ഉമ്മന്‍ ചാണ്ടി എന്റെ കുടുംബം തകര്‍ത്തുവെന്ന് മന്ത്രി ഗണേശ് കുമാര്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേശ് കുമാര്‍. ഉമ്മന്‍ ചാണ്ടി തന്റെ കുടുംബം തകര്‍ത്തുവെന്ന് ഗണേശ് കുമാര്‍ പറഞ്ഞു. സോളാര്‍ കേസില്‍ ഗണേശ് കുമാറില്‍ നിന്ന് നീചമായ പ്രവൃത്തികളാണ് ഉണ്ടായതെന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
'ഇത്രയുംകാലം ചാണ്ടി ഉമ്മന്‍ അറിയാതിരുന്ന സീക്രട്ട് ഇലക്ഷന്റെ തലേന്ന് ആരെ പറ്റിക്കാനാണ് ഇറങ്ങിയിരിക്കുന്നത്. സിബിഐയ്ക്ക് ഞാന്‍ കൊടുത്ത മൊഴി ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. ഉമ്മന്‍ ചാണ്ടി അത്തരം പ്രവൃത്തി ചെയ്യുന്നയാളല്ലെന്ന് അച്ഛന്‍ മരിക്കുന്നതിന് മുന്‍പ് എന്നോട് പറഞ്ഞു. ഞങ്ങളങ്ങനെ വിശ്വസിക്കുന്നുവെന്നാണ് ഞാന്‍ മൊഴി നല്‍കിയത്. എന്റെ കുടുംബം തകര്‍ത്ത്, എന്റെ സര്‍വതും പിടിച്ചുവാങ്ങി, എന്റെ മക്കളെയും എന്നെയും പിരിക്കാന്‍ മദ്ധ്യസ്ഥത വഹിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. ആ മര്യാദകേടിന് മറുപടി പറയേണ്ടേ? എന്റെ കുടുംബം തകര്‍ത്ത്, എന്റെ മക്കളെയും എന്നെയും വഴിയാധാരമാക്കിയ ദുഷ്ടത്തരത്തിന് ഉമ്മന്‍ചാണ്ടിയോ മകനോ മറുപടി പറയുമോ? ചെയ്ത ചെയ്തികള്‍ എനിക്കും പറയാനുണ്ട്' എന്നാണ് ഗണേശ് കുമാറിന്റെ പ്രതികരണം.
പത്തനാപുരം പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും യുഡിഎഫ് അംഗങ്ങള്‍ക്ക് മാങ്കോട് ജംഗ്ഷനില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കെയാണ് ചാണ്ടി ഉമ്മന്‍ ആരോപണം ഉന്നയിച്ചത്. സോളാര്‍ കേസില്‍ വിവാദമായ 18 പേജുള്ള കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ക്കുകയായിരുന്നുവെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. മന്ത്രി ഗണേശ് കുമാര്‍ തന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























