ജലീല്‍ എക്കാലത്തും വിവാദനായകന്‍... ചരിത്രകാരനായ ജലീല്‍ ചരിത്രംകുറിച്ച് കളമൊഴിഞ്ഞപ്പോള്‍ ....

ചരിത്രകാരനായ ജലീല്‍ ചരിത്രംകുറിച്ചാണ് കളമൊഴിയുന്നത്. ഉജ്ജ്വല വാഗ്മിയെന്ന നിലയില്‍ പഠനകാലം മുതല്‍ പാണക്കാട് കുടംബത്തിന്റെയും മുസ്ലീം ലീഗിന്റെയും തണലിലും തലോടലിലും വളര്‍ന്നുവന്ന നേതാവാണ്.
സ്റ്റുഡന്റസ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ അഥവാ സിമിയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന ജലീല്‍ പിന്നീട് യൂത്ത് ലീഗിലൂടെയാണ് മുസ്ലീം ലീഗില്‍ സജീവമാകുന്നത്.
വളാഞ്ചേരി സ്വദേശിയായ ഈ 54 കാരന്‍ കുറ്റിപ്പുറം ഗവ.ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസും ചേന്ദമംഗലൂര്‍ ഇസ്ലാമിയ കോളേജില്‍ നിന്ന് പ്രീഡിഗ്രിയും വിജയിച്ച് തിരൂരങ്ങാടി കോളേജില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് എം.ഫിലും കരസ്ഥമാക്കി. 2006 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.
1994 ല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ ചരിത്രാധ്യപകനായി നിയമിതനായി. കോഴിക്കോട് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ എന്നീ പദവികളിലുമെത്തി. മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ തുടങ്ങിയ പദവികളും ജലീല്‍ വഹിച്ചിട്ടുണ്ട്.
മുസ്ലീം ലീഗിനെ തകര്‍ക്കാന്‍ സിപിഎം യൂത്ത് ലീഗില്‍ നിന്ന് അടര്‍ത്തിയെടുത്ത കെടി ജലീല്‍ അവസാനം സിപിഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനും പാരയായി. രാഷ്ട്രീയത്തിന്റെ തുടക്കം മുതല്‍ വിവാദങ്ങളുടെ നായകനായിരുന്നു ജലീല്‍. കോവിഡ് മഹാമാരി വന്നിരുന്നില്ലെങ്കില്‍ പ്രതിഷേധ കൊടുങ്കാറ്റത്തിനു മുന്നില്‍ കഴിഞ്ഞ വര്‍ഷം തന്നെ ജലീലിനു രാജിവെച്ചൊഴിയേണ്ടിവരുമായിരുന്നു. അതല്ലെങ്കില്‍ കോണ്‍ഗ്രസും ബിജെപിയും ജലീലിനെ വഴിതടഞ്ഞ് രാജിവയ്പിക്കുമായിരുന്നു.
സ്വര്‍ണക്കള്ളക്കടത്തും ഡോളര്‍കടത്തും ഖുറാന്‍ വിതരണവും ഈന്തപ്പഴം വിഴുങ്ങലുമൊക്കെയായി എത്രയെത്ര വിവാദങ്ങള്‍. പിണറായി സര്‍ക്കാരിന്റെ ഇമേജ് തകര്‍ക്കുകയും മുഖ്യമന്ത്രി വിജയനെ സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്ത മന്ത്രിയാണ് ജലീല്‍.
