കാണാതായ 18കാരിയുടെയും 24കാരന്റെയും മൃതദേഹങ്ങള്‍ ക്ഷേത്രത്തിന് പിന്നില്‍ നിന്നും കണ്ടെത്തി

പ്രണയത്തിലായിരുന്ന 18കാരിയെയും 24കാരനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. മൂന്ന് ദിവസം മുന്‍പാണ് ഇരുവരെയും കാണാതായത്. ഇന്നലെ വൈകുന്നേരം പക്ബാദ പൊലീസ് സ്‌റ്റേഷന് സമീപത്തായി ഒരു ക്ഷേത്രത്തിന് പിന്നിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുരഭിമാന കൊലയാണെന്ന സംശയത്തിലാണ് പൊലീസ്. കാജള്‍ സൈനി, മൊഹമ്മദ് അര്‍മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രണ്ടുപേരും ഉമ്രി സബ്‌സിപൂര്‍ സ്വദേശികളാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രി കാജലിനെ കാണാന്‍ അര്‍മാന്‍ വീട്ടിലെത്തിയെന്നും പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇരുവരെയും മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ സമീപത്തെ ഗഗന്‍ പുഴയില്‍ തള്ളിയെന്നുമാണ് പൊലീസ് പറയുന്നത്. അര്‍മാനെ കാണാതായതിനെത്തുടര്‍ന്ന് ഇന്നലെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ സഹോദരങ്ങളാണ് കൊല നടത്തിയത്. ചോദ്യം ചെയ്യലില്‍ ഇവര്‍ തന്നെയാണ് മൃതദേഹങ്ങള്‍ കിടന്നിരുന്ന സ്ഥലം പൊലീസിനോട് വെളിപ്പെടുത്തിയത്. കൊലപാതകത്തിനായി ഉപയോഗിച്ച മാരകായുധവും കണ്ടെത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരങ്ങളായ റിങ്കു സൈനി, സതീഷ് സൈനി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് പിന്നാലെ ഇരുസമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha






















