അടി മായും വാക്ക് മാറില്ല... വെല്ലുവിളികളും സാരോപദേശങ്ങളുമായി എതിരാളികളെ മുട്ടുകുത്തിച്ച കെ.ടി. ജലീല്‍ ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല; വാക്ക് പാലിച്ച് ആണ്‍കുട്ടിയാണെന്ന് തെളിയിക്ക്, ഈ നിമിഷം അവസാനിപ്പിക്കണം പൊതുപ്രവര്‍ത്തനം; ജലീലിനെ വെല്ലുവിളിച്ച് പികെ ഫിറോസ്

പറഞ്ഞ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്തെത്തി. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചതിന് പിന്നാലെയാണ് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ട്രോളിയത്. നിയമസഭയില്‍ ജലീല്‍ നടത്തിയ പ്രസംഗം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് ഫിറോസിന്റെ പരിഹാസം.
പ്രതിപക്ഷം പറയുന്ന ആക്ഷേപം ശരിയാണെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ അന്ന് ഞാന്‍ എന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ? എന്ന് ജലീല്‍ സഭയില്‍ ചോദിച്ച ഭാഗമാണ് ഫിറോസ് പങ്കുവച്ചിരിക്കുന്നത്. കമോണട്രോ മഹേഷേ... എന്ന സിനിമാ ഡയലോഗും അദ്ദേഹം തന്റെ പോസ്റ്റിന് തലക്കെട്ടായി നല്‍കിയിട്ടുണ്ട്.
ജലീല്‍ പറഞ്ഞവാക്ക് പാലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേരാണ് ഫിറോസിന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. 'പറഞ്ഞ വാക്കിന് വില കല്‍പ്പിക്കുന്നവനാണെങ്കില്‍ (സ്വപ്നങ്ങളില്‍ മാത്രം) വാക്ക് പാലിക്ക്. ഇജ്ജ് വാക്ക് പാലിച്ച് ആണ്‍കുട്ടിയാണെന്ന് തെളിയിക്ക്. ഈ നിമിഷം മുതല്‍ അവസാനിപ്പിക്കണം പൊതുപ്രവര്‍ത്തനം, കഴിയുമോ ജലീലിന്' തുടങ്ങിയ കമന്റുകളാണ് ഏറെയും.
ബന്ധു നിയമനത്തിന്റെ പേരില്‍ തന്നെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന ലോകായുക്തയുടെ വിധിയെ ചോദ്യം ചെയ്ത് മുന്‍മന്ത്രി ഡോ. കെ.ടി. ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ പോലും സ്വീകരിക്കാതെയാണ് തള്ളിയത്. മന്ത്രിയായിരിക്കെ ജലീല്‍ തന്റെ ബന്ധു കെ.ടി. അദീബിനെ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതിനെതിരെ മലപ്പുറം എടപ്പാള്‍ സ്വദേശി വി.കെ. മുഹമ്മദ് ഷാഫി നല്‍കിയ പരാതിയില്‍ ഏപ്രില്‍ ഒമ്പതിനാണ് ലോകായുക്ത വിധി പറഞ്ഞത്. ഇതിനെതിരെ ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഏപ്രില്‍ 13 നു പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്.
ലോകായുക്ത നിയമപ്രകാരമുള്ള നടപടിക്രമം പാലിച്ചില്ല, മതിയായ അന്വേഷണം നടത്തിയില്ല, തനിക്കെതിരായ പരാതി നിലനില്‍ക്കില്ല തുടങ്ങിയ ജലീലിന്റെ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി, ഓരോ ആരോപണവും വിശദമായി പരിശോധിച്ച് വിധിന്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാരംഭ വാദങ്ങള്‍ക്കൊടുവില്‍ ലോകായുക്തയുടെ നിരീക്ഷണങ്ങള്‍ ശരിവച്ചാണ് ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളിയത്. ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിക്കാന്‍ പൊതുഭരണ വകുപ്പിന്റെ എതിര്‍പ്പുകള്‍ മറികടന്ന് യോഗ്യതയില്‍ ഭേദഗതി വരുത്തിയതും ബന്ധുവിനെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചതും കെ.ടി. ജലീലിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന ലോകായുക്ത വിധിയിലെ 46ാം ഖണ്ഡിക ഡിവിഷന്‍ ബെഞ്ച് ഉദ്ധരിച്ചു.
യോഗ്യത ഭേദഗതി ചെയ്തതു ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ആവശ്യപ്രകാരമല്ലെന്നും ജലീലിന്റെ ആശയമാണിതെന്നും വ്യക്തമാണ്. ജനറല്‍ മാനേജര്‍ പദവിയിലേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിക്കണമെന്ന അദീബിന്റെ അപേക്ഷ കോര്‍പ്പറേഷന്‍ ബോര്‍ഡ് യോഗത്തില്‍ വയ്ക്കാതെ എം.ഡി നേരിട്ട് സര്‍ക്കാരിന് നല്‍കുകയായിരുന്നു. ജലീലാണ് നിയമനത്തിന് ഉത്തരവിട്ടതെന്നും ഹൈക്കോടതി വിലയിരുത്തി.
മാദ്ധ്യമങ്ങള്‍ ജാഗരൂകരായിട്ടും സംസ്ഥാനത്തെ പൊതുവിഭവങ്ങളും പൊതുപദവികളും സ്വകാര്യ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നത് കൂടിവരികയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം നടപടികള്‍ അഴിമതിയാണെന്നതില്‍ തര്‍ക്കമില്ല. ഭരണകര്‍ത്താക്കളിലുള്ള നിയന്ത്രണം ദുര്‍ബലമാകുന്തോറും അഴിമതിയുടെ സാദ്ധ്യതയും കൂടുമെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha