അങ്ങനെയാ കാര്യങ്ങള്‍... ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷത്തിനരികെ സിപിഎം നില്‍ക്കുമ്പോഴും മന്ത്രിമാരാകാന്‍ തയ്യാറെടുത്ത് ചെറുകക്ഷികള്‍; ഒരംഗം വീതമുള്ള കക്ഷികള്‍ക്കെല്ലാം മന്ത്രി സ്ഥാനം പ്രയാസമാണെന്ന് സി.പി.എം.; ഒറ്റ കക്ഷിയാണെങ്കിലും കെ.ബി. ഗണേശ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് സൂചന

ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷത്തിനരികെ സിപിഎം നില്‍ക്കുകയാണ്. അതിനാല്‍ തന്നെ മുന്നണിയിലെ ഘടകകക്ഷിയുടെ സമ്മര്‍ദ്ദമൊന്നും പഴയതുപോലെ ഏല്‍ക്കില്ല. സിപിഎമ്മിന് ഒറ്റയ്ക്ക് നില്‍ക്കാന്‍ ശേഷിയുണ്ടെങ്കിലും ഘടകകക്ഷികളെ പിണക്കില്ല.
ചെറിയ പാര്‍ട്ടികളെ അനുനയിപ്പിക്കുകയായിരിക്കും ചെയ്യുക. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളിലേക്ക് സി.പി.എം കടക്കാനിരിക്കെ, പ്രാതിനിദ്ധ്യം ആവശ്യപ്പെട്ട് ചെറു കക്ഷികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഒരംഗത്തെ വീതം വിജയിപ്പിക്കാനായ ഐ.എന്‍.എല്ലും മുന്നണിയുമായി സഹകരിച്ച് നില്‍ക്കുന്ന ആര്‍.എസ്.പി ലെനിനിസ്റ്റിന്റെ കോവൂര്‍ കുഞ്ഞുമോനും മന്ത്രിസ്ഥാനം ചോദിച്ച് ഇന്നലെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് കത്ത് നല്‍കി. ഒരംഗത്തെ മാത്രം ലഭിച്ച ലോക് താന്ത്രിക് ജനതാദളും സം സി.പി.എം നേതാക്കളെ കണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു. ഒരംഗം വീതമുള്ള കക്ഷികള്‍ക്കെല്ലാം മന്ത്രി സ്ഥാനം പ്രയാസമാണെന്ന് സി.പി.എം സൂചന നല്‍കി.
എല്‍.ജെ.ഡിയുടെ സഹായം മലബാറില്‍ കുറ്റിയാടി, നാദാപുരം പോലുള്ള മണ്ഡലങ്ങളിലുണ്ടായിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ എടുത്തുപറഞ്ഞു. കൂത്തുപറമ്പില്‍ നിന്ന് വിജയിച്ച കെ.പി. മോഹനന് മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലാണവര്‍.
സി.പി.എം നിലപാടറിഞ്ഞ ശേഷം തുടര്‍ചര്‍ച്ചകളിലേക്ക് കടക്കാനാണ് എന്‍.സി.പി നീക്കം. എ.കെ. ശശീന്ദ്രനും തോമസ് കെ.തോമസും വിജയിച്ച സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്നത് നേതൃയോഗം ചേര്‍ന്നാവും തീരുമാനിക്കുക.
തോമസ് കെ.തോമസ് പരസ്യമായി തനിക്കര്‍ഹതയുണ്ടെന്ന് പറഞ്ഞുകഴിഞ്ഞു. പാര്‍ട്ടി ദേശീയ ജനറല്‍സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിദ്ധ്യത്തില്‍ ചേരുന്ന യോഗത്തിലാവും തീരുമാനമെടുക്കുക.
കേരള കോണ്‍ഗ്രസ് ബിയുടെ ഭാരവാഹികള്‍, ആര്‍. ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം കൊട്ടാരക്കരയിലെ വസതിയില്‍ കൂടിയാലോചന നടത്താനാണ് തീരുമാനം. കെ.ബി. ഗണേശ് കുമാറിനായി മന്ത്രിസ്ഥാനം അവരും ചോദിച്ചേക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവും മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
ലാറ്റിന്‍ കത്തോലിക്കാ പ്രാതിനിദ്ധ്യം കണക്കിലെടുത്ത് തനിക്ക് കിട്ടണമെന്ന നിലപാടിലാണദ്ദേഹം. അഞ്ച് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസ്എം രണ്ട് മന്ത്രിസ്ഥാനം അവകാശപ്പെടുമെങ്കിലും ഒന്ന് കിട്ടാനുള്ള സാദ്ധ്യതയേ അവര്‍ കാണുന്നുള്ളൂ. നേരത്തേ ജോസഫ് ഗ്രൂപ്പിന് ആറംഗങ്ങള്‍ ഉണ്ടായപ്പോഴും ഒരു മന്ത്രിസ്ഥാനം നല്‍കിയ കീഴ്വഴക്കമാണ് ഇടതുമുന്നണിയിലേത്.
സി.പി.ഐയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമാകും ജോസ് വിഭാഗവുമായുള്ള ചര്‍ച്ചകള്‍. നിലവിലെ മന്ത്രിസഭയില്‍ സി.പി.എമ്മിന് 13ഉം സി.പി.ഐക്ക് നാലും മന്ത്രിമാരാണ്.
സി.പി.എമ്മിന് തുടക്കത്തില്‍ 12 മന്ത്രിമാരായിരുന്നെങ്കിലും ഇ.പി. ജയരാജനെ രണ്ടാമതും ഉള്‍പ്പെടുത്തിയപ്പോള്‍ 13 ആയി. ആ ഘട്ടത്തിലാണ് സി.പി.ഐക്ക് ചീഫ് വിപ്പ് പദവി അനുവദിച്ചത്. ഈ കണക്കനുസരിച്ച് സി.പി.എം മന്ത്രിമാരുടെ എണ്ണം 11 ആയി കുറച്ചാലേ നാലില്‍ നിന്ന് മൂന്നിലേക്ക് സി.പി.ഐയും വഴങ്ങൂവെന്ന് സൂചനയുണ്ട്. സി.പി.എം 12ആയി ചുരുക്കിയാല്‍ ചീഫ് വിപ്പ് സ്ഥാനം സി.പി.ഐയും വിട്ടുനല്‍കും.
അതേസമയം സിപിഎമ്മില്‍ ആര്‍ക്കൊക്കെ മന്ത്രി സ്ഥാനം നല്‍കുമെന്ന ഒരു സൂചനയും ലഭിക്കുന്നില്ല. കഴിഞ്ഞ മന്ത്രിസഭയിലെ ബഹുഭൂരിപക്ഷം മന്ത്രിമാരേയും പുറത്തിരുത്താനാണ് സാധ്യത.
"
https://www.facebook.com/Malayalivartha
























