ഈശ്വരാ കാത്തിരിക്കാന്‍ വയ്യേ... ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം മൂന്ന് മുന്നണികളെ സംബന്ധിച്ചും നിര്‍ണായകം; പ്രവചനങ്ങള്‍ ഫലിച്ചാല്‍ പിണറായി വിജയന്‍ ഇനി യഥാര്‍ത്ഥ ക്യാപ്റ്റനാകും; ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും വനവാസമായിരിക്കും യോകം; ജയിച്ചാല്‍ സുരേന്ദ്രനും നല്ലകാലം വരും; തിരിച്ചായാല്‍ പിണറായിയെന്ന വന്‍മരം ചെറുമരമാകും

ഇന്നത്തെ ജനവിധി ഓരോ മുന്നണിയെ സംബന്ധിച്ചും നേതാക്കന്‍മാരെ സംബന്ധിച്ചും ഏറെ പ്രധാനമാണ്. അതിനാലാണ് ഇപ്പോള്‍ കിട്ടിയില്ലെങ്കില്‍ ഇനിയില്ല എന്ന പ്രചാരണം നടക്കുന്നത്.
ഇന്നത്തെ ജനവിധി തുടര്‍ രാഷ്ട്രീയ ചലനങ്ങള്‍ക്കു വഴിയൊരുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജയവും തോല്‍വിയും മാത്രമല്ല, ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും പ്രത്യാഘാതങ്ങളുടെ തോതു നിര്‍ണയിക്കും. കോണ്‍ഗ്രസിനും സിപിഎമ്മിനും വിജയം അനിവാര്യമായതിനാല്‍ തോല്‍ക്കുന്നവരെ വലിയ പ്രശ്‌നങ്ങള്‍ കാത്തിരിക്കുന്നു.
തുടര്‍ഭരണം എല്‍ഡിഎഫിനും മുഖ്യമന്ത്രി പിണറായി വിജയനും അപരാജിതരുടെ പരിവേഷം സമ്മാനിക്കും. എണ്‍പതോ അതിനു മുകളിലോ സീറ്റ് ലഭിച്ചാല്‍ ഇടതു മുന്നണിക്കു തിരിഞ്ഞു നോക്കാനില്ല.
5 വര്‍ഷം സര്‍ക്കാരിനെതിരെ ശബ്ദിച്ച പ്രതിപക്ഷത്തെ ജനം നിരാകരിച്ചു എന്ന ആത്മവിശ്വാസത്തോടെ സര്‍ക്കാര്‍ രൂപീകരണ നടപടികളിലേക്കു കടക്കാം.ഭരണം ആകെ മുഖ്യമന്ത്രിയിലേക്കു കേന്ദ്രീകരിക്കുന്ന സ്ഥിതി വരും. സിപിഐക്കും തിരുത്തല്‍ ശബ്ദം ആകാന്‍ പിന്നെ സാധിക്കണമെന്നില്ല. സിപിഐയും കേരള കോണ്‍ഗ്രസും (എം) നേടുന്ന സീറ്റുകള്‍ മുന്നണിയിലെ അവരുടെ സ്ഥാനവും കരുത്തും നിര്‍ണയിക്കും.
സര്‍വേകളും എക്‌സിറ്റ് പോളുകളും പ്രവചിച്ച വിജയം യാഥാര്‍ഥ്യമായില്ല എങ്കില്‍ എന്തുകൊണ്ട് എന്ന ചിന്ത ഇടതുമുന്നണിയെ ഗ്രസിക്കും. മുഖ്യമന്ത്രിയുടെ സര്‍വാധികാര ശൈലിയാണോ കാരണം എന്ന ചോദ്യം ഉയരാം.
ടേം നിബന്ധനയുടെ പേരില്‍ വെട്ടിനിരത്തപ്പെട്ടവര്‍ ഉള്ളില്‍ വിങ്ങിയതു പുറത്തേക്കു പറഞ്ഞു തുടങ്ങിയേക്കാം. ഒരു സംസ്ഥാനത്തും ഭരണമില്ല എന്നത് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പ്രസക്തിക്കു മങ്ങലേല്‍പിക്കും.
അതേസമയം കേരളത്തിലെ വിജയം ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ഉത്തേജകമാകും. 75 സീറ്റില്‍ കൂടുതല്‍ യുഡിഎഫ് നേടിയാല്‍ മുസ്‌ലിം ലീഗ് അടക്കമുള്ള സഖ്യകക്ഷികളുടെ കൂടുതല്‍ വിശ്വാസം കോണ്‍ഗ്രസ് ആര്‍ജിക്കും. കേവല ഭൂരിപക്ഷം ആണെങ്കില്‍ സഖ്യകക്ഷികളെ കൂടുതലായി ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകും.
വീണ്ടും തോല്‍വി സമ്മാനിച്ചാല്‍ നേതൃത്വത്തിനെതിരെ കോണ്‍ഗ്രസില്‍ ശബ്ദം ഉയരും. ലീഗ് ഉള്‍പ്പെടെ പതുക്കെ അകന്നു തുടങ്ങിയാല്‍ അദ്ഭുതപ്പെടേണ്ട. തുടര്‍ച്ചയായി 10 വര്‍ഷം പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുന്നതു യുഡിഎഫിന്റെ തകര്‍ച്ചയ്ക്കു കാരണമാകാം. കേരള കോണ്‍ഗ്രസ് നേടുന്ന സീറ്റ് അവരുടെ ഭാവിക്കു നിര്‍ണായകം.
എന്‍ഡിഎയെ സംബന്ധിച്ച് നിലവിലെ ഒരു സീറ്റ് നിലനിര്‍ത്തിയാല്‍ പോരാ, പിന്നെയും മുന്നോട്ടു വരാന്‍ കഴിഞ്ഞാലേ ബിജെപി സംസ്ഥാന നേതൃത്വത്തിനു നിവര്‍ന്നു നില്‍ക്കാന്‍ കഴിയൂ. 2 മുതല്‍ 5 വരെ സീറ്റ് നേടാന്‍ കഴിഞ്ഞാല്‍ മുന്നണികളെ നോക്കി ബിജെപി ചിരിക്കും. അതിലും മുന്നോട്ടു പോയാല്‍ മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ കഴിഞ്ഞുവെന്ന് അഭിമാനിക്കാം.
ഉള്ള ഒരു സീറ്റ് കൂടി പോയാല്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കയ്യിലേന്തുന്ന വി.മുരളീധരന്‍- കെ.സുരേന്ദ്രന്‍ സഖ്യം പ്രതിസന്ധിയിലാകും. കൊടകര കുഴല്‍പണ കേസില്‍ ഉയരുന്ന ആരോപണങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കും. ബിഡിജെഎസ് അടക്കമുള്ള സഖ്യകക്ഷികള്‍ വിട്ടു പോയാല്‍ മുന്നണി തന്നെ കഷ്ടത്തിലുമാകും.
മുന്നണിബന്ധങ്ങളില്‍ പോലും വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയുന്നതാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം. ഫലങ്ങള്‍ പുറത്താകുന്നതോടെ വിഴുപ്പലക്കലുകളും അടിയൊഴുക്കുകളും ഉടന്‍ പുറത്താകും.
"
https://www.facebook.com/Malayalivartha
