ഒരിക്കല്‍ വീരപരിവേഷമായിരുന്നു ജലീലിനുണ്ടായിരുന്നത്.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് ലീഗില്‍ നിന്നും പുറത്തായി കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ചു എല്‍ ഡി എഫ് പിന്തുണയോടെ മത്സരത്തെ നേരിട്ട ജലീല്‍ 8781 വോട്ടിനു അട്ടിമറി വിജയം നേടി. 2011 ല്‍ തവനൂര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ലീഗിനെ വെല്ലുവിളിച്ച് ലീഗ് വിടുകയും കുഞ്ഞാലിക്കുട്ടിക്കെതിരെ കുറ്റിപ്പുറത്ത് മത്സരിക്കുകയും അവസാനം ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും ഞെട്ടിച്ച് എണ്ണായിരം വോട്ടിന് ജയിക്കുകയും ചെയ്ത താരം. രണ്ടു തവണ മലപ്പുറം ലീഗ് കോട്ടയില്‍ വിജയിച്ച് മന്ത്രിയായ ജലീല്‍ അവസാനം എല്‍ഡിഎഫ് സര്‍ക്കാരിന് പാരയായി മാറുവയായിരുന്നു. ഒരിക്കല്‍കൂടി ജലീല്‍ ജയിച്ചുവന്നാലും തോറ്റാലും സിപിഎം ഇദ്ദേഹത്തെ ഇനി ഒപ്പം നിറുത്തുമോ എന്നതുപോലും ആശങ്കയുളവാക്കുന്നു.
കെ ടി ജലീലിന്റെ രാഷ്ട്രീയഗ്രാഫ് കുത്തനെ ഇടിയുന്ന കാഴ്ച്ചയാണ് കഴിഞ്ഞ നാലരക്കൊല്ലമായി കേരളം കണ്ടുകൊണ്ടിരുന്നത്.
ബന്ധുനിയമനം, മാര്‍ക്ക് ദാനം, ഭൂമി വിവാദം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുളള ബന്ധം, യുഎഇ കോണ്‍സുലേറ്റില്‍ നിന്നും പാഴ്‌സല്‍ കൊണ്ടുപോകല്‍. തുടങ്ങിയ ഓരോ ആരോപണത്തിലും രാഷ്ട്രീയം പറഞ്ഞ് ഒഴിഞ്ഞുമാറിയ ജലീലിന് പക്ഷേ, സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങളില്‍ നിന്നും ഈസിയായി ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല.
സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്ന മന്ത്രിയെന്ന ആക്ഷേപം ജലീലിന് മേല്‍ പതിച്ചു. ചോദ്യം ചെയ്യലിനായി തലയില്‍ മുണ്ടിട്ട പാതാരിവില്‍ ഒളിച്ചുനടക്കുകയം നെട്ടോട്ടമോടുകയും ചെയ്യുന്ന ജലീലിനെ കേരളം കണ്ടു.
പിണറായി സര്‍ക്കാരില്‍ തദ്ദേശസ്വയംഭരണം, ഉന്നതവിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയതോടെ ജലീല്‍ പല തവണ വെല്ലുവിളിയായി മാറി.
ആദ്യം തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രകടനം മോശമാണെന്ന വിമര്‍ശനം ഇടതുമുന്നണിയില്‍ നിന്നും ശക്തമായി ഉയര്‍ന്നിട്ടും ജലീലിനെ ഒഴിവാക്കാന്‍ പിണറായി വിജയന്‍ തയ്യാറായില്ല. പിന്നീട് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും വഖഫിന്റെയും ചുമതല ജലീലിനെ ഏല്‍പ്പിച്ച് ജലീലിനെ തുടരാനാണ് പിണറായി തയ്യാറായത്. സാങ്കേതിക സര്‍വകലാശാലയില്‍ ചട്ടവിരുദ്ധമായി അദാലത്തില്‍ പങ്കെടുത്തതും എംജി സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനം നടത്തിയതുമൊക്കെ പ്രതിപക്ഷം സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തുരിപ്പുചീട്ടും ജലീലിനെതിരെയുള്ള ആരോപണങ്ങളായിരുന്നു.
ഇതിനു പിന്നാലെയാണ് തിരൂര്‍ മലയാളം സര്‍വകലാശാല ഭൂമി വിവാദത്തിലും ജലീല്‍ പെടുന്നത്. പരിസ്ഥിതി ദുര്‍ബല ഭൂമി സര്‍വകലാശാലയ്ക്ക് വേണ്ടി വാങ്ങിയതില്‍ വന്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. കുറഞ്ഞവിലയ്ക്ക് കിട്ടുമായിരുന്നു ഭൂമി വന്‍ വില കൊടുത്ത് വാങ്ങിയതിലൂടെ നടന്ന അഴിമതിയില്‍ മന്ത്രി ജലീലിന് വ്യക്തമായ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നു.
