ബന്ധുക്കള്‍ നോക്കിനില്‍ക്കെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് യുവതി ജീവനൊടുക്കി

വഴിത്തര്‍ക്കം കൊണ്ടെത്തിച്ചത് ആത്മഹത്യയില്‍. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെയും ഭര്‍തൃസഹോദരന്റെയും മുന്നില്‍ വച്ച് യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. ഊരൂട്ടമ്പലം കാരാംകോണം അനിഴം വീട്ടില്‍ അജിത്ത് കുമാറിന്റെ ഭാര്യ സന്ധ്യ(40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ സന്ധ്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നുപുലര്‍ച്ചെ രണ്ടു മണിയോടെ മരിച്ചു.
അജിത്ത് കുമാറും സഹോദരന്‍ അജയകുമാറും തമ്മില്‍ വഴിത്തര്‍ക്കം നിലവിലുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് അജയകുമാര്‍ ജെ.സി.ബി ഉപയോഗിച്ച് വഴി ഇടിച്ചു നിരത്തിയതിനെ തുടര്‍ന്ന് സന്ധ്യയുമായി വഴക്കുണ്ടായി. അജിത്ത് കുമാര്‍ ഈ സമയം സ്ഥലത്തില്ലായിരുന്നു. അച്ഛന്‍ സദാശിവനും അമ്മ നളിനിയും അജയ കുമാറിന്റെ പക്ഷം ചേര്‍ന്നു. തുടര്‍ന്ന് സന്ധ്യ വീടിനുള്ളില്‍ നിന്ന് മണ്ണെണ്ണ എടുത്തുകൊണ്ടു വന്ന് ശരീരത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സന്ധ്യ കത്തുന്നത് കണ്ട സദാശിവനും നളിനിയും അജയകുമാറും തീ കെടുത്താനും ശ്രമിച്ചില്ല. നാട്ടുകാരാണ് തീ കെടുത്തി ആശുപത്രിയില്‍ കൊണ്ടു പോയത്. മാതാപിതാക്കള്‍ക്കും സഹോദരനുമെതിരെ അജിത്ത്കുമാര്‍ മാറനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇവരെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് വിളിപ്പിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്.
ഒരു സ്വകാര്യ ചാനലിലെ ജീവനക്കാരിയാണ് സന്ധ്യ. അജിത്തും ഇവിടുത്തെ ജീവനക്കാരനാണ്. പ്‌ളസ് ടു വിദ്യാര്‍ത്ഥി അശ്വിന്‍ ഏകമകനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























