അരുവിക്കരയില്‍ പരസ്യപ്രചരണം അവസാനിച്ചു; ഇനി നിശബ്ദ പ്രചരണം

കേരളം ഉറ്റുനോക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം വൈകുന്നേരം അഞ്ചോടെ അവസാനിച്ചു. വെള്ളിയാഴ്ച നിശബ്ദ പ്രചരണത്തിനുശേഷം ശനിയാഴ്ച അരുവിക്കരയിലെ വിധിയെഴുത്തുണ്ടാകും. ജൂണ്‍ 30നു ഫലം പ്രഖ്യാപിക്കും.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ പാര്‍ട്ടികളെല്ലാം കൊട്ടിക്കലാശം ഗംഭീരമാക്കി. അരുവിക്കര, ആര്യനാട്, കുറ്റിച്ചല്‍, വിതുര, വെള്ളനാട്, പൂവച്ചല്‍ എന്നിവിടങ്ങളില്‍ ആവേശം വാനോളം ഉയര്‍ത്തിയാണ് അണികള്‍ രംഗത്തുണ്ടായിരുന്നത്. വിതുരയിലും ആര്യനാട്ടും മഴയെത്തിയെങ്കിലും കൊട്ടിക്കലാശത്തിന്റെ ആവേശം ഒട്ടും ചോര്‍ന്നില്ല.
ഇടതു മുന്നണിക്കുവേണ്ടി വി.എസും ബിജെപിക്കുവേണ്ടി സുരേഷ് ഗോപിയും ഇന്നു മണ്ഡലത്തില്‍ റോഡ് ഷോ നടത്തി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കം മന്ത്രിമാരുടെ പടതന്നെ ശബരീനാഥനുവേണ്ടി രംഗത്തുണ്ടായിരുന്നു.
മണ്ഡലത്തിനു പുറത്തുള്ളവര്‍ ഇന്നു വൈകുന്നേരത്തോടെ മടങ്ങും. കേന്ദ്രസേന തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കും. ശക്തമായ സുരക്ഷയാണു തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു മണ്ഡലത്തില്‍ ഒരുക്കിയിട്ടുള്ളത്. അരുവിക്കരയുടേയോ ആര്യനാടിന്റേയോ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ദര്‍ശിക്കാത്ത പിരിമുറുക്കമാണ് അനുഭവപ്പെടുന്നത്.
https://www.facebook.com/Malayalivartha
























