1.25 കോടി രൂപയുടെ മന്‍മോഹന്‍ സിങ് സ്‌കോളര്‍ഷിപ് മലയാളി മിടുക്കിക്ക്

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പേരിലുള്ള പ്രശസ്തമായ മന്‍മോഹന്‍ സിങ് സ്‌കോളര്‍ഷിപ് (1.25 കോടി രൂപ) മലയാളി വിദ്യാര്‍ഥിക്ക്. തൃപ്പൂണിത്തുറ സ്വദേശി ആര്യാ തമ്പിയാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹയായത്. മൂന്നു വര്‍ഷത്തേക്കു ഫിസിക്‌സില്‍ ഗവേഷണം നടത്താനാണ് അവസരം. ഒപ്‌ടോ ഇലക്ട്രോണിക്‌സുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേംബ്രിജിലെ സര്‍വകലാശാലയിലാണു ഗവേഷണം.
തൃപ്പൂണിത്തുറയ്ക്കു സമീപം പൂണിത്തുറ അനിമയില്‍ കൊച്ചി കോര്‍പറേഷന്‍ റവന്യു ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. അശോക് കുമാറിന്റെയും എച്ച്പിസിഎല്ലില്‍ ഉദ്യോഗസ്ഥയായ ഗീതയുടെയും മകളാണ് ആര്യ. കലൂര്‍ മോഡല്‍ ടെക്‌നിക്കല്‍ എച്ച്എസ്എസില്‍ നിന്നാണു സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ഐസര്‍) നിന്നു ഇന്റഗ്രേറ്റഡ് എംഎസ്‌സി പഠനം പൂര്‍ത്തിയാക്കിയ ശേഷമാണു പിഎച്ച്ഡിക്ക് അപേക്ഷിച്ചത്.
കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന സ്‌കോളര്‍ഷിപ്പാണിത്. സെന്റ് ജോണ്‍സിലെ പൂര്‍വവിദ്യാര്‍ഥിയാണ് ഡോ. മന്‍മോഹന്‍ സിങ്. ബ്രിട്ടിഷ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ളവയുടെ പിന്തുണയോടെയാണു സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























