവ് ആ സുന്ദരനായ ആൺകുട്ടിയെ എടുത്ത് വളർത്താൻ തീരുമാനിച്ചു.
കഴുത്തിൽ മണിയുണ്ടായിരുന്നതു കൊണ്ട് മണികണ്ഠൻ എന്ന് പേരിട്ട് തൻറെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി വളർത്തു മകനാക്കി. എന്നാൽ, അധിക കാലം കഴിയുന്നതിനു മുന്നേ പന്തളം
രാജാവിന് സ്വന്തമായി മകൻ ജനിക്കുകയും ചെയ്തു. അപ്പോഴേക്കും മണികണ്ഠകുമാരൻ ആയോധന കലകളിലും വിദ്യയിലുമെല്ലാം നിപുണനായി മാറിയിരുന്നു.
മണികണ്ഠനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിൻറെ ആഗ്രഹം. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന മന്ത്രി തൻറെ കുതന്ത്രങ്ങൾ ഉപയോഗിച്ച് രാഞ്ജിയെ മണികണ്ഠന് എതിരാക്കി.
അവരുടെ ഗൂഢ പദ്ധതി പ്രകാരം രാജ്ഞി വയറു വേദന അഭിനയിക്കുകയും കൊട്ടാരം വൈദ്യൻ പുലിപാൽ മരുന്നായി നിശ്ചക്കുകയും ചെയ്തു.
വൈദ്യ നിർദ്ദേശ പ്രകാരം പുലിപ്പാലിനായി മണികണ്ഠകുമാരൻ വനത്തിലേക്ക് പുറപ്പെട്ടു. എന്നാൽ തൻറെ അവതാര ലക്ഷ്യമായ മഹിഷീ വധമായിരുന്നു അവിടെ നടന്നത്.
മഹിഷിയെ വധിച്ച് പുലിപ്പാലുമായി തിരിച്ചെത്തിയ മണികണ്ഠനെ പന്തളം രാജാവ് സന്തോഷത്തോടെ എതിരേറ്റ് രാജ്യഭരണം ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചു. എന്നാൽ അവതാര ലക്ഷ്യം പൂർത്തിയാക്കിയ മണികണ്ഠൻ കൊട്ടാര ജീവിതം ഉപേക്ഷിച്ച് കാട്ടിലേക്ക് തന്നെ മടങ്ങി പോയി.
ദുഖിതനായ രാജാവ് വർഷാ വർഷം തന്നെ കാണാൻ വരണമെന്ന് മണികണ്ഠനോട് ആവശ്യപ്പെട്ടു. അങ്ങനെയെങ്കിൽ താൻ എയ്യുന്ന ശരം എവിടെയാണോ വീഴുന്നത് അവിടെ വന്നാൽ മതിയെന്നായി മണികണ്ഠൻ. അമ്പ് വീണ സ്ഥലത്ത് പന്തളം
രാജാവ് ക്ഷേത്രം നിർമിച്ചു. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷം തോറുമുള്ള തീർത്ഥ യാത്രയും എന്നതാണ് ഐതിഹ്യം.
മണ്ഡലമാസം ആരംഭിക്കുന്നതോടെ 41 ദിവസം നീളുന്ന കഠിന വ്രതമെടുത്ത് ഇരുമുടി കെട്ടുകളുമായി എത്തുന്ന അയ്യപ്പന്മാരുടെ ശരണം വിളി പതിനെട്ട് മലകളിലും പ്രതിധ്വനിക്കുമെന്നാണ് വിശ്വാസം. മലയാള മാസം വൃശ്ചികം ഒന്നിനാണ് മണ്ഡലകാലാരംഭം. പിന്നീടങ്ങോട്ട് 41 ദിവസം ഭക്തിയുടെ ദിനങ്ങളായിരിക്കും.
മറ്റ് ക്ഷേത്രങ്ങളിലേതുപോലെ വർഷത്തിൽ എല്ലാ ദിവസവും ശബരിമലയിൽ നടതുറന്ന് പൂജ നടത്താറില്ല. മണ്ഡകാലമാണ് ഇവിടുത്തെ പ്രധാന പൂജാകാലം. വൃശ്ചികം ഒന്നു മുതൽ 41 ദിവസങ്ങളിലും,
മകരം ഒന്നിന് നടക്കുന്ന മകര സംക്രമ പൂജ വരെയും, ശേഷം മകരം പത്തിന് ഗുരുതി വരെയുമാണ് ശബരിമലയിലെ തീർത്ഥാടന കാലയളവ്. ഈ സമയം കേരളത്തിനകത്തും പുറത്തു നിന്നുമായി തീർത്ഥാടകരുടെ ഒഴുക്കായിരിക്കും ശബരിമലയിലേക്ക്.
വൃശ്ചികം ഒന്നിന് ആരംഭിച്ച് ധനു പതിനൊന്നിന് മണ്ഡലപൂജ കഴിയുന്നതോടെ അഞ്ച് ദിവസം നടയടച്ചിടും. പിന്നീട് മകരസംക്രമ പൂജയ്ക്ക് വേണ്ടിയാണ് നട തുറക്കുക. സംക്രമ പൂജ കഴിഞ്ഞാൽ ഗുരുതി വരെയുള്ള ദിവസങ്ങൾ മണ്ഡല മാസ തീർത്ഥാടനത്തിൻറെ അവസാന ദിനങ്ങളാണ്. അന്ന് പൊതുവേ ഭക്തരുടെ തിരക്ക് കുറവായിരിക്കും.
മണ്ഡല മാസത്തെ കൂടാതെ എല്ലാ മലയാള മാസങ്ങളിലെ ആദ്യത്തെ അഞ്ച് ദിവസങ്ങളിലും ഇവിടെ നട തുറക്കും. വിഷുക്കണി ദർശനം, നിറപുത്തരി, ചിത്തിര ആട്ടത്തിരുനാൾ, പ്രതിഷ്ഠാദിനം, പൈങ്കുനി ഉത്രം എന്നിവയും ഇവിടുത്തെ മറ്റ് പ്രധാന ആഘോഷങ്ങളാണ്.
മീന മാസത്തിലെ പൈങ്കുനി ഉത്രം അയ്യപ്പൻറെ പിറന്നാളാണെന്നാണ് വിശ്വാസം. പത്ത് ദിവസത്തെ ഉത്സവാഘോഷ ചടങ്ങുകളാണ് ഇതിൻറെ ഭാഗമായി ശബരിമലയിൽ നടക്കാറുള്ളത്. ആറാട്ട് ഈ ദിവസങ്ങളിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ്.
https://www.facebook.com/Malayalivartha
