പിണറായി സര്‍ക്കാരിന് തലവേദനയുണ്ടാക്കിയ മറ്റൊരു വിവാദമായിരുന്നു ബന്ധു നിയമനം. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി തന്റെ ബന്ധുവിനെ നിയമിച്ചതിലൂടെയാണ് ജലീല്‍ വീണ്ടും വാര്‍ത്തയായത്. അര്‍ഹരായ പല ഉദ്യോഗാര്‍ത്ഥികളെയും മറികടന്നാണ് ജലീലിന്റെ നിയമനം നടന്നതെന്ന ആരോപണത്തിന് തെളിവുകളും പുറത്തു വന്നിരുന്നു. വിവാദം കനത്തതോടെ ജലീലിന്റെ അടുത്ത ബന്ധുവായ കെ ടി അബീദ് സ്ഥാനം രാജിവച്ചൊഴിയുകയും ചെയ്തു.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷുമായും യുഎഇ കോണ്‍സുല്‍ ജനറലുമായും കെ ടി ജലീല്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നത് തെളിവുകള്‍ സഹിതം പുറത്തു വന്ന കാര്യങ്ങളാണ്. ഈ ബന്ധത്തെ പെരുന്നാള്‍ കിറ്റും ഖുറാനുമായി ബന്ധപ്പെടുത്തിയായിരുന്നു ജലീല്‍ വ്യാഖ്യാനിച്ചത്. എന്നാല്‍ നയതന്ത്രബന്ധ ചട്ടങ്ങള്‍ക്കപ്പുറമുള്ള ഈ ബന്ധത്തില്‍ അന്വേഷണ ഏജന്‍സികള്‍ തുടക്കം മുതലേ സംശയം ഉയര്‍ത്തിയിരുന്നു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ജലീലിന്റെ കീഴില്‍ വരുന്ന സി ആപ്റ്റിന്റെ വാഹനത്തിലായിരുന്നു കോണ്‍സുലേറ്റ് ഓഫിസില്‍ നിന്നും മലപ്പുറത്തേക്ക് പാഴ്‌സലുകള്‍ എത്തിച്ചത്.
ഈ വിവരം പുറത്തു വന്നതിനു പിന്നാലെ ജലീല്‍ നല്‍കിയ വിശദീകരണങ്ങളില്‍ പാഴ്‌സലില്‍ മതഗ്രന്ഥങ്ങളും ഈന്തപ്പഴവുമാണെന്നാണ് ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ മതഗ്രന്ഥങ്ങള്‍ എന്ന വാദം വിശ്വസിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ഇതുവരെ തയാറായിട്ടില്ല. അവസാനം ബന്ധുനിയമനത്തില്‍ ലോകായുക്തയുടെ പ്രതികരണത്തോടെ ജലീല്‍ വീണു. മന്ത്രിസ്ഥാനത്തിരിക്കാന്‍ ജലീല്‍ അര്‍ഹനല്ലെന്ന ലോകായുക്തയുടെ പ്രതികരണം സിപിഎമ്മിനുള്ളിലും ഭിന്നത സൃഷ്ടിച്ചതിനു പിന്നാലെയാണ് സിപിഎം ഇടപെടലില്‍ ജലീല്‍ രാജിവെച്ചുകീഴടങ്ങുന്നത്. അഞ്ചു വര്‍ഷവും വിവാദങ്ങളുടെ ആഴങ്ങളില്‍ വിലസിയ നായകന്‍ തെരഞ്ഞെടുപ്പിനു പിന്നാലെ നിലംപൊത്തിയിരിക്കുന്നു.
https://www.facebook.com/Malayalivartha