കേട്ടില്ലേല്‍ കൊണ്ടേ പോകൂ... കേരളം ആവേശകരമായ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുമ്പോള്‍ കൊറോണ എല്ലാം തകര്‍ത്തു; പൂരപ്പറമ്പാകേണ്ട കവലകള്‍ ശ്മശാന മൂകത; ചൊവ്വാഴ്ച വരെ കൂട്ടംചേരലും പ്രകടനവും പാടില്ല; നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം; പുറത്തിറങ്ങിയാല്‍ അകത്താകുമെന്നുറപ്പ്

സന്തോഷം കൊണ്ടിനിക്കിരിക്കാന്‍ വയ്യേ എന്ന അവസ്ഥയിലാണ് കേരളം. നിരത്തുകളില്‍ ഒറ്റയൊരുത്തനെ കാണാനില്ല. തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ഇങ്ങനെയാണോ കേരളത്തിന്റെ അവസ്ഥ. ജയിക്കുന്ന പാര്‍ട്ടിക്കാര്‍ തോല്‍ക്കുന്നവന്റെ മുമ്പില്‍ ആഹ്ലാദ പ്രകടനം നടത്താനായിരുന്നു ഇത്രയും അധ്വാനിച്ചത്. മാറ്റിവച്ച അല്ലറ അടിപിടികളും പ്രതികാരങ്ങളും ഒക്കെയുണ്ടായിരുന്നു. തോറ്റവന്റെ രക്തം തിളയ്ക്കാന്‍ അത് പോരെ. എന്നാല്‍ കൊറോണ വൈറസ് എല്ലാം കൊണ്ടുപോയി. തെരഞ്ഞടുപ്പില്‍ മാസ്‌കും വലിച്ചെറിഞ്ഞ് അര്‍മാദിക്കുമ്പോള്‍ കൊറോണ വൈറസ് കേരളം കീഴടക്കുകയായിരുന്നു. അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും വീട്ടിലിരുന്ന് ആഘോഷിക്കുന്നതാണ് നല്ലത്.
വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ ജനങ്ങള്‍ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ജില്ലാ പോലീസ് മേധാവിമാര്‍ ഉള്‍പ്പെടെയുളള ഫീല്‍ഡ് ഓഫീസര്‍മാര്‍ നാളെ മുതല്‍ പോലീസ് നടപടികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കും.
പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. പ്രധാന സ്ഥലങ്ങളില്‍ പോലീസിന്റെ അര്‍ബന്‍ കമാന്‍ഡോ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കാന്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജി ക്ക് നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്റ്റ്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ നിര്‍ദ്ദേശങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ പ്രാബല്യമുണ്ടായിരിക്കും. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന ഈ നിയന്ത്രണങ്ങളെക്കുറിച്ച് സ്ഥാനാര്‍ത്ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും മറ്റും ബോധവാന്‍മാരാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന് ശേഷമുള്ള ആഹ്ലാദ പ്രകടനം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആഹ്ലാദപ്രകടനം നടത്താന്‍ വിജയിച്ചവര്‍ക്കാകെ ആഗ്രഹമുണ്ടാകും. ഇന്നത്തെ അവസ്ഥയില്‍ ആഹ്ലാദപ്രകടനകള്‍ ഉപേക്ഷിക്കുന്നതാണ് സമൂഹത്തോടുള്ള പ്രതിബദ്ധത. കോവിഡ് പ്രതിരോധത്തില്‍ സര്‍വ്വാത്മനാ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ജനങ്ങളോടുള്ള യഥാര്‍ത്ഥ നന്ദി പ്രകടനം എന്നു നാം ഓരോരുത്തരും മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കോഴിക്കോട് ജില്ലയിലെ റൂറല്‍ പൊലീസ് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങളും കോവിഡ് വ്യാപനവും തടയുന്നതിനുമായി ശനിയാഴ്ച വൈകീട്ട് ആറ് മുതല്‍ ഏഴ് ദിവസത്തേക്ക് സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു.
റൂറല്‍ പരിധിയില്‍ കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ യാതൊരുവിധ ആള്‍കൂട്ടങ്ങളോ കടകള്‍ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ അല്ലാത്തവര്‍ക്ക് കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പ്രവേശനമില്ല.
യാതൊരുവിധത്തിലുള്ള ആഹ്ലാദപ്രകടനങ്ങള്‍, ബൈക്ക് റാലി, ഡിജെ എന്നിവയൊന്നും നടത്താന്‍ പാടില്ല. കണ്ടെയ്‌മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് സോണുകളിലും, ടി.പി.ആര്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും കര്‍ശന നിയന്ത്രണമുണ്ടാവും.
പാര്‍ട്ടി ഓഫീസുകളിലും വോട്ടെണ്ണ കേന്ദ്രങ്ങളുടെ അടുത്തും ആള്‍ക്കൂട്ടം പാടില്ല. അവശ്യ സര്‍വീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ വോട്ടെണ്ണ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ തുറക്കരുത്. പടക്കം, മധുരവിതരണം എന്നിവ പാടില്ല.
"
https://www.facebook.com/Malayalivartha
























