സ്വപ്നത്തിൽ വന്നു പറഞ്ഞ ഷാജിയുടെ പ്രേതം ഒടുവിൽ കുറ്റസമ്മതം നടത്തി.... അമ്മയും സഹോദരനും കസ്റ്റഡിയിൽ...

രണ്ടരവർഷം മുൻപ് മരിച്ച ഷാജിയുടെ ആത്മാവ് വന്ന് കേസന്വേഷണത്തിന്റെ ഗതി ശരിയായ രീതിയിലാക്കി എന്ന വാർത്തയായിരുന്നു ഇന്നലെ മുഴുവൻ നിറഞ്ഞു നമ്മൾ കേട്ടത്. ഇതോടൊപ്പം ദൃശ്യം മോഡൽ കൊലപാതകം എന്നൊക്കെയും ഇതിനെ വിവരിക്കാം.
ഇത്രയും കൃത്യമായി കൊലപാതക വിവരം മരിച്ചയാൾ വിവരിക്കുമോ എന്ന് ആദ്യം നാട്ടുകാരും പോലീസുകാരും ഒന്നു സംശയിച്ചിരുന്നു എന്നാലിപ്പോൾ പ്രേതത്തെ പറ്റിയുള്ള ചുരുൾ അഴിയുകയാണ്. ഇവിടെ വന്നു പറഞ്ഞതല്ല ഒളിച്ചു കേട്ടതാണ് എന്നാണ് പുറത്തു വരുന്ന വാർത്തകൾ.
പത്തനംതിട്ട ഡിവൈഎസ്പിക്കാണ് ആദ്യം ഷാജിയുടെ തിരോധാനം സംബന്ധിച്ച നിർണായക വിവരം ലഭിച്ചത്. പിന്നീട് ഇദ്ദേഹം ഈ വിവരം പുനലൂർ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. 19ാം തീയതി ഉച്ചയോടെ മദ്യപിച്ച് ലക്ക്കെട്ട് ഒരാൾ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി വിവരം പറഞ്ഞത്.
ആദ്യമൊന്നും ഇയാളുടെ മൊഴി മുഖവിലയ്ക്കെടുക്കാൻ പൊലീസ് തയ്യാറായില്ല. ഒരു കുടിയന്റെ പ്രാധാന്യം മാത്രമേ നൽകിയുള്ളൂ. എന്നാൽ, വിശദമായി ചോദിച്ചറിഞ്ഞപ്പോൾ കാര്യങ്ങൾ അന്വേഷിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഷാജിയുടെ ബന്ധു കൂടിയായിരുന്നു ഇയാൾ.
ഷാജി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ട പ്രകാരമാണ് താൻ പൊലീസിനെ കാണാനെത്തിയതെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. താൻ മരിച്ചിട്ടും പൊലീസ് അന്വേഷണം വേണ്ടനിലയിൽ എത്തിയില്ല എന്ന് ഷാജി സ്വപ്നത്തിൽ പറഞ്ഞെന്നാണ് ഇയാൾ പൊലീസിനെ ധരിപ്പിച്ചത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയും അനുജനും പോലീസ് കസ്റ്റഡിയിലായത്. ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതിൽ വീട്ടിൽ ഷാജി പീറ്ററാണ് കൊല ചെയ്യപ്പെട്ടത്. സഹോദരൻ സജിനാണ് ഷാജിയെ കൊലപ്പെടുത്തിയത്. 2018-ലെ തിരുവോണ ദിവസം വൈകുന്നേരം ആറുമണിക്കാണ് കൊലപാതകം നടന്നത്.
സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. വഴക്കിനിടെ സജിൻ കമ്പിവടി കൊണ്ട് ഷാജിയുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഷാജി നിലത്തു വീണു. ഇവർ താമസിക്കുന്നത് വിജനമായ സ്ഥലത്തായതിനാൽ സംഭവം മറ്റാരും അറിഞ്ഞില്ല. സജിനും അമ്മ പൊന്നമ്മയും ചേർന്ന് മൃതദേഹം മുറ്റത്തെ കിണറിനു സമീപം കുഴിച്ചിട്ടു.
ഷാജിയുടെ മൃതദേഹം പൊന്നമ്മയും മകന്‍ സജിനും ചേര്‍ന്ന് മറവുചെയ്തത് വിദഗ്ധമായിട്ടായിരുന്നു. വീട്ടുമുറ്റത്ത് കിണര്‍ കുഴിച്ചപ്പോള്‍ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് ഇരുവരും പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.
ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ മൃതദേഹത്തിന് മുകളില്‍ ഷീറ്റിട്ടശേഷം കോണ്‍ക്രീറ്റ് ചെയ്തതായും സംശയിക്കുന്നുണ്ട്. സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ എ.എസ്.പി. ഇ.എസ്.ബിജുമോന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പല കേസുകളിലും പ്രതിയായിരുന്നതിനാൽ പോലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. നിരവധി മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായിരുന്ന ഷാജി മിക്കപ്പോഴും ഒളിവിൽ കഴിയുന്നത് പതിവായിരുന്നു. ഇടയ്ക്കുമാത്രമാണ് വീട്ടിൽ എത്തിയിരുന്നത്. പോലീസിനെ ഭയന്ന് എവിടെയോ മാറിത്താമസിക്കുന്നുവെന്നാണ് വീട്ടുകാർ പോലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.
അടുത്തിടെ പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ കൊലപാതകവിവരവും പരാമർശിക്കപ്പെട്ടു. പൊന്നമ്മയിൽ നിന്ന് ഇക്കാര്യം ജ്യേഷ്ഠത്തിയുടെ മകനായ റോയിയും അറിഞ്ഞു. ഇതുകേട്ട റോയി മദ്യപിച്ച് കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസിലെത്തി സംഭവം വിവരിച്ചു.
ഇതേത്തുടർന്ന് പത്തനംതിട്ട-പുനലൂർ ഡിവൈ.എസ്.പി.മാർ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടത്. ചോദ്യം ചെയ്യാനായി പൊന്നമ്മയെയും സജിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഷാജിയുടെ മൃതദേഹം ഇന്ന് ഫൊറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പുറത്തെടുക്കും.
https://www.facebook.com/Malayalivartha