അധികൃതരുടെ അനാസ്ഥമൂലം ഭഷ്യവസ്തുക്കൾ വൻതോതിൽ നശിക്കുന്നു; വെറുതേ കിട്ടിയതല്ലേ, നശിച്ചാൽ ആർക്കു ചേതം?

കോടിക്കണക്കിനു പട്ടിണിപ്പാവങ്ങൾ ഒരു പിടി അന്നത്തിനായി നെട്ടോട്ടമോടുമ്പോൾ അധികൃതരുടെ അനാസ്ഥ ഒന്നുകൊണ്ടുമാത്രം ഭക്ഷ്യവസ്തുക്കൾ വൻതോതിൽ നശിക്കുന്നതും പാഴായിപ്പോകുകയും ചെയ്യുന്നു. ഇത് ഗുരുതരമായ ക്രിമിനൽ കുറ്റം തന്നെയാണ്. ദുർബല വിഭാഗങ്ങൾക്കായി കൊവിഡ് കാലത്ത് കേന്ദ്രം അനുവദിച്ച ഭക്ഷ്യ വസ്‌തുക്കളുടെ കൂട്ടത്തിൽ കടലയും ഉൾപ്പെട്ടിരുന്നു.
അതിൽ വിതരണം പൂർത്തിയാകാതെ ശേഷിച്ച 1012 ക്വിന്റൽ കടല ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിൽ കിടന്നു നശിക്കുകയാണ്. സർക്കാരിന്റെ പല കാര്യങ്ങളിലുമെന്ന പോലെ നടപടി ക്രമങ്ങളിലെ നൂലാമാലകളാണ് കടല വിതരണത്തെയും ബാധിച്ചതെന്നാണു മനസിലാക്കുന്നത്.
ദൈവം കനിഞ്ഞാലും പൂജാരി കനിയുകയില്ല എന്ന പഴമൊഴി ഓർമ്മിപ്പിക്കുന്നതാണ് ഈ കെടുകാര്യസ്ഥത. പാവപ്പെട്ട കുടുംബങ്ങൾക്കു പ്രയോജനപ്പെടേണ്ട ഭക്ഷ്യവസ്തു ഇപ്രകാരം കീടങ്ങൾക്കു ഭക്ഷ്യമായി മാറുന്നതു കണ്ടിട്ടും ഒന്നും ചെയ്യാതെ കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥരെ എന്താണു ചെയ്യേണ്ടത്?
പൊതു വിപണിയിൽ എൺപതും അതിനു മുകളിലുമാണ് കടല വില. അങ്ങനെ നോക്കുമ്പോൾ എൺപതു ലക്ഷത്തിലേറെ രൂപ വില വരുന്ന ചരക്കാണ് റേഷൻ ഡിപ്പോകളിൽ കിടന്നു നശിക്കുന്നത്.
കേന്ദ്രത്തിന്റെ കല്യാൺ അന്ന യോജന പദ്ധതിയനുസരിച്ച് സംസ്ഥാനത്തിനു അരിയും കടലയും ലഭിച്ചത് ഇക്കഴിഞ്ഞ ലോക്‌ഡൗൺ കാലത്തിനു ശേഷമാണ്. ഇതിൽ അരി പൂർണമായിത്തന്നെ വിതരണം ചെയ്തിരുന്നു. എന്നാൽ, കടല വിതരണം ഉദ്ദേശിച്ചതുപോലെ നടന്നില്ല.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷമാണ് ബോധോദയമുണ്ടായതത്രേ. എന്നാൽ പെരുമാറ്റച്ചട്ടം നിലനില്‌ക്കുന്നതിനാൽ കേന്ദ്രം അനുമതി നൽകിയതുമില്ല. പിന്നീടും പ്രശ്നം ആരും ഗൗരവമായി എടുത്തെന്ന് തോന്നുന്നില്ല.
സർക്കാർ കാര്യങ്ങൾ എപ്പോഴും അങ്ങനെയൊക്കെയാണല്ലോ. പ്രത്യേകിച്ചും പാവപ്പെട്ടവനു വല്ല ഉപകാരവും ലഭിക്കുന്ന കാര്യമാണെങ്കിൽ ഏതേതെല്ലാം വിധത്തിൽ അതു വൈകിപ്പിക്കാമെന്നാകും നോക്കുക.
നിയമത്തിന്റെയും നടപടിക്രമങ്ങളുടെയും കുരുക്കുകൾ ഒന്നൊന്നായി വന്നുകൊണ്ടിരിക്കും. സഹായ വിതരണമായാലും ഭവന പദ്ധതിയായാലും കുട്ടികൾക്കുള്ള സ്കോളർഷിപ്പായാലും പതിവായി കാണുന്ന കാര്യമാണിതെല്ലാം.
ഒരുപാടുകാലം സൂക്ഷിച്ചാൽ ഉപയോഗശൂന്യമാകുന്ന ഭക്ഷ്യവസ്തുക്കൾ സമയ പരിധിക്കുള്ളിൽ വിതരണം ഉറപ്പാക്കേണ്ട ചുമതല ഭക്ഷ്യവകുപ്പിന്റേതാണ്. പദ്ധതിയുടെ കാലാവധി കഴിഞ്ഞു പോയതുകൊണ്ടു മാത്രം മിച്ചം വന്ന കടല ആർക്കുമില്ലാതെ നശിക്കാൻ വിടുന്നത് മഹാപാപം തന്നെയാണ്.
വിതരണം കാര്യക്ഷമമല്ലാതിരുന്നതു കൊണ്ടാവുമല്ലോ ഇത്രയധികം ചരക്ക് മിച്ചം വന്നത്. യഥാകാലം അനുമതി വാങ്ങിയിരുന്നുവെങ്കിൽ അതിൽ ഒരു പിടിപോലും ശേഷിക്കാതെ വിതരണം ചെയ്യാനാകുമായിരുന്നു എന്ന കാര്യവും സ്പഷ്ടമാണ്.
അനവധി പേർ പട്ടിണി കിടക്കുമ്പോഴും വേണ്ടവിധം സൂക്ഷിക്കാൻ കഴിയാത്തതിനാൽ ഓരോ വർഷവും രാജ്യത്ത് ലക്ഷക്കണക്കിനു ടൺ ഭക്ഷ്യ ധാന്യങ്ങൾ പാഴാകുന്നുണ്ട്. സംഭരണ ശാലകളുടെ കുറവും ധാന്യസൂക്ഷിപ്പിലെ പോരായ്മകളും ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു.
കേന്ദ്രം സൗജന്യമായി തന്നതല്ലേ നശിച്ചാലും സംസ്ഥാനത്തിനു നഷ്ടമൊന്നുമില്ലല്ലോ എന്നാവും ചിന്ത. ആരു തന്നതാണെങ്കിലും മനുഷ്യർക്കു ആഹാരമാകേണ്ട സാധനമാണല്ലോ കിടന്നു നശിക്കുന്നതെന്നോർക്കുമ്പോൾ അതിനു കാരണക്കാരായവരോടു ദൈവം പോലും പൊറുക്കില്ല.
https://www.facebook.com/Malayalivartha