കുഴപ്പമാകുമെന്നാ തോന്നണെ... ബിജെപി ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകുമെന്ന് സംസ്ഥാന ബിജെപിയുടെ വിലയിരുത്തല്‍; നേമം നിലനിര്‍ത്തും അഞ്ചു സീറ്റുകള്‍ നേടും; അതേസമയം പരിവാറിനുപുറത്ത് ബി.ജെ.പി.ക്ക് വളര്‍ച്ചയില്ലെന്ന് കേന്ദ്ര നേതൃത്വം

വിജയസാധ്യത വിലയിരുത്താന്‍ ചേര്‍ന്ന ബി.ജെ.പി. യോഗങ്ങളില്‍ ശുഭ പ്രതീക്ഷയാണുള്ളത്. ബൂത്തുതലത്തിലുള്ള പ്രാഥമിക വിലയിരുത്തലിന് ശേഷം ജില്ലാതല പരിശോധന നടക്കുകയാണ്. കോര്‍ കമ്മിറ്റിയും നേതൃയോഗവും ചേര്‍ന്ന് കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തും. നേമം ഉള്‍പ്പെടെ അഞ്ചുമണ്ഡലങ്ങളില്‍ വിജയിക്കുമെന്നു പ്രതീക്ഷിക്കുന്ന എന്‍.ഡി.എ. കൂടുതല്‍ മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാകുമെന്ന് കരുതുന്നു.
സിറ്റിങ് സീറ്റായ നേമം, കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരം, പാലക്കാട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലാണ് എന്‍.ഡി.എ.ക്ക് നല്ല വിജയപ്രതീക്ഷയുള്ളത്. ഒട്ടേറെ മണ്ഡലങ്ങളില്‍ രണ്ടാമതെത്തുമെന്ന് കരുതുന്ന പാര്‍ട്ടി, ഇത്തവണ അദ്ഭുതങ്ങള്‍ സംഭവിച്ചേക്കാമെന്ന പ്രവചനവും നടത്തുന്നു.
നിയമസഭയ്ക്കകത്തും നിര്‍ണായക ശക്തിയായി മാറാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. നേതൃത്വം. എന്നാല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ രണ്ടാമതെത്തുന്നതിലൂടെ വോട്ടുനില ഉയര്‍ത്തിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സീറ്റുനേടുകയെന്നതാണ് പ്രധാനമെന്നുമുള്ള കേന്ദ്രഘടകത്തിന്റെ മുന്നറിയിപ്പ് നേതാക്കള്‍ക്കു മുമ്പിലുണ്ട്.
നേമം മണ്ഡലം നിലനിര്‍ത്തുകയെന്നതുതന്നെയാണ് പാര്‍ട്ടിക്ക് ഏറ്റവും നിര്‍ണായകമാകുന്നത്. അടിയൊഴുക്കുകള്‍ എന്തൊക്കെ ഉണ്ടായാലും ബി.ജെ.പിയുടെ അടിത്തറ ശക്തമായ നേമത്ത് പാര്‍ട്ടിയുടേതായ വോട്ടുബാങ്കുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോഴും ബി.ജെ.പിയെ നേമം മുന്നില്‍ത്തന്നെ നിര്‍ത്തിയെന്നതാണ് ഇവിടത്തെ ഉറച്ച വിജയപ്രതീക്ഷയ്ക്കു കാരണം. പ്രചാരണത്തിന് ചുക്കാന്‍പിടിച്ച ആര്‍.എസ്.എസിന്റെ വിലയിരുത്തലും ഇതുതന്നെയാണ്.
മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെയും പാലക്കാട് ഇ. ശ്രീധരന്റെയും വിജയത്തിന് ബി.ജെ.പിക്കു പുറത്തുള്ള വോട്ടും പ്രതീക്ഷിക്കുന്നു. വലിയ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍പ്പോലും രണ്ടിടത്തും വിജയിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.
വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ അട്ടിമറി വിജയം സംഭവിച്ചാല്‍ അദ്ഭുതമില്ല. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ക്ക് പുറമേ, കോണ്‍ഗ്രസില്‍നിന്നുള്ള വോട്ടുചോര്‍ച്ച ഗുണപ്പെടും. കഴക്കൂട്ടത്ത് ശബരിമല വിഷയം കൂടുതല്‍ ചര്‍ച്ചയായതും എന്‍.എസ്.എസ്. നിലപാടും അനുകൂലമായെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ന്യൂനപക്ഷ വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമായിട്ടുണ്ടോയെന്ന എന്ന ആശങ്കയുമുണ്ട്.
അതേസമയം സംസ്ഥാന ബിജെപി നേതൃത്വത്തെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സംഘപരിവാര്‍ സംഘടനകള്‍ക്ക് പുറത്തേക്ക് കേരളത്തിലെ ബി.ജെ.പി. വളരുന്നില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് വിവിധ രാഷ്ട്രീയകക്ഷികളില്‍നിന്ന് പ്രമുഖ നേതാക്കളെയും ഒട്ടേറെ പ്രവര്‍ത്തകരെയും ബി.ജെ.പി.യിലെത്തിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അവര്‍. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല.
സംഘടന വളരുന്നുണ്ടെങ്കിലും ജനകീയാടിത്തറ വിപുലമാകുന്നില്ലെന്നാണ് ദേശീയനേതൃത്വത്തിന്റെ വിലയിരുത്തല്‍. ആര്‍.എസ്.എസിന്റെയും മറ്റു പോഷകസംഘടനകളുടെയും പ്രവര്‍ത്തകര്‍ മാത്രമാണ് പ്രാദേശികതലംമുതല്‍ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ളത്. കേരള ബി.ജെ.പി.ക്ക് രാഷ്ട്രീയസ്വഭാവം നഷ്ടമാകുന്നതിന് കാരണമിതാണെന്ന് അവര്‍ പറയുന്നു. ബഹുജന പങ്കാളിത്തമുണ്ടായാലേ പാര്‍ട്ടി വളരൂവെന്നാണ് കേന്ദ്രനേതാക്കളുടെ നിലപാട്.
ആര്‍.എസ്.എസിന്റെ നിഴലില്‍നിന്ന് പുറത്തുവന്ന്, ബഹുജന സംഘടനയായി ബി.ജെ.പി. മാറണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെല്ലാം സംഘപരിവാറിന് പുറത്തുള്ളവര്‍ ബി.ജെ.പി.യിലേക്ക് എത്തുന്നുണ്ടെന്ന് അവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha