കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ആടിയുലഞ്ഞ് സിനിമാ മേഖല; വിഷു ചിത്രങ്ങൾ കാണാൻ തീയേറ്ററുകളിൽ ആളില്ല, പ്രതിസന്ധിയിൽ തീയേറ്റർ ഉടമകൾ

ലോക്ക്ഡൗണിന് ശേഷം തുറന്ന സിനിമ തീയേറ്ററുകൾ വീണ്ടും പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചതും നിയന്ത്രണങ്ങൾ കടുത്തതുമാണ് തീയേറ്റർ വ്യവസായത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് തളളിവിടുന്നത്.
വിഷു റിലീസായി എത്തിയ ചിത്രങ്ങൾ നിറഞ്ഞോടുമ്പോഴാണ് കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണിയെത്തിയത്. നായാട്ട്, ചതുർമുഖം, നിഴൽ, കർണൻ എന്നിങ്ങനെ വിവിധതരം
പ്രേക്ഷകരെ ആകർഷിക്കുന്ന അഞ്ചോളം ചിത്രങ്ങളെത്തിയിട്ടും കൊവിഡ് കേസുകൾ കൂടിയതോടെ തീയേറ്ററുകളിൽ പ്രേക്ഷകർ കുറഞ്ഞു. ഇതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഷുക്കാലം തീയേറ്ററുകൾക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്.
തീയേറ്ററുകളിലേക്ക് കുടുംബ പ്രേക്ഷകരെത്തുമെന്ന പ്രതീക്ഷയിലാണ് കൂടുതൽ ചിത്രങ്ങൾ റിലീസിന് എത്തിയത്. എന്നാൽ കൊവിഡും വേനൽ മഴയുമടക്കം വലിയൊരു ശതമാനം പ്രേക്ഷകരും ഒ ടി ടി ചിത്രങ്ങൾക്ക് പുറകെ പോവുകയാണ്.
പകുതി സീറ്റുകൾ ഒഴിച്ചിട്ട് നടത്തുന്ന ഷോകളിൽ സിനിമ കാണാൻ പ്രധാന നഗരങ്ങളിലെ തീയേറ്ററുകളിൽ വരെ വളരെ കുറച്ച് പേർ മാത്രമാണ് എത്തുന്നത്. റംസാൻ നോമ്പ് തുടങ്ങിയതും തീയേറ്ററുകളെ തളർത്തുന്നു. മലബാർ മേഖലയിൽ ഭൂരിപക്ഷം തീയേറ്ററുകളും അടച്ചിട്ടിരിക്കുകയാണ്.
തിയേറ്ററുകള്‍ തുറന്നശേഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍ " വെള്ളം " മികച്ച അഭിപ്രായം നേടിയെങ്കിലും കളക്ഷനില്‍ അത് പ്രതിഫലിച്ചിട്ടില്ല. വിജയ് യുടെ " മാസ്റ്റർ " കാണാൻ യുവ പ്രേക്ഷകർ തിയേറ്ററുകളിൽ എത്തിയിരുന്നു. എന്നാൽ, കുടുംബ പ്രേക്ഷകർ തീയേറ്ററുകളിൽ എത്തുന്നില്ല.
ചില സിനിമകൾക്ക് പ്രേക്ഷകരുടെ കുറവ് മൂലം ഷോകളുടെ എണ്ണം കുറയ്ക്കുകയോ, ഷോ തന്നെ ഉപേക്ഷിക്കുകയോ ചെയ്യേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. സെക്കന്‍ഡ് ഷോയ്ക്കാണ് പല കേന്ദ്രങ്ങളിലും ഏറ്റവും കൂടുതല്‍ കളക്ഷന്‍ വരുന്നതെന്നും തീയേറ്റർ ഉടമകൾ പറയുന്നു.
https://www.facebook.com/Malayalivartha